India

ജയലളിതയുടെ ആഗ്രഹം താന്‍ ഇന്ത്യയുടെ പ്രസിഡന്റായി കാണാന്‍: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ജയലളിതയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ജയലളിതയ്ക്ക് ഒരാഗ്രഹം ഉണ്ടായിരുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. താന്‍ ഇന്ത്യയുടെ പ്രസിഡന്റാവാന്‍ ജയലളിത ആഗ്രഹിച്ചിരുന്നുവെന്നാണ് സ്വാമി പറയുന്നത്.

2007ലാണ് ജയലളിത തന്നോട് പ്രസിഡന്റാവാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജയയുടെ ആവശ്യം താന്‍ നിരസിക്കുകയായിരുന്നു. ഹരര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കാനുള്ള ചുമതല ഏറ്റെടുത്തതിനാലാണ് അന്ന് ആ ആവശ്യം തള്ളിയത്. കൂടാതെ, തനിക്ക് അന്ന് വിജയ സാധ്യതയും കുറവായിരുന്നു. നല്ലൊരു സുഹൃത്തായിരുന്നു ജയലളിതയെന്നും സ്വാമി പറയുന്നു.

തന്റെ അറിവും കഴിവും ബഹുമാനിച്ചിരുന്നെന്നും അവര്‍ തന്റെ ആരാധകയായിരുന്നെന്നും സ്വാമി പറഞ്ഞു. എന്നാല്‍ അവരുടെ തോഴി ശശികലയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം തകര്‍ത്തതെന്നും സ്വാമി പറഞ്ഞു. ശശികലയ്ക്ക് ജയയുടെ മേല്‍ പൂര്‍ണനിയന്ത്രണം ഉണ്ടായിരുന്നു. ശശികലയുടെ സാന്നിധ്യം വ്യക്തി ജീവിതത്തില്‍ ജയലളിതയുടെ സന്തോഷം ഇല്ലാതാക്കിയെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നു.

1996ല്‍ എ.ഐ.ഡി.എം.കെ. തളര്‍ച്ച അനുഭവപ്പെട്ടപ്പോള്‍ തന്റെ വീട്ടില്‍ ജയലളിത സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് 1998ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ സമയം വാജ്‌പേയ് സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയാക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അത് സംഭവിച്ചില്ല. ഇതില്‍ അവര്‍ വളരെ അസ്വസ്ഥതയായിരുന്നെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button