KeralaNews

ജനസംരക്ഷകരായ പോലീസിന് രക്ഷയുമായി സ്വസ്തി ഫൗണ്ടേഷന്‍

നമ്മുടെ സംസ്ഥാനത്ത് സർക്കാർ വകുപ്പിൽ ജോലി ചെയ്യുന്നവരിൽ ഏറ്റവും അധികം അവഗണിക്കപ്പെടുന്ന ഒരു വിഭാഗമാണ് പോലീസുകാർ. നിയമപാലനം എന്നതാണ് ഉദ്യോഗമെങ്കിലും പലപ്പോഴും അത് അസാധാരണമായ സാഹചര്യങ്ങളിൽ നിർവ്വഹിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇല്ലത്ത് നിന്നും പുറപ്പെട്ടു, എന്നാൽ അമ്മാത്തൊട്ട് എത്തിയതുമില്ല എന്ന രീതിയിലാണ് അവരുടെ കാര്യങ്ങളുടെ കിടപ്പ്. പോയി കടമ നിർവ്വഹിക്കൂ എന്ന് ആഹ്വാനം ചെയ്യുന്ന സർക്കാരോ, കടമ നിർവ്വഹിക്കുമ്പോൾ ശത്രുക്കളായി മാറുന്ന പൊതുജനമോ ഒരിക്കലും പോലീസുകാരോടൊപ്പം നിൽക്കില്ല എന്നതാണ് സത്യം. മറ്റു പല സർക്കാർ സർവ്വീസുകളുമായി താരതമ്യം ചെയ്യുമ്പോൾ ശമ്പള സ്കെയിലും തീരെ കുറവാണ്. ഇങ്ങനെ പല നിലയിൽ ദുരിതങ്ങൾ അനുഭവിക്കുന്ന പോലീസ് വിഭാഗത്തിന് ആശ്വാസമായി തിരുവനന്തപുരത്തെ സ്വസ്തി ഫൗണ്ടേഷൻ രംഗത്തെത്തിയിരിക്കുകയാണ്.

ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഏറെ പേര് കേട്ട സ്വസ്തി ഫൗണ്ടേഷൻ, കേരളാ പോലീസിൽ ജോലി ചെയ്യുന്ന മുഴുവൻ പേർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും, സർവ്വീസിൽ നിന്ന് വിരമിച്ചവർക്കും സൗജന്യമായി ക്യാൻസർ സ്ക്രീനിംഗ് നടത്താനുള്ള മഹത്തായൊരു കർമ്മപരിപാടിയ്‌ക്ക്‌ തുടക്കം കുറിച്ചിരിക്കുകയാണ്. “രക്ഷകരക്ഷ” എന്നാണ് പദ്ധതിയുടെ പേര്. ഈ വർഷം നവംബർ ഒന്നിന് പ്രാരംഭ നടപടികൾ ആരംഭിച്ച ഈ സംവിധാനത്തിന്റെ പ്രധാന ലക്‌ഷ്യം “നാടിനെ രക്ഷിക്കുന്നവർക്ക് രക്ഷ നൽകുക” എന്നതാണ്. അതിന്റെ ഭാഗമായി പോലീസുകാർക്കും, ബന്ധപ്പെട്ടവർക്കും വേണ്ടി കേരളത്തിലെ പതിനാല് ജില്ലകളിലും ക്യാൻസർ സ്ക്രീനിംഗ് മെഡിക്കൽ ക്യാംപുകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് സ്വസ്തി ഫൗണ്ടേഷൻ. ഇന്ന് ആലപ്പുഴ ജില്ലയിൽ “രക്ഷകരക്ഷ” ക്യാമ്പിന് തുടക്കമായി. സംസ്ഥാനത്തെ പോലീസ് മേധാവിയായ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ സമ്പൂർണ്ണ സഹകരണത്തോടെ, ക്യാൻസർ പ്രതിരോധ വിഷയത്തിൽ പ്രാവീണ്യം തെളിയിച്ച ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ് ക്യാമ്പുകൾ ഏർപ്പാട് ചെയ്യപ്പെടുന്നത്.

ഓറൽ ക്യാൻസർ (വായിലെ അർബുദം), സെർവിക്കൽ ക്യാൻസർ (കഴുത്തിലെ അർബുദം), ബ്രെസ്റ്റ് ക്യാൻസർ (സ്തനാർബുദം) തുടങ്ങി ഏറ്റവും അധികം കാണപ്പെടുന്ന ക്യാൻസർ വിഭാഗങ്ങളെ സ്ക്രീനിംഗ് നടത്തി തിരിച്ചറിഞ്ഞ്, വ്യക്തമായ തുടർനടപടികളിലൂടെ അവ പൂർണ്ണമായും പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തുന്നതാണ് “രക്ഷകരക്ഷയുടെ” ദൗത്യം. എല്ലാം തികച്ചും സൗജന്യം. ആദ്യം പോലീസുകാർക്ക് ഈ സേവനം നൽകി, അതിനു തുടർച്ചയായി പല പല വിഭാഗങ്ങളിൽ ശ്രദ്ധ കൊടുത്ത് എല്ലാവരിലും ഇത് എത്തണം എന്ന പരമമായ ലക്ഷ്യമാണ് സ്വസ്തി ഫൗണ്ടേഷനുള്ളത്. സ്വസ്തി ഫൗണ്ടേഷനോടൊപ്പം തിരുവനന്തപുരം ഡെന്റൽ കോളേജ്, റീജിയണൽ ക്യാൻസർ അസോസിയേഷൻ, ശാന്തിഗിരി, ഗോകുലം മെഡിക്കൽ കോളേജ്, അസീസിയ മെഡിക്കൽ കോളേജ്, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്, ആലപ്പുഴ ജില്ലാ ആശുപത്രി, ആസ്റ്റര്‍ മെഡിസിറ്റി എറണാകുളം തുടങ്ങിയ സ്ഥാപനങ്ങളും ഒത്തു ചേർന്നാണ് “രക്ഷകരക്ഷ” യാഥാർത്ഥ്യമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button