NewsInternational

ട്രംപിനെതിരെ ശക്തമായ പ്രതിഷേധം; മാർച്ചിൽ പങ്കെടുത്തത് ഒരു ലക്ഷം ആൾക്കാർ

ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലണ്ടനിൽ നടന്ന പ്രതിഷേധത്തിനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിയത് ഒരുലക്ഷത്തോളം പേരാണ്. ഇന്നലെ ഉച്ചയോടെയാണ് ലണ്ടനിലെ അമേരിക്കൻ എംബസിക്കു മുന്നിൽനിന്നും ട്രഫാൾഗർ സ്ക്വയറിലേക്ക് പ്രതിഷേധമാർച്ച് നടന്നത്. ട്രംപിനെതിരായ പ്ലക്കാർഡുകളും ബാനറുകളും പ്രതിഷേധവാചകങ്ങൾ മുദ്രണംചെയ്ത വസ്ത്രങ്ങളുമണിഞ്ഞെത്തിയ പ്രതിഷേധക്കാർ ആരുടെയും പ്രേരണയില്ലാതെയായിരുന്നു സമരം ചെയ്തത്.

ബൽഫാസ്റ്റ്, കാഡിഫ്, എഡിൻബറോ, ലാങ്കാസ്റ്റർ, ലീഡ്സ്, ലിവർപൂൾ, മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ തുടങ്ങി പതിനാലിടങ്ങളിലാണ് ബ്രിട്ടനിൽ ട്രംപ് വിരുദ്ധ പ്രകടനങ്ങൾ നടന്നത്. ലണ്ടനിലെ പ്രതിഷേധത്തിൽ മേയർ സാദിഖ് ഖാന്റെയും ഭാര്യ സാദിയയുടെയും സാന്നിധ്യം ശ്രദ്ധേയമായി. മാത്രമല്ല നിരവധി ടെലിവിഷൻ- സിനിമാ താരങ്ങളും ചില ലേബർ എംപിമാരും പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തി.

യൂറോപ്പിലെ വൻനഗരങ്ങളായ ബാഴ്സിലോന, റോം, ആംസ്റ്റർഡാം, ജനീവ, പ്രാഗ്, ബെർലിൻ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധറാലികൾ അരങ്ങേറി. ഓസ്ട്രേലിയയിലെ സിഡ്നിയിലും ന്യൂസീലൻഡിലെ ഓക്‌ലൻഡിലും ട്രംപിനെതിരായ വനിതാ പ്രതിഷേധത്തിന് വൻ ജനപങ്കാളിത്തമായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെയൊന്നും പിന്തുണയില്ലാതെയായിരുന്നു ഇന്നലത്തെ പ്രതിഷേധങ്ങൾ. സമൂഹ മാധ്യമങ്ങളിലെ കൂട്ടായ്മകളിലൂടെ കേട്ടറിഞ്ഞെത്തിയവരാണ് വൻജനാവലിയായി മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button