NewsInternational

മൂന്നാം ലോകമഹായുദ്ധം ; ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇറാന്‍

ടെഹ്‌റാന്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശവും മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി. ട്രംപിന്റെ മുസ്ലിംവിരുദ്ധ നയങ്ങള്‍ മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്നും യുദ്ധമുണ്ടായാല്‍ ഇസ്രയേല്‍ ചരിത്രത്തില്‍ നിന്നും തുടച്ച് നീക്കപ്പെടുമെന്നുമാണ് ഇറാനിയന്‍ പ്രതിരോധ മന്ത്രിയായ ഹൊസെയ്ന്‍ ഡെഹ്ഗാന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇറാനുമായി ഒബാമ ഉണ്ടാക്കിയ ആണവക്കരാര്‍ ഇല്ലാതാക്കാന്‍ ട്രംപ് ശ്രമിച്ചാല്‍ അത് കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ആപത് സൂചനയേകുന്നു. ഈ പ്രദേശത്ത് ട്രംപ് ഏതെങ്കിലും തരത്തിലുള്ള പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിയാല്‍ അത് ഇസ്രയേലിന്റെ നാശത്തിലേ കലാശിക്കുകയുള്ളൂവെന്നും ഇറാന്‍ മുന്നറിയിപ്പേകുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് പ്രസ്തുത ആണവക്കരാറിനെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്. ഈ കരാറിനെ ഇല്ലാതാക്കാന്‍ താന്‍ ട്രംപിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി മുഴക്കിയതും ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഈ ആണവകരാറിന്റെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളാണ് നെതന്യാഹു.തങ്ങളെ ഈ വിഷയത്തില്‍ പ്രകോപിപ്പിക്കാന്‍ ട്രംപ് ശ്രമിച്ചാല്‍ അത് ഇസ്രയേലിന്റെയും ചില ചെറിയ അറബ് രാജ്യങ്ങളുടെയും തകര്‍ച്ചക്ക് വഴിയൊരുക്കുമെന്നാണ് ഇറാന്‍ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം ഒബാമ ഇറാനുമായി ഒപ്പ് വച്ചിരുന്ന ആണവകരാര്‍ ട്രംപ് ജയിച്ച സാഹചര്യത്തില്‍ പിന്‍വലിക്കപ്പെടാനുള്ള സാധ്യത ശക്തമാണെന്ന് ആശങ്ക ശക്തമാണ്.
തങ്ങളുടെ വ്യവസായങ്ങള്‍ക്കും ധനകാര്യത്തിനും മുകളില്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധം പിന്‍വലിക്കുകയാണെങ്കില്‍ തങ്ങളുടെ ന്യൂക്ലിയര്‍ പ്രോഗ്രാമില്‍ പരിധികള്‍ ഏര്‍പ്പെടുത്താമെന്ന് കഴിഞ്ഞ വര്‍ഷത്തെ കരാറിലൂടെ ഇറാന്‍ ഒബാമയോട് സമ്മതിച്ചിരുന്നു. താന്‍ പ്രസിഡന്റായാല്‍ 2017 ജനുവരി 20ന് പ്രസ്തുത ഡീലില്‍ നിന്നും പിന്മാറുമെന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടത്തിയ പ്രസംഗത്തിലൂടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിപ്പോള്‍ സത്യമാകാന്‍ പോവുകയാണെന്ന ആശങ്കയാണ് ഇറാനെ വിളറി പിടിപ്പിച്ചിരിക്കുന്നത്. ഒബാമ ഇറാനുമായുണ്ടാക്കിയ ഈ ഡീല്‍ ദുരന്തമാണെന്നാണ് ട്രംപ് ആരോപിക്കുന്നത്.

ഇത്തരത്തിലൊരു യുദ്ധമുണ്ടായാല്‍ അത് അമേരിക്കയെ പിന്തുണയ്ക്കുന്ന ഇസ്രയേലിന്റെ സമ്പൂര്‍ണ നാശത്തിലാണ് കലാശിക്കുകയെന്നും ഹൊസെയ്ന്‍ ഡെഹ്ഗാന്‍ ഉറപ്പിച്ച് പറയുന്നു. ഈ യുദ്ധം പ്രദേശത്തെ മുഴുവന്‍ ബാധിക്കുമെന്നും ലോകമഹായുദ്ധമായി വ്യാപിച്ചേക്കാമെന്നും ഇദ്ദേഹം മുന്നറിയിപ്പേകുന്നു. യുദ്ധത്തില്‍ യുഎഇ, ബഹറിന്‍ , ഖത്തര്‍ പോലുള്ള രാജ്യങ്ങള്‍ക്ക് നാശം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇറാന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങാനൊന്നും തയ്യാറല്ലെന്ന നിലപാടാണ് ഇസ്രയേല്‍ തുടര്‍ന്നും സ്വീകരിച്ച് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button