KeralaBusiness

ഉണക്കമത്സ്യം ഓണ്‍ലൈനിലൂടെ വിലക്കുറവില്‍ വാങ്ങാം

തിരുവനന്തപുരം● ഗുണമേന്മയുള്ള മത്സ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കാനായി മാര്‍ക്കറ്റിംഗ് രംഗത്ത് സര്‍ക്കാര്‍ ഇടപെടല ശക്തമാക്കുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ഇതിന്റെ ഭാഗമായി ഡ്രിഷ് കേരള എന്ന പേരില്‍ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ഉത്പാദിപ്പിക്കുന്ന മൂല്യവര്‍ദ്ധിത ഉണക്കമത്സ്യങ്ങള്‍ ഓണ്‍ലൈനായി വാങ്ങാനുള്ള സംവിധാനം ആരംഭിച്ചു.

ഓണ്‍ലൈന്‍ വില്പനയുടെ ഉദ്ഘാടനം പി.ആര്‍. ചേമ്പറില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു.www.drishkerala.com എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെ ഓര്‍ഡര്‍ നല്‍കാം. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സംസ്‌കരിച്ച ഉണക്കമത്സ്യം കേരള വിപണിയില്‍ വ്യാപകമാകുന്നതായുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. ഒരു ജില്ലയില്‍ പത്ത് വിപണികളിലെങ്കിലും ഉത്പന്നങ്ങള്‍ എത്തിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. അമ്പാടിയും പങ്കെടുത്തു.

മത്സ്യത്തൊഴിലാളികളില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന മത്സ്യം ഒട്ടും മൂല്യശോഷണം സംഭവിക്കാതെ ഏറ്റവും ശുചിയായി തയ്യാറാക്കി വിപണനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രിഷ് കേരള ബ്രാന്‍ഡില്‍ ഗുണമേന്മയുള്ള ഉണക്ക മത്സ്യം തയ്യാറാക്കുന്നത്. നിര്‍ദ്ദിഷ്ട അളവിലുള്ള ഉപ്പും ഏറ്റവും കുറച്ചു ജലാംശവും നിലനിര്‍ത്തി ഗുണനിലവാരം ഉറപ്പുവരുത്തി സോളാര്‍ ഡ്രൈയര്‍ ഉപയോഗിച്ച് ഉണക്കിയെടുക്കുന്ന മത്സ്യം നിറവും ഗുണവും നഷ്ടപ്പെടാതെ ആധുനിക രീതിയില്‍ നൈട്രജന്‍ പായ്ക്ക് ചെയ്താണ് വിപണയിലെത്തിക്കുന്നത്.

ഉണക്കമത്സ്യം ദീര്‍ഘകാലം കേടുകൂടാതെയിരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള മോഡിഫൈഡ് അറ്റ്‌മോസ്ഫിയര്‍ പാക്കിംഗിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗിന്റെ ഇന്ത്യാസ്റ്റാര്‍ ദേശീയ പുരസ്‌കാരവും ഏഷ്യാ സ്റ്റാര്‍ പുരസ്‌കാരവും ഡ്രിഷ് കേരള കരസ്ഥമാക്കിയിട്ടുണ്ട്.

മൂന്ന്തരം മത്സ്യങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ലഭിക്കുന്നത്. നീണ്ടകര കരിക്കാടി – അന്‍പത് ഗ്രാമിന് നൂറ് രൂപയ്ക്കും അഷ്ടമുടി തെള്ളി അന്‍പത് ഗ്രാമിന് എണ്‍പത് രൂപയ്ക്കും മലബാര്‍ നത്തോലി നൂറ് ഗ്രാമിന് നൂറ്റിഇരുപത് രൂപയ്ക്കുമാണ് ലഭിക്കുക.

ഓണ്‍ലൈന്‍ ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് എം.ആര്‍.പിയില്‍ നിന്നും 20 ശതമാനം ഡിസ്‌കൗണ്ടിലാണ് ഫ്രീ ഹോം ഡെലിവറി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9846310773.

shortlink

Related Articles

Post Your Comments

Related Articles


Back to top button