Prathikarana VedhiUncategorized

ഭയം ഭ്രാന്തു പിടിപ്പിയ്ക്കുമ്പോൾ

ജ്യോതിര്‍മയി ശങ്കരന്‍
പത്രത്താളുകൾ പറയുന്ന കഥകളധികവും വേദനാജനകങ്ങൾ മാത്രമായിക്കൊണ്ടിരിയ്ക്കുന്നതിനാലാകാം, ഈയിടെയായി രാവിലെ പത്രം കയ്യിലെടുക്കുന്നതിനു വൈമുഖ്യം കൂടുന്നതുപോലെ, ആദ്യ ചായക്കൊപ്പം പത്രം എന്നും പതിവായിരുന്നിട്ടു കൂടി.

“ ലജ്ജിക്കുക,കേരളമേ……” എന്ന തലക്കെട്ടിൽ മാതൃഭൂമി പത്രം ഇന്ന് റിപ്പോർട്ട് ചെയ്തതോ ഒന്നു രണ്ടുമല്ല, നമ്പറിട്ട് അഞ്ചു പീഡനകഥകൾ. അവയിലെ ഒന്നാമത്തെ കേസ് കുറച്ചധികം നൊമ്പരം തന്നതിനു കാരണം അത്നടന്ന സ്ഥലവും പരാതിക്കാരിയുടെ സ്ഥലവും അറിയാവുന്ന സ്ഥലങ്ങളായതുകൊണ്ടുകൂടിയാവാം. ഫേസ്ബുക്കും, ടിവിയും പത്രങ്ങളും ആവർത്തിച്ചുകൊണ്ട് പ്രാധാന്യം കൂട്ടിയും കുറച്ചും വാർത്തയെ ജീവനുള്ളതാക്കി നിലനിർത്താൻ നോക്കുമ്പോൾ തേങ്ങുന്ന ഹൃദയങ്ങളെ ആശ്വസിപ്പിയ്ക്കാൻ ആരുണ്ടിവിടെ?

സംഭവം നടന്നത് രണ്ടുവർഷങ്ങൾക്കു മുൻപായിട്ടും ഇപ്പോൾ മാത്രമേ പരാതി നൽകാനായുള്ളൂ എന്ന സത്യം പരാതിക്കാരിയുടെ ഭയത്തിന്റെ ആധിക്യത്തെക്കാണിയ്ക്കുമ്പോൾ നമുക്കുള്ളിലും ഭയം ഉറഞ്ഞു പൊട്ടുകയാണ്. എന്തു കൊണ്ടവൾക്കിതുവരെ നീതി നിഷേധിയ്ക്കപ്പെട്ടു? ആർക്കാണിവിടെ സുരക്ഷിതമാണെന്ന വിശ്വാസത്തോടെ ജീവിയ്ക്കാനാവുക? നമുക്കു ചുറ്റും എന്തൊക്കെയാണു സംഭവിയ്ക്കുന്നത്:? എന്തുകൊണ്ട് നമ്മുടെ സമൂഹം ഇത്തരത്തില്‍ മാറ്റങ്ങൾക്കടിമപ്പെടുന്നു? ഉത്തരങ്ങൾക്ക് പുറകെ പോയാൽ കാണാനാവുന്ന കാഴ്ച്ചകൾ ആരിലും അത്ഭുതമുണർത്തുന്നില്ല. കാരണം ഒന്നാമതായി കയ്യിൽ പണവും അധികാരവുമുണ്ടെങ്കിൽ എന്തുമാവാം എന്ന ധാരണ..രണ്ടാമതായി ,പറയുന്ന ആരോപണത്തിനനുസരിച്ച് പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ പ്രതികരണം കേരള പോലീസിനൊരിയ്ക്കലും മറക്കാനാകാത്തൊരു നാണക്കേട് തന്നെയാകാം. ഭാഗ്യലക്ഷ്മിയെ ആ സ്ത്രീ സമീപിച്ചത് ഒരു അവസാനശ്രമമെന്ന നിലയിലാണെന്നു മനസ്സിലാക്കാനാകുന്നു. അവരോട് പരാതിക്കാരി പറഞ്ഞ സംഭവങ്ങൾ ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് പേജിൽ എഴുതിയതു വായിച്ചപ്പോൾ തോന്നിയ നിസ്സഹായതയെക്കുറിച്ച് പറയാൻ വാക്കുകളില്ല. വളരെ വിശദമായും വ്യക്തമായുമുള്ള ആ പോസ്റ്റിൽ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങൾ അസത്യമാണെന്നും തോന്നിയില്ല. കഴിഞ്ഞ രണ്ടു വർഷമായി തീ തിന്നുന്ന ഈ കുടുംബത്തിനു നേർക്കു കൊഞ്ഞനം കുത്തി സമൂഹമാന്യന്മാരായി അക്രമികൾ ഇന്നും വിലസുന്നതോർക്കുമ്പോൾ സ്ത്രീ ജന്മത്തെ പഴിയ്ക്കാനല്ല, മറിച്ച് അവൾ പ്രതികാരദുർഗ്ഗയാകാത്തതെന്തേ എന്നു ചിന്തിയ്ക്കാനേ കഴിയുന്നുള്ളൂ. എന്നും തോന്നുന്ന ഒരു സത്യം ഇന്നും കാണാനായി.,. സ്ത്രീയ്ക്കു ധൈര്യം പകരാൻ സ്ത്രീയ്ക്ക് തന്നെയെ കഴിയൂ. ഒരു ഭാഗ്യലക്ഷ്മിയോ ഒരു പാർവ്വതിയോ കൂട്ടിനെത്തുമ്പോൾ ഒരു സ്ത്രീ ധൈര്യവതിയാകുന്നു. എവിടെ നിന്നൊക്കെയോ ധൈര്യം സംഭരിക്കുന്നു.

