ജയലളിത അന്തരിച്ചു

തമിഴ്നാട് മുഖ്യമന്ത്രി ജെ . ജയലളിത അന്തരിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും എ .ഐ .എ .ഡി.എം. കെ അധ്യക്ഷയുമായി ജെ.ജയലളിത (68) അന്തരിച്ചു. തിങ്കളാഴ്ച്ച രാത്രി 11.30-ഓടെയാണ് ജയലളിത ഹൃദയ സ്‌തംഭനം മൂലം മരണത്തിന് കീഴടങ്ങിയത് . അപ്പോളോ ആസ്പത്രി അധികൃതർ രാത്രി 12.10 ന് പുറത്തു വിട്ട വാർത്താക്കുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത് .

ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ സെപ്റ്റമ്പർ 22 ന് പ്രവേശിക്കപ്പെട്ട ജയലളിത രണ്ടരമാസത്തെ ആശുപത്രി വാസത്തിനു ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു .ജയലളിതയുടെ മരണവാര്‍ത്ത പുറത്തു വിട്ടേക്കാവുന്ന പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കണ്ട് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ചെന്നൈയില്‍ ഒരുക്കിയിരുന്നത്

1948 ഫെബ്രുവരി 24 നാണ് അഭിഭാഷകനായ ജയറാമിനും വേദവല്ലിയുടെയും മകളായി കോമളവല്ലി എന്ന യഥാര്‍ഥ പേരുള്ള ജയലളിത ജനിക്കുന്നത്. ഏറെ സമ്പന്നമല്ലെങ്കിലും ശ്രേഷ്ടമായ കുടുംബത്തിലാണ് അമ്മു എന്ന് വിളിപ്പേരില്‍ ജയലളിത ജീവിച്ചത്. എന്നാല്‍ ജയലളിതയ്ക്ക് രണ്ട് വയസ്സായപ്പോഴേയ്ക്കും പിതാവ് മരണമടഞ്ഞു. അമ്മയായ ആദ്യം ബംഗലൂരിലേയ്ക്കും പിന്നീട് ചെന്നെയിലേയ്ക്കും ഇവര്‍ താമസം മാറുകയുമായിരുന്നു.

സിനിമയില്‍ അവസരം തേടിയെത്തിയ ഇവര്‍ ശ്രദ്ധിക്കപ്പെട്ടത് വളരെ പെട്ടന്നായിരുന്നു. എപ്പിസില്‍ എന്ന ഇന്ത്യന്‍ നിര്‍മിത ഇംഗ്ലീഷ് സിനിമയിലാണ് ജയലളിത ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി കന്നഡ, തമി‍ഴ് ചിത്രങ്ങളില്‍ ജയലളിത അഭിനയിച്ചു. 1965ല്‍ പുറത്തിറങ്ങിയ വെണ്ണീറ ആടൈ ആയിരുന്നു ആദ്യ തമി‍ഴ്‍ചിത്രം. അരപ്പാവാട ധരിച്ച് തമി‍ഴ് സിനിമയില്‍ അഭിനയിച്ച ആദ്യ നായികയായിരുന്നു ജയലളിത. ശിവാജി ഗണേശന്‍, രവിചന്ദ്രന്‍, ജയ്ശങ്കര്‍ തുടങ്ങിയവരുടെ നായികയായി തമി‍ഴില്‍ സജീവമായി. അറുപതുകളിലും എ‍ഴുപതുകളിലും എംജിആറിന്റെ നായികയായി

എംജി രാമചന്ദ്രനോടൊപ്പം അഭിനയിക്കാന്‍ തുടങ്ങിയതാണ് ജയലളിതയുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയത്. എംജിആറുമായി സൌഹൃദം സ്ഥാപിച്ചതിലൂടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എഐഎഡിഎംകെയില്‍ 1980-ല്‍ അംഗമായി. പിന്നീടുള്ള ജയലളിത എന്ന സിനിമാ താരം പുരട്ചി തലൈവി എന്ന വിശേഷണത്തിലേക്ക് വളര്‍ന്നതിനു പിന്നില്‍ സിനിമാ കഥയെ വെല്ലുന്ന യാഥാര്‍ഥ്യങ്ങളാണ് ഉള്ളത്.

പാര്‍ട്ടിക്കുള്ളില്‍ നെറ്റിചുളിച്ചു നിന്ന പല മുതിര്‍ന്നവരെപ്പോലും അമ്പരിപ്പിച്ചുകൊണ്ട് പാര്‍ട്ടിയുടെ പ്രചാരണവിഭാഗം ചുമതല ജയലളിത നേടിയെടുത്തു‌. 1983ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ നിന്ന ജയിച്ച് എംഎല്‍എയായി. 84ല്‍ രാജ്യസഭാംഗമായി. പാര്‍ട്ടിയില്‍ രണ്ടാമത്തെയാളായി വളര്‍ന്ന ജയളിതയുടെ രാഷ്ട്രീയ ഗ്രാഫ് കുത്തനെ കുതിച്ചുയരുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ സാധിച്ചത്.

എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലായിരുന്നു. ജയളിതയ്ക്കെതിരേ പാര്‍ട്ടിയില്‍ പാളയത്തില്‍ പട തുടങ്ങിയിരുന്നു. 1987ല്‍ എംജിആര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിധവ ജാനകി രാമചന്ദ്രനെ മുഖ്യമന്ത്രിയാക്കാന്‍ എതിര്‍വിഭാഗത്തിന് ക‍ഴിഞ്ഞു. ജയലളിതയെ എംജിആറിന്റെ ശവഘോഷയാത്രയില്‍ നിന്ന് തളളിപ്പുറത്താക്കാന്‍ പോലും ശ്രമം നടന്നു. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവുകയായിരുന്നു ഫലം. 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ പിളര്‍പ്പ് മുതലെടുത്ത് ഡിഎംകെ അധികാരത്തിലെത്തുകയും ചെയ്തു.

ഡിഎംകെയുടെ ഭരണകാലത്തിനിടെ പാര്‍ട്ടിയെ തന്റെ മേധാശക്തിയ്ക്ക് കീഴിലാക്കാന്‍ ജയയ്ക്ക് കഴിഞ്ഞു. ജാനകി രാമചന്ദ്രന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയതോടെ ജയ തന്റെ നിലയുറപ്പിക്കുകയായിരുന്നു. 1991ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി.

പിന്നീടിങ്ങോട്ട് ഒരു സിനിമാക്കഥ പോലെ കയറ്റിറക്കങ്ങൾ നിറഞ്ഞതായിരുന്നു ജയലളിതയുടെ രാഷ്ട്രീയ ചരിത്രം . അഴിമതി ആരോപണങ്ങൾ പിടിച്ചുലച്ചെങ്കിലും , തമിഴ് ജനതയുടെ ഉള്ളറിയുന്ന ഒരു നേതാവ് , ‘അമ്മ , അതായിരുന്നു അവർ . തമിഴ് ജനതയ്ക്ക് ജയലളിതയുടെ മരണം എന്ന യാഥാർഥ്യത്തെ  ശാന്തമായി ഏറ്റെടുക്കാനാവാത്തത് , താഴെത്തട്ടുവരെയുള്ള ഓരോ തമിഴൻെറയും ജീവിതത്തെ സ്വാധീനിക്കാനായ അവരുടെ നേതൃപാടവമായിരിക്കാം .