ജയലളിതയുടെ നിഴലായിരുന്ന ആ മലയാളിയാരാണ് ?

254

തമിഴകത്തിന്റെ മുഖ്യമന്ത്രി, തമിഴരുടെ ‘അമ്മ’ രോഗബാധിതയായി ആശുപത്രിയില്‍ കഴിഞ്ഞപ്പോഴും തമിഴ്നാടിന്റെ ഭരണ ചക്രം തിരിഞ്ഞത് സുഗമമായി തന്നെയായിരുന്നു . തമിഴ് ജനതയുടെ വൈകാരിക പ്രശ്നമായ കാവേരിനദീജല തര്‍ക്കം കത്തിക്കയറിയപ്പോഴും തമിഴ്നാട് സംയമനത്തോടെ അതിനെ നേരിട്ടു. ഭരണ പ്രതിസന്ധിയുണ്ടെന്ന ആരോപണം പ്രതിപക്ഷം പോലും ഉന്നയിച്ചിരുന്നില്ല .
അപ്പോളോ ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞപ്പോഴും ജയലളിത ഇതൊന്നും പക്ഷേ അറിഞ്ഞിരുന്നില്ല . അറിയുന്നത് ഒരാള്‍ മാത്രം. മലയാളിയായ ഷീലാ ബാലകൃഷ്ണന്‍ എന്ന റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥ. നാലരപ്പതിറ്റാണ്ട് മുൻപ് തിരുവനന്തപുരത്തു നിന്ന് തമിഴ്നാട്ടിലേക്ക് പറിച്ചു നടപ്പെട്ട ഷീലയുടെ കൈകളില്‍ തമിഴ്നാടിന്റെ ഭരണം സുരക്ഷിതമായിരുന്നു .മുതിര്‍ന്ന മന്ത്രിമാരും ഐഎഎസ്സുകാരും ഐപിഎസ്സുകാരും ഉദ്യോഗസ്ഥരുമെല്ലാം അവരുടെ കല്പനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി കാത്തിരിക്കുന്നു. അതനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നു. അവര്‍ക്കെല്ലാം അറിയാം ഷീലയിലൂടെ വരുന്നത് ‘അമ്മ’യുടെ വാക്കുകളാണെന്ന്. ഷീലയ്ക്കറിയാവുന്നത് ഒന്നുമാത്രം, അമ്മ ജയലളിതയുടെ മനസ്! മുഴുവന്‍ വകുപ്പുകളിലും ഷീലയുടെ നോട്ടവും നിയന്ത്രണവുമുണ്ടായിരുന്നു . അതിലാര്‍ക്കും പരാതികളില്ല. കാരണം, എല്ലാവര്‍ക്കും അറിയാം ഷീലയെന്നാല്‍ ജയലളിതയാണ്. ‘അമ്മ’യുടെ മനസ്സാണ് ഷീലയിലൂടെ വരുന്നത്.

1954ല്‍ തിരുവനന്തപുരത്തു ജനിച്ച ഷീല 1976ലെ തമിഴ്നാട് കേഡര്‍ ഐഎഎസ് ബാച്ചില്‍പ്പെട്ടതാണ്. 22-ാം ആദ്യശ്രമത്തില്‍ തന്നെ വയസില്‍ ഐഎഎസ് കിട്ടി. തഞ്ചാവൂരില്‍ അസിസ്റ്റന്റ് കളക്ടറായാണ് ഷീലയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എം. ജി. രാമചന്ദ്രന്‍ മുഖ്യമന്ത്രിയായിരിക്കെ 1983ല്‍ സാമൂഹ്യക്ഷേമ ഡയറക്ടറായി നിയമിക്കപ്പെട്ടു. ആ സ്ഥാനത്ത് അവര്‍ തന്റെ കഴിവ് തെളിയിച്ചു. നിരവധി വ്യത്യസ്തമായ പദ്ധതികളിലൂടെ സാമൂഹ്യക്ഷേമ രംഗം ഉടച്ചു വാര്‍ക്കപ്പെട്ടു. തമിഴ്നാട്ടില്‍ ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചു. 1996മുതല്‍ ഫിഷറീസ് കമ്മീഷണറായി. പിന്നീട് സാമൂഹ്യക്ഷേമ വകുപ്പിന്റെയും പോഷകാഹാര വിതരണ പദ്ധതിയുടെയും സെക്രട്ടറിയായി. 2001ല്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയായി.
ജയലളിത അഴിമതി കേസുകളില്‍ നിന്നും മുക്തയായി 2002ല്‍ മുഖ്യമന്ത്രിയായി മടങ്ങിയെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് ഷീലയെയാണ്. 2006ല്‍ ഡിഎംകെ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിയാക്കി ഷീലയെ ഒതുക്കുകയും ചെയ്തു.
2012ല്‍ ചീഫ് സെക്രട്ടറി സ്ഥാനം ഒഴിവുവന്നപ്പോള്‍ സര്‍വീസിലെ മുതിര്‍ന്ന ഐഎഎസുകാരനായ ഷീലയുടെ ഭര്‍ത്താവ് ആര്‍. ബാലകൃഷ്ണന്‍ നിയമിക്കപ്പെടുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ജയലളിത തെരഞ്ഞെടുത്തത് ബാലകൃഷ്ണന്റെ ഭാര്യ ഷീലയെയാണ്. ബാലകൃഷ്ണന് അതില്‍ ഒട്ടും നീരസമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ഭാര്യയുടെ കഴിവുകളെ കുറിച്ച്‌ ഉത്തമ ബോധ്യമുണ്ടായിരുന്ന അദ്ദേഹത്തിന് സന്തോഷവുമായിരുന്നു. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചതിനെ തുടര്‍ന്ന് 2014 മാര്‍ച്ചില്‍ ഷീലയെ സര്‍ക്കാരിന്റെ ഉപദേശകയായി നിയമിച്ചു. ആ സ്ഥാനത്ത് ഇന്നും അവര്‍ തുടരുന്നു.