ഒരു പാട് ഒച്ചപ്പാടും ബഹളവും പത്ര സമ്മേളനങ്ങളും പാർട്ടിയിൽ നിന്നും ജയന്തനെ പുറത്താക്കാൻ കാരണമായി. ഇനിയോ? ഫേസ്ബുക്ക് താളുകളിൽ സ്വന്തം നിലയെ സാധൂകരിച്ച് ഇനിയെങ്കിലും ഭാഗ്യലക്ഷ്മിയും പാർവതിയും വന്ന് കാര്യങ്ങളുടെ നിജസ്ഥിതി നേരിൽ കാണണമെന്നഭ്യർത്ഥിച്ചിട്ടുള്ള ജയന്തന്റെ പോസ്റ്റും കണ്ടു. ഒരു സത്യവുമില്ലാതെ ഒരു സ്ത്രീ ഇത്രയും ബുദ്ധിമുട്ടി ഇങ്ങനെയൊരു പരാതി നൽകുമോ? കള്ളക്കേസു കൊടുക്കുമെന്ന ഭീഷണി ജയന്തന്റേതായിരുന്നല്ലോ. അറിയാവുന്നവർക്കിടയിൽ സംഭവിച്ചിരിയ്ക്കുന്ന കേസിന്റെ രൂക്ഷത ഒരു സ്ത്രീയുടെ ഭീതിയുടെ കണ്ണുകളിലൂടെ നോക്കിയാലേ മനസ്സിലാക്കാനാകൂ. കേസു മുന്നോട്ടു ശരിയായി നയിക്കാനാകണമെങ്കിൽ പലയിടത്തു നിന്നുമുള്ള സമ്മർദ്ദങ്ങൾ തീരെ ഇല്ലാതാകണം.പാർട്ടിയേയും വ്യക്തിയേയും വേറിട്ടു തന്നെ കാണാനാകണം. കേടു വന്ന ഭാഗം മുറിച്ചുകളയാൻ പാർട്ടി സന്നദ്ധമാകുക തന്നെ വേണം. ഇതു മാത്രം മതിയോ? പോരാ, പണത്തിന്റെ കളികളും നിഷേധിയ്ക്കപ്പെടണം.നിഷാം കേസ് നമുക്കിന്നും ഓർമ്മയിലുണ്ട്. തേഞ്ഞു മാഞ്ഞു പോകുന്ന കേസുകളെ കണ്ടു മരവിച്ചിരിയ്ക്കാനേ നമുക്കാകുന്നുള്ളൂ. നീതിവ്യവസ്ഥയിൽ നമുക്കുള്ള വിശ്വാസവും കുറഞ്ഞു വരുന്നു. കാരണം വൈകിക്കിട്ടുന്ന നീതി ഇത്രയും വേഗതയാർന്ന ജീവിതം നയിക്കുന്ന നമുക്ക് ഫലം തരില്ല. കേസെങ്ങിനെ മുന്നേറും?

