KeralaNews

മുഖ്യമന്ത്രിയുടെ വാക്കുകള്‍ കൊടുംകാപട്യമെന്ന് കെ.കെ.രമ

കോഴിക്കോട്:മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്ശനമുന്നയിച്ച് ആര്‍.എം.പി. നേതാവ് കെ.കെ. രമ.അക്രമരാഷ്ട്രീയത്തിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനക്കെതിരെയാണ് കെ.കെ.രമ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ വാക്കുകളുടെ കൊടും കാപട്യത്തെ തീർച്ചയായും അവഗണിക്കാൻ കഴിയുന്നില്ലെന്നും ‘കുലംകുത്തിയെന്നും കുലംകുത്തി തന്നെ’യെന്ന് ക്രൂരമായി പ്രതിവചിച്ച താങ്കളുടെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നൊരാൾക്ക് ഹൃദയമില്ലാത്ത പുതിയ പ്രസ്താവങ്ങൾക്ക് മുന്നിൽ മൗനിയാകാൻ പറ്റില്ലെന്നും കെ.കെ.രമ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

തെരുവിൽ വെട്ടിനുറുക്കി ഒടുക്കിയ നിരപരാധികളായ മനുഷ്യർക്ക് മേൽ അന്തഃസാരശൂന്യമായ ഈ വാക്കുകൾ ചൊരിയുന്നത് നിന്ദയല്ലാതെ മറ്റെന്താണ്?! ആത്മാവില്ലാതെ വിലകെട്ടുപോയ വാക്കുകൾക്ക് മുന്നിൽ തെരുവിലെ ചോര തീർച്ചയായും ചോദ്യങ്ങളായി നിവർന്നു നിൽക്കുക തന്നെ ചെയ്യുമെന്നും ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
ഫേസ് ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ :

”ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ പറ്റും, തിരുത്താന്‍ പറ്റില്ല; അഭിപ്രായ വ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകം ന്യായീകരിക്കാനാകില്ല; എതിര്‍ക്കുന്നവര്‍ സത്യം മനസിലാക്കി നാളെ നമ്മോടൊപ്പം വരേണ്ട സഹോദരങ്ങളാണ് എന്ന ചിന്ത മനസിലുണ്ടാകണം, മനുഷ്യത്വമെന്ന മഹാഗുണത്തിന്റെ മഹത്വം മനസ്സില്‍ നിന്നു ചോര്‍ന്നുപോകാന്‍ ഒരു സാഹചര്യത്തിലും അനുവദിക്കില്ല എന്നു നിശ്ചയിക്കണം.”

മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻറെ ഇന്നലത്തെ വാക്കുകളാണിത്.
തരിമ്പും ആത്മനിന്ദ തോന്നാതെ ശ്രീ.പിണറായി വിജയന് എങ്ങിനെയാണ് ഇങ്ങിനെ സംസാരിക്കാൻ കഴിയുന്നതെന്നത് തീർച്ചയായും എന്നെ അത്ഭുതപ്പെടുത്തുന്നു. താങ്കളുടെ രാഷ്ട്രീയ നേതൃത്വത്തിന് മനുഷ്യത്വമെന്ന മഹാഗുണം കൈമോശം വന്നപ്പോൾ ജീവിതസഖാവിനെ തന്നെ നഷ്ടമായൊരാൾക്ക്, ജീവിതത്തിൻറെ ആഹ്ലാദങ്ങൾ മുഴുവനും ബലികൊടുക്കേണ്ടി വന്നൊരാൾക്ക്, താങ്കളുടെ ഇപ്പോഴത്തെ വാക്കുകളുടെ കൊടും കാപട്യത്തെ തീർച്ചയായും അവഗണിക്കാൻ കഴിയുന്നില്ല.

താങ്കൾ മേൽചൊന്ന സൗമനസ്യങ്ങളൊക്കെയും നിഷേധിച്ച് ടിപി ചന്ദ്രശേഖരനെന്ന നിങ്ങളുടെയൊക്കെ പഴയൊരു സഖാവിന് അതിക്രൂരം വധശിക്ഷ വിധിക്കാൻ മാത്രം താങ്കളുടെ പാർട്ടി നേതൃത്വത്തെ പ്രേരിപ്പിച്ച കാരണമെന്തെന്ന് ആ പ്രസ്താവനയിൽ വിശദീകരിച്ചു കണ്ടില്ല. ‘ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാം, തിരുത്താൻ കഴിയില്ലെ’ന്ന് താങ്കൾ ഇപ്പോൾ പറഞ്ഞ വാചകങ്ങൾ കുറച്ചുകൂടി കൃത്യമായി, ‘കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ലെ’ന്ന് നാലരവർഷം മുമ്പ് എൻറെ പ്രിയ സഖാവിൻറെ വെട്ടേറ്റ്പിളർന്ന് ജീവനറ്റ ശരീരത്തിന് മുന്നിൽ ഹൃദയം പൊട്ടി പറഞ്ഞിട്ടുണ്ട് ഞാൻ. അന്ന് ‘കുലംകുത്തിയെന്നും കുലംകുത്തി തന്നെ’യെന്ന് ക്രൂരമായി പ്രതിവചിച്ച താങ്കളുടെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നൊരാൾക്ക് ഹൃദയമില്ലാത്ത പുതിയ പ്രസ്താവങ്ങൾക്ക് മുന്നിൽ മൗനിയാകാനാവുന്നില്ല.

ചന്ദ്രശേഖരനെ വെട്ടിപ്പിളർന്ന കൊടുംകുറ്റവാളികളെ സുഖവാസത്തിന് കണ്ണൂർ ജയിലിലേക്ക് തിരികെയെത്തിക്കാൻ താങ്കളുടെ വകുപ്പിൽ തന്നെ കാര്യങ്ങൾ ധൃതിയിൽ നടന്നുകൊണ്ടിരിക്കുന്നുവെന്ന വാർത്ത പ്രക്ഷേപണം ചെയ്യപ്പെട്ട നാൾ തന്നെ താങ്കളുടെ കൊലപാതക രാഷ്ട്രീയ വിരുദ്ധ പ്രസ്താവനയും പുറത്തുവന്നത് ഒരു പക്ഷെ യാദൃശ്ചികമാവാം. ഇരുവാർത്തകൾക്കും ഇടയിലിരിക്കുന്ന സാധാരണ മനുഷ്യർക്ക് ഭരണനേതൃത്വത്തിലിരിക്കുന്നവരുടെ വാക്കുകൾ ഇത്രമേൽ ഹൃദയരഹിതമെന്ന് ഭീതിയോടെ തന്നെ തിരിച്ചറിയേണ്ടി വരുന്നു..
തെരുവിൽ വെട്ടിനുറുക്കി ഒടുക്കിയ നിരപരാധികളായ മനുഷ്യർക്ക് മേൽ അന്തഃസാരശൂന്യമായ ഈ വാക്കുകൾ ചൊരിയുന്നത് നിന്ദയല്ലാതെ മറ്റെന്താണ്?! ആത്മാവില്ലാതെ വിലകെട്ടുപോയ വാക്കുകൾക്ക് മുന്നിൽ തെരുവിലെ ചോര തീർച്ചയായും ചോദ്യങ്ങളായി നിവർന്നു നിൽക്കുക തന്നെ ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button