KeralaNews

കള്ളപ്പണത്തിന്റെ വക്താക്കളെ കാത്തിരിക്കുന്നത് കേൾക്കാൻ സുഖമുള്ളതാകില്ല ;കെവിഎസ് ഹരിദാസിന്റെ തുറന്നെഴുത്ത് :ഇന്നത്തെ സാഹചര്യത്തിൽ കേരളം കടന്നുപോകേണ്ടത് വളരെയേറെ പ്രതിസന്ധിയിലൂടെ

വിവിധ ബാങ്കുകളിലെ നിക്ഷേപങ്ങളും അവയുടെ കണക്കുമെല്ലാം കുറച്ചുനാളായല്ലോ കേരളം രാഷ്ട്രീയത്തിൽ സജീവ ചർച്ചാവിഷയമായിട്ട് . പ്രശ്നം ഇപ്പോൾ സുപ്രീം കോടതിയുടെ മുന്നിലുമാണ്. അതിൽ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ സംബന്ധിച്ച ആശയക്കുഴപ്പവും സംശയങ്ങളും ഏറെ തലവേദനയുണ്ടാക്കി. അതിനിടയിൽ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ നീക്കങ്ങളും പരാമർശങ്ങളും കാണാതെ പോകാനാവില്ല . എന്തൊക്കെയാണ് പലരെയും അലട്ടുന്നത് എന്നും എന്താണ് പലരെയും വിഷമിപ്പിക്കുന്നത് എന്നും ഇതിൽനിന്നൊക്കെ മനസിലാക്കിയെടുക്കാം എന്നാണ് തോന്നുന്നത്.

സഹകരണ ബാങ്കുകളിൽ എല്ലാം ഭംഗിയായിട്ടാണ് നടക്കുന്നത് എന്നതായിരുന്നുവല്ലോ ആദ്യമെമുതൽ ഭരണ – പ്രതിപക്ഷ കക്ഷികൾ സ്വീകരിച്ചിരുന്ന നിലപാട്. എല്ലാം നേരാം വണ്ണമാണ് , അവിടെ കള്ളപ്പണം പോയിട്ട് കള്ളമേയില്ല എന്നുമവർ ആവർത്തിച്ചത് കണ്ടതാണ്. കേരള മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി സമ്മേളനത്തിൽ അതാണ് സർക്കാരും പ്രതിപക്ഷവും തുറന്നുപറഞ്ഞത്. മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും അക്കാര്യത്തിൽ എന്തോ പിടിവാശി കാണിക്കുന്നതുപോലെ തോന്നുകയും ചെയ്തു. അന്ന് വസ്തുതകൾ കുറെയെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നുവെങ്കിൽ ബിജെപി അടക്കമുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ട് സർവ കക്ഷി സംഘത്തെ, ഒരു പക്ഷെ, ഡൽഹിക്ക് അയക്കാനും കഴിയുമായിരുന്നു. അന്ന് സർവകക്ഷി യോഗത്തിൽ കെ വൈ സിയുടെ കാര്യത്തിൽ ഒരു തീരുമാനം എടുത്തിരുന്നുവെങ്കിൽ ഒരു പക്ഷെ കേന്ദ്ര സർക്കാർ കേരളത്തിലെ സഹകരണ ബാങ്കുകളുടെ കാര്യത്തിൽ എന്തെങ്കിലും ചില വിട്ടുവീഴ്ചകൾ ചെയ്യാൻ ആലോചിക്കുകയെങ്കിലും ചെയ്തേനെ എന്ന് കരുതുന്നവർ അനവധിയാണ്. അന്ന് കേരള സർക്കാർ സ്വീകരിച്ചിരുന്ന നിലപാട് ശരിയായിരുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നതാണല്ലോ പിന്നീട് എല്ലാ സഹകരണ ബാങ്കുകളും കെ വൈ സി വാങ്ങണം എന്നും അത് ഉറപ്പാക്കണം എന്നുമുള്ള സഹകരണ വകുപ്പിന്റെ തീരുമാനം. അതായത്‌ സഹകരണ ബാങ്കുകളിൽ കള്ളപ്പണം ആരെങ്കിലും നിക്ഷേപിച്ചിട്ടുണ്ട് എങ്കിൽ അതിന്റെ വിശദാംശങ്ങൾ രേഖാമൂലം ഉറപ്പാക്കണം എന്നത് കേരളം സർക്കാർ അംഗീകരിച്ചിരിക്കുന്നു. ഇത്തരമൊരു നിലപട് അവർ സർവകക്ഷി യോഗം നടക്കുമ്പോൾ എടുത്തിരുന്നുവെങ്കിൽ കേരളവും തമ്മിൽ ആവശ്യമില്ലാത്ത ഒരു ആശയക്കുഴപ്പം ഉണ്ടാവാതെ നോക്കാൻ സാധിക്കുമായിരുന്നില്ലേ ?.

ഇവിടെ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യമുണ്ട്. അത് യുഡിഎഫിലെ ചിലർ സംസ്ഥാന സർക്കാരിനെതിരെ വിഷയത്തിൽ തിരിഞ്ഞതുമായി ബന്ധപ്പെട്ടാണ്. കെ വൈ സി വാങ്ങണം എന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് രമേശ് ചെന്നിത്തല അടക്കമുള്ളവർ പിണറായി സർക്കാരിനെതിരെ പരസ്യമായി രംഗത്ത് വന്നത്. എനിക്ക് തോന്നുന്നു, ചെന്നിത്തലയും യുഡിഎഫുമൊക്കെ സഹകരണ ബാങ്ക് വിഷയത്തിൽ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കാൻ തീരുമാനിച്ചത് കെ വൈ സി അടക്കം ബിജെപി ഉന്നയിച്ച വിഷയങ്ങളിൽ കടുത്ത നിലപാട് സ്വീകരിക്കില്ല എന്ന ഉറപ്പിന്മേലാവണം. അല്ലെങ്കിൽ അങ്ങിനെ കരുതാൻ നിർബന്ധിതമാവുന്നു. അതിൽനിന്നു സർക്കാർ പിന്മാറിയതോടെ പലരും നിലപാട് മാറ്റിയെന്നല്ലേ കരുതേണ്ടത്. ഇക്കാര്യത്തിൽ എന്തെങ്കിലും വ്യക്തമായി മറുപടി പറയാൻ കഴിയുക വിഎം സുധീരനാണ്. അദ്ദേഹമാവട്ടെ മിണ്ടുന്നുമില്ല.

ഇന്നിപ്പോൾ യുഡിഎഫ് നേതാക്കൾ ഡൽഹിയിലുണ്ട് ; അവർ രാഷ്ട്രപതിയെ കാണാൻ ചെന്നിരിക്കുന്നു. ഡൽഹിയിൽ അവർ ധർണയും നടത്തുന്നുണ്ട്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ കണക്കു ചോദിക്കുന്നതുതന്നെയാണ് പ്രശ്നമെന്നത് എല്ലാ മലയാളികൾക്കുമറിയാം എന്നാണ് കരുതേണ്ടത്. നോട്ട് പിൻവലിക്കൽ വിഷയത്തിൽ മാത്രമല്ല, അതിനെത്തുടർന്ന് പാർലമെന്റ് സ്തംഭിച്ചതിലും നിലപാട് വ്യക്തമാക്കിയ രാഷ്‌ട്രപതി ഇന്നിപ്പോൾ ചെന്നിത്തലയോടും മറ്റുമെന്താണ് പറയാൻ സാധ്യതയുള്ളത് എന്നത് ഊഹിക്കാം. പിന്നെ ഈ മാസം 15 ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കുന്ന വേളയിൽ ഡൽഹിയിലെ തെരുവോരത്ത് ഒരു ധർണ നടത്തുന്നത് എന്തായാലും നല്ലതുതന്നെ. സുപ്രീംകോടതിക്ക് വേണ്ടത്ര വെളിപാടുണ്ടാവാൻ ഉദ്ദേശിച്ചാണോ അതെന്ന് യുഡിഎഫുകാർ വ്യക്തമാക്കും എന്ന് കരുതാം. ഡൽഹിക്കുപോകുമ്പോൾ കൂടെ വരുന്നുണ്ടോ എന്ന് ഇടതു നേതാക്കളോട് ചോദിക്കാതിരുന്നതിനു എന്താണ് കാരണം എന്നതും ചെന്നിത്തലാദികൾ പരസ്യമാക്കും എന്നും ഈ വേളയിൽ നമുക്ക് കരുതാം. ഇതുവരെ ഒറ്റക്കെട്ടായി സമരം ചെയ്തവർ ഡൽഹിയിൽ തനിയെ പോരാടാൻ പോയതെന്തിന് എന്നത് കേരളത്തോട് പറയേണ്ടതില്ലേ ?.

