Kerala

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് : സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍

കണ്ണൂര്‍ : വളപട്ടണം സര്‍വീസ് സഹകരണ ബാങ്കില്‍ പത്തു കോടിയില്‍പരം രൂപയുടെ തിരിമറി നടത്തിയ കേസില്‍ പതിനാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ ബാങ്ക് മാനേജര്‍ ജസീല്‍ ഒളിവിലാണ്. യുഡിഎഫിന്റെ നിയന്ത്രണത്തിലുള്ള വളപട്ടണം സര്‍വീസ് സഹകരണ ബാങ്കില്‍ 2008-2013 കാലത്താണ് 10 കോടി അറുപത് ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നത്.

ബാങ്കിലെ മുന്‍ പ്രസിഡന്റ് ടി സൈഫുദീന്‍, സെക്രട്ടറി എംപി ഹംസ, മുന്‍ ഭരണസമിതി അംഗങ്ങളായ ഹാജി ഷുക്കൂര്‍, എപി സിദ്ദിഖ്, കെഎന്‍ താജുദ്ദീന്‍, വികെ കൃഷ്ണന്‍, പി ഇസ്മായില്‍ എന്നിവരും ഏഴ് ജീവനക്കാരുമാണ് അറസ്റ്റിലായത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ ബാങ്ക് മാനേജര്‍ ജസീല്‍ ഒളിവിലാണ്. ഇയാളുടെ പിതാവിനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജസീലിനുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

കൈപ്പാട് ഭൂമിയുടെ മൂല്യം കൂട്ടിക്കാണിച്ച് ആറ് കോടി രൂപ ബന്ധുക്കളുടെ പേരില്‍ ലോണ്‍ അനുവദിച്ചുവെന്നും നിക്ഷേപമായി ലഭിച്ച 1,60,000 രൂപ മറിച്ചതായും സഹകരണവകുപ്പ് നടത്തിയ ഓഡിറ്റിങ്ങില്‍ കണ്ടെത്തി. തട്ടിപ്പുകള്‍ക്കായി വ്യാജ ചെക്കുകളും ഉപയോഗിച്ചിട്ടുണ്ട്. ബാങ്ക് സെക്രട്ടറിയോട് സഹകരണവകുപ്പ് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. തുടര്‍ന്ന് വളപട്ടണം സിഐ ഭരണസമതിക്കെതിരേ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരിലാണ് തിരിമറികള്‍ നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button