IndiaNewsLife StyleHighlights 2017

ഇഞ്ചിഞ്ചായി കൊല്ലുന്ന ലിച്ചിപ്പഴം: നൂറുകണക്കിന് കുട്ടികളുടെ ജീവനെടുക്കുന്ന വില്ലന്‍; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ഇന്‍ഡോ-യു.എസ് ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി•ബീഹാറില്‍ 15 വയസിനും അതില്‍ താഴെയുമുള്ള നൂറു കണക്കിന് കുട്ടികള്‍ മരിച്ചത് സ്ഥിരമായി ‘ലിച്ചി പഴം’ കഴിച്ചത് മൂലമാണെന്ന് കണ്ടെത്തല്‍. യു.എസിലേയും ഇന്ത്യയിലേയും ശാസ്ത്രഞ്ജര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.

ബീഹാറിലെ മുസാഫര്‍പൂരില്‍ മേയ്-ജൂണ്‍ കാലയളവിലുണ്ടായ നിരവധി കുട്ടികളുടെ മരണത്തിന്റെ കാരണമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അത്താഴം ഒഴിവാക്കുന്നതും രാവിലെ ഒഴിഞ്ഞ വയറില്‍ ലിച്ചി പഴം കഴിക്കുന്നതും രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ ക്രമാതീതമായി താഴ്ത്തുകയും (70 mg/dL ലും താഴെ) തലച്ചോറിനെ ബാധിക്കുന്ന അക്യൂട്ട് എന്‍സെഫാലോപതി അവസ്ഥയിലേക്കും കോമയിലേക്കും തുടര്‍ന്ന് കുട്ടികളെ മരണത്തിലേക്ക് നയിക്കുകയാണെന്നുമാണ് യു.എസ്-ഇന്ത്യ സംയുക്ത പഠനത്തില്‍ കണ്ടെത്തിയത്.

പഠനറിപ്പോര്‍ട്ട് ലാന്‍സറ്റ്‌ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലിച്ചിപ്പഴം ഉത്പാദിപ്പിക്കുന്നത് ബിഹാറിലെ മുസാഫര്‍പുരിലാണ്. ഇവിടെ വര്‍ഷം തോറും നൂറുകണക്കിന് കുട്ടികള്‍ മരണപ്പെടുന്നു. കടുത്ത ദാരിദ്യം നിലനിക്കുന്ന ഇവിടുത്തെ ഗ്രാമങ്ങളില്‍ കുട്ടികള്‍ക്ക് അത്താഴം വിളമ്പാറില്ല. പകല്‍ മുഴുവന്‍ ലിച്ചി തോട്ടങ്ങളില്‍ അലഞ്ഞുതിരിഞ്ഞു പഴങ്ങള്‍ കഴിക്കുന്ന കുട്ടികളുടെ രക്തത്തിലെ ഗ്ലൂക്കോസ് നില രാത്രിയാകുമ്പോഴേക്കും അപകടകരമായ നിലയിലേക്ക് താഴും. ലിച്ചിപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഹൈപ്പോഗ്ലൈസിന്‍ എന്ന ടോക്സിന്‍ ആണ് വില്ലന്‍. ഇത് ശരീരത്തിന്റെ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കാനുള്ള ശേഷിയെ ഇല്ലാതാക്കും. ആഹാരം നന്നായി കഴിക്കാത്തതു മൂലം ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് മുമ്പു തന്നെ കുറവുള്ള കുട്ടികള്‍ ലിച്ചിപ്പഴം കൂടി കഴിക്കുന്നതോടെ രോഗാവസ്ഥയിലേക്ക് എത്തുകയും മരണത്തിന് കീഴടങ്ങുകയും ചെയ്യും.

2013-ല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 390 കൂട്ടികളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇതില്‍ 122 കുട്ടികള്‍ മരണപ്പെട്ടിരുന്നു. രോഗാവസ്ഥയിലെത്തിയ 62% കുട്ടികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 70 mg/dL ലും താഴെയായിരുന്നു. കുറെയധികം കുട്ടികളില്‍ ഇത് 48 mg/dL ല്‍ താഴെയും ചില കുട്ടികളില്‍ ഇത് 8 mg/dL ല്‍ താഴെയും എത്തിയിരുന്നു.

സോപ്പ്ബെറി വിഭാഗത്തില്‍പെടുന്ന പഴമാണ് ലിച്ചി. ചൈനയിലാണ് ഇതിന്റെ ഉത്ഭവം. നീണ്ടുരുണ്ട പഴങ്ങളുടെ പുറത്തെ തൊലി പിങ്ക് കലർന്ന ചുവപ്പ് നിറത്തിൽ പരുക്കനായി കാണപ്പെടുന്നു. അകത്ത് മുന്തിരി പോലെ കാണപ്പെടുന്ന വിത്തുമാണ്‌ ഉള്ളത്. വിത്തിന്‌ ചുറ്റും കാണുന്ന കഴമ്പിന് നല്ല മധുരമാണ്.ഒപ്പം ധാരാളം ജീവകങ്ങളും പോഷക പദാർഥങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. റംബൂട്ടാന്‍, ലോങാന്‍, അക്കീ തുടങ്ങിയ പഴങ്ങളും ഈ വിഭാഗത്തില്‍പെട്ടതാണ്. ഓസ്ട്രേലിയയിലാണ് ഏറ്റവും കൂടുതല്‍ ലിച്ചിപ്പഴം ഉത്പാദിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button