അതിനിടയിലാണ് ഏതാണ്ട് ആയിരം കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച അനിശ്ചിതാവസ്ഥ ജില്ലാ സഹകരണ ബാങ്കുകളെ വിഷമത്തിലാഴ്‌ത്തിയത് . പ്രാദേശിക സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവ ജില്ലാ ബാങ്കിൽ നടത്തിയ നിക്ഷേപം ആരുടെതെന്ന പ്രശ്നമാണ് ഇന്ന് ഉയർന്നുവരുന്നത്. പ്രാദേശിക ബാങ്കുകൾ സ്വീകരിക്കുന്ന നിക്ഷേപമാവാം ഈ പണമത്രയും. അവർ അത് നിക്ഷേപിക്കേണ്ടത് ജില്ലാ സഹകരണ ബാങ്കിലാണുതാനും. എന്നാൽ അത്തരത്തിൽ ലഭിക്കുന്ന കോടികളുടെ വിശദാംശങ്ങൾ ജില്ലാ ബാങ്ക് അന്വേഷിക്കണമെന്നും “മിറർ അക്കൗണ്ട് ” സൂക്ഷിക്കണമെന്നും ജില്ലാ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അതിനായി ഒരു നടപടിയും അവർ സ്വീകരിച്ചില്ല. ഇപ്പോൾ നബാർഡ് അന്വേഷിക്കുന്നത് ഈ പണത്തിന്റെ ശ്രോതസ്സാണ്‌. അവർ ഏതാനും ബാങ്കുകളിൽ പരിശോധന നടത്തിക്കഴിഞ്ഞു; ഇനിയും ചിലയിടങ്ങളിൽ അവർ കയറാനുണ്ടുതാനും. അവരാവശ്യപ്പെടുന്നത് നൽകാൻ ജില്ലാ ബാങ്കുകൾക്ക് ചുമതലയുമുണ്ട്. ഇന്ന് ചില പത്രങ്ങൾ ചൂണ്ടിക്കാണിച്ചതുപോലെ സുപ്രീംകോടതിയിൽ അടുത്തദിവസം കേരളത്തിലെ സഹകരണ ബാങ്കുകളിലെ പ്രശ്നം പരിഗണനക്കുവരുമ്പോൾ നബാർഡ് ഇക്കാര്യം ഉയർത്തിക്കാട്ടിയാൽ സർക്കാരിനും സഹകാരികൾക്കും അതിലേറെ സഹകരണ ബാങ്കുകളിൽ അനധികൃത നിക്ഷേപങ്ങൾ നടത്തിയവർക്കും വിഷമമാകും. അതൊക്കെയും യുഡിഎഫുകാരെയാണ് ഏറെ ബാധിക്കുക എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതെല്ലാം എൽഡിഎഫിൽ വിഷമമുണ്ടാക്കുന്നുവെങ്കിലും അവരിപ്പോൾ ഭരണപക്ഷത്തായതിനാൽ നബാർഡിനെ എതിരിടാൻ കഴിയാത്ത നിലയിലാണ്.

