തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ക്യാന്‍സര്‍ പരിചരണ കേന്ദ്രമായ റീജണല്‍ ക്യാന്‍സര്‍ സെന്ററിനെയും ക്യാന്‍സര്‍ ബാധിക്കുന്നു. വ്യാപക ആരോപണം ഉയര്‍ന്നതോടെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അന്വേഷണത്തിനു നിര്‍ദേശം നല്‍കി. പറഞ്ഞുവരുന്നത് ആര്‍.സി.സി അഴിമതിയുടെയും കെടുകാര്യസ്ഥതയുടേയും കൂത്തരങ്ങായി മാറിയെന്ന ആരോപണത്തെ കുറിച്ചാണ്.
അഴിമതി ചൂണ്ടിക്കാട്ടുന്നവര്‍ക്കെതിരെ ഫിനാന്‍സ് കണ്‍ട്രോളറുടെ നേതൃത്വത്തില്‍ പ്രതികാര നടപടിയാണ് ