സര്‍ക്കാരിന് മുന്നറിയിപ്പുമായി വീണ്ടും മന്‍മോഹന്‍ സിങ്

93
singh

ന്യൂഡല്‍ഹി : നോട്ട് നിരോധനത്തെ വിമര്‍ശിച്ച് വീണ്ടും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ട് നിരോധനം രാജ്യത്തെ മോശപ്പെട്ട സ്ഥിതിയിലേക്കാണ് നയിക്കുന്നത്. ഇത് പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ദുരിതങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് മന്‍മോഹന്‍ സിങ് ജന്‍ വേദന എന്ന പേരില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കവെ പറഞ്ഞു.

നോട്ട് നിരോധനം രാജ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കും. വളര്‍ച്ചാ നിരക്ക് 7.6 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനത്തിലേക്ക് താഴ്ത്തിയിരിക്കുന്നു. തൊഴിലില്ലായ്മ, കാര്‍ഷിക രംഗത്തെ തളര്‍ച്ച, കാര്‍ഷിക അസംഘടിത മേഖലകളുടെ തകര്‍ച്ച എന്നിവയ്ക്ക് നോട്ട് നിരോധനം വഴിവെക്കുമെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. നോട്ട് നിരോധനം ഒരു ദുരന്തമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദിയുടെ തെറ്റായ ചെയ്തികളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

നോട്ട് നിരോധനം മൂലം രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം പറഞ്ഞു. നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ നവംബര്‍ എട്ടിന് മന്ത്രിസഭാ യോഗം ചേര്‍ന്നതിന് തെളിവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതിന് മുന്‍പ് ഇത്തരം പ്രഹസനം ആരും നടത്തിയിട്ടില്ലെന്ന് ചിദംബരം അഭിപ്രായപ്പെട്ടു.