പ്രശ്നങ്ങളിൽ കൂടുതൽ സങ്കീർണ്ണതയുണ്ടാക്കി രക്ഷനേടാൻ പഴുതുകൾ നേടാൻ നോക്കുന്ന അസന്മാർഗ്ഗികളും അവർക്കു മാത്രമായി വാദിയ്ക്കുന്ന വക്കീലുകളും നമുക്കത്ഭുതമല്ലാതായി മാറുന്ന ഇക്കാലത്ത് ഈ കേസിന്റെ വിധിയെക്കുറിച്ചും അധികം മോഹിയ്ക്കുന്നതിൽ അർത്ഥമില്ലെന്നു തോന്നുന്നു. പക്ഷേ മോഹിയ്ക്കുക മാത്രമല്ല, സത്യത്തെ പുറത്തുകൊണ്ടുവരാനും കുറ്റം ചെയ്തവരെ ശിക്ഷിയ്ക്കാനും ഇനിയെങ്കിലും ഇത്തരം കൃത്യങ്ങൾ ചെയ്യുന്നവർ അൽ‌പ്പമെങ്കിലും ഭയക്കുംവിധം ശിക്ഷ നൽകാനുമുതകും വിധമായൊരു വിധി നമുക്കു ലഭിയ്ക്കണമെങ്കിൽ ഇവിടെ ഇനിയുമൊരു പാർട്ടിയുടെ ഒറ്റക്കെട്ടായ ശബ്ദം ഉയർന്നേ തീരൂ- സ്ത്രീ എന്ന പാർട്ടിയുടെ. “ടീ പാർട്ടികൾ “നടത്തി വാഴുന്നവരും ഭയം എന്തെന്നറിയട്ടെ! “പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല” എന്ന മൊഴിയെ എന്നും സ്ത്രീയ്ക്കു നേരെ വിപരീതാർത്ഥത്തിലേ പ്രയോഗിയ്ക്കാറുള്ളൂ എന്നറിയാമല്ലോ. . ഇനി അതിനെ സുരക്ഷയുടെ വഴിയിലെ പ്രതിരോധനിരയായും നമുക്കു പ്രയോഗിയ്ക്കാനാകുമെങ്കിൽ സമൂഹത്തിനു ഗുണം ചെയ്യും.അത്രമാത്രം ദുരിതമയമായി മാറിയിരിയ്ക്കുന്നു മലയാളക്കരയിലെ സ്ത്രീ ജീവിതങ്ങൾ. ഭയം അവളെ ഭ്രാന്തു പിടിപ്പിയ്ക്കുംവിധം നാലു ഭാഗത്തു നിന്നും തുറിച്ചു നോക്കുന്നു.

നമുക്കു നോക്കാം..സത്യം എന്തെന്നും അതെങ്ങിനെ പുറത്തു വരുന്നുവെന്നും. നമ്മുടെ നീതിന്യായവ്യവസ്ഥയിൽ നമുക്കു വിശ്വാസം പുനർസൃഷ്ടിയ്ക്കും വിധമൊരു വിധിയ്ക്കായും മോഹിയ്ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button