ഇവിടെ മറ്റൊന്ന് കാണാതെ പൊയ്ക്കൂടാ. സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ വാക്കുകളിലെ ചില മാറ്റങ്ങളാണ് അത്. നോട്ട്‌ പ്രശ്നം ഉടലെടുത്തത് മുതൽ അതിനെതിരെ രംഗത്തുണ്ടായിരുന്ന ഐസക്ക് ഇപ്പോൾ ഒരു പുതിയ നിലപാട് എടുത്തിരിക്കുന്നു. സഹകരണ ബാങ്കുകൾക്ക് റദ്ദാക്കിയ നോട്ടുമാറാൻ അനുമതി നൽകിയില്ലെങ്കിൽ ജിഎസ്‌ടി പ്രശ്നത്തിൽ കേന്ദ്രവുമായി ധാരണക്ക് തയ്യാറാവില്ല എന്നതാണത്. ചില സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരെ ഡൽഹിയിൽ പ്രത്യേകം വിളിച്ചുകൂട്ടി കേന്ദ്രവിരുദ്ധ നടത്തിയത് അദ്ദേഹമാണ്. അതും ജിഎസ്‌ടി യുടെ പേരിൽ. പക്ഷെ ലക്‌ഷ്യം സഹകരണ ബാങ്കും കള്ളപ്പണവുമൊക്കെയായിരുന്നു. അതൊന്നും വിലപ്പോയില്ല; ശരിയാണ്, ഒരു പക്ഷെ തോമസ് ഐസക്ക് വിചാരിച്ചാൽ ജിഎസ്‌ടി പ്രശ്നത്തിൽ ഒരു സമവായം ഉണ്ടാക്കാതെ നോക്കാൻ കഴിഞ്ഞേക്കും. കൂടെ ഒരു പക്ഷെ മമത ബാനർജിയും ഉണ്ടായേക്കും. അതിനപ്പുറം പിന്തുണയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഇന്നിപ്പോൾ കൂടെയുള്ള യു. പി എന്താണ് ചെയ്യാൻ പോകുന്നതെന്ന് സൂചന നൽകിക്കഴിഞ്ഞു. രാജ്യം ഉറ്റുനോക്കുന്ന വലിയ എല്ലാ സാമ്പത്തിക നടപടികളെയും പരാജയപ്പെടുത്താൻ ശ്രമിക്കുന്ന കേരളം നാളെ എന്തുപറഞ്ഞാവും കേന്ദ്രത്തിനുമുന്നിൽ ആവശ്യങ്ങളുമായി ചെല്ലുക എന്നതും ഓർക്കേണ്ടസമയമാണിത്. അങ്ങോട്ടില്ലാത്ത പ്രത്യേക മമത ഇങ്ങോട്ടു പ്രതീക്ഷിക്കാനാവുമോ; മുഖ്യമന്ത്രി പിണറായി വിജയൻ ചിന്തിക്കേണ്ടുന്ന വിഷയമാണിത് എന്നുമാത്രം സൂചിപ്പിക്കട്ടെ.

ഇതൊക്കെ വിളിച്ചുകൂവുന്ന തോമസ് ഐസക്കിന് സംസ്ഥാനത്ത് നികുതിപിരിവ് ഊർജിതമാക്കാൻ കഴിയുന്നില്ല. ബജറ്റിൽ പ്രഖ്യാപിച്ചതെല്ലാം പാഴ്‌വാക്കായി. ഖജനാവ് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചന അദ്ദേഹം തന്നെ നല്കിക്കഴിഞ്ഞുവല്ലോ. ഇന്നിപ്പോൾ ഈ മാസത്തിൽ പതിമൂന്നു ദിവസമായിട്ടും കെ എസ്‌ ആർ ടിസി യിലെ പെൻഷനും ശമ്പളവും എവിടെയാണ് എന്നതുകൂടി കേരളം ഓർക്കേണ്ടതുണ്ട്. അതിനിനി നരേന്ദ്ര മോദിയാണ് ഉത്തരവാദി എന്ന് പറയുമോ ആവോ ?. സ്വന്തം വീഴ്ചകൾ മറക്കാൻ മറ്റുള്ളവരെ പഴിപറഞ്ഞുനടക്കുന്നത് ഏറെക്കാലം വിജയിക്കാനിടയില്ലല്ലോ.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരാൾ രാഹുൽ ഗാന്ധിയാണ്. തനിക്ക്‌ പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം നൽകുന്നില്ലെന്നും പ്രസംഗിച്ചാൽ ഭൂകമ്പമുണ്ടാവുമെന്നും പറഞ്ഞുനടന്ന രാഹുൽ ഇന്നിപ്പോൾ ജനങ്ങളെ കാണാനായി തിരക്കുള്ള ചന്തകൾ അന്വേഷിച്ചുനടക്കുകയാണ്. മറ്റൊരിടത്തും അദ്ദേഹത്തെ വേണ്ടാത്ത അവസ്ഥയായി എന്നതാണല്ലോ ഇതൊക്കെ കാണിക്കുന്നത്. വിവിഐപി ഹെലികോപ്റ്റർ ഇടപാടിൽ രാഹുലിന്റെ പാർട്ടിക്കാരനായ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തം പുറത്തായപ്പോൾ എന്തുചെയ്യണം എന്നറിയാതെ അലയുകയാണ് അക്ഷരാർഥത്തിൽ. ആ തട്ടിപ്പിൽ ഇറ്റലിക്കുള്ള ബന്ധം ഇതിനകം വെളിച്ചത്തുവന്നതാണ്. ഇറ്റാലിയൻ കോടതിയുടെ വിധിതന്നെയുണ്ട് ; അതിൽ രാഹുലിന്റെ രാഷ്ട്രീയ കുടുംബത്തിലുള്ളവരെയും പരാമർശിച്ചിരുന്നു. ആ പേരുകൾ ഞാൻ ആവർത്തിക്കുന്നില്ല. എന്നാൽ പാവം മൻമോഹൻ സിങ് ഇതിൽ നാലുകാശുപറ്റി എന്നുപറയാൻ എനിക്കാവില്ല. അതദ്ദേഹം ചെയ്യും എന്നും കരുതാൻ നന്നേ വിഷമം. എന്നാലും പ്രതിക്കൂട്ടിലാവുന്നത് അദ്ദേഹമാണ്. പിന്നെ ഈ വിമാന ഇടപാട് റദ്ദാക്കിയത് എ കെ ആന്റണിയാണ്. അഴിമതി നടന്നു എന്നുപറഞ്ഞാണല്ലോ അദ്ദേഹം റദ്ദാക്കിയത്. എന്നാൽ എന്താണ് നടന്ന അഴിമതിയെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ഇറ്റലി ഒക്കെ ഉള്ളതിനാൽ അതദ്ദേഹത്തിനതൊക്കെ ബുദ്ധിമുട്ടായേക്കും. പക്ഷെ സത്യം പറഞ്ഞില്ലെങ്കിൽ മൻമോഹൻ സിങ് എന്ന പാവം ജയിലിൽപോകേണ്ട അവസ്ഥയായാലോ?. എകെ ആന്റണിക്കും സത്യസന്ധനാണ് എന്ന് തെളിയിക്കാനുള്ള അവസരമാണിത്. ഇതിത്രയും പറഞ്ഞത്, രാഹുലിന്റെ ബേജാർ കണ്ടിട്ടാണ്. ആന്റണിയും കൂട്ടരും രാഹുലിനെ പറഞ്ഞു ബോധ്യപ്പെടുത്താൻ ഇനിയെങ്കിലും ശ്രമിച്ചാൽ നല്ലതു് .

നോട്ട് വിഷയത്തിൽ കുറെ പ്രയാസങ്ങൾ ഉണ്ടാവുന്നുണ്ട് എന്നതൊക്കെ സമ്മതിക്കുന്നു. എന്നാൽ കള്ളപ്പണം കണ്ടെത്തുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികൾ കാണാതെ പോകാനാവില്ല തന്നെ. ഇപ്പോഴും റെയ്‌ഡുകൾ നടക്കുന്നു. കോടികളാണ് കണ്ടെത്തുന്നത്. അതൊക്കെ കള്ളപ്പണമല്ല എന്നാണോ കരുതേണ്ടത്. ഇന്നിപ്പോൾ നിലവിളിക്കുന്നവർ കള്ളപ്പണം പിടിക്കപ്പെടുന്നത് മൂലമുണ്ടായ പ്രയാസങ്ങൾ അനുഭവിക്കുന്നവരാണോ അല്ലയോ എന്നത് ഏതാനും ദിവസങ്ങൾക്കുള്ളിൽ വ്യക്തമാവും. പി ചിദംബരവുമൊക്കെ നടത്തുന്ന ചാരിത്ര്യ പ്രസംഗങ്ങൾ നമുക്ക് കുറച്ചുദിവസം കഴിഞ്ഞുകേൾക്കേണ്ടിവരും, ഒരിക്കൽക്കൂടി. കാത്തിരിക്കാം അതിനായി. എല്ലാത്തിനുമൊപ്പം മൻമോഹൻ സിങ്ങിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു ; ദയവായി ആ കോടികൾ പോയവഴി സിബിഐക്കുമുന്നിൽ തുറന്നുപറയാനുള്ള ആർജവം അദ്ദേഹം കാണിക്കണം. ഇന്ത്യ അതാഗ്രഹിക്കുന്നു. മൻമോഹനെ ജയിലിൽ കൊണ്ടുപോകണം എന്ന് ഒരിക്കലും ആഗ്രഹിക്കില്ല എന്നതും

shortlink

Related Articles

Post Your Comments

Related Articles


Back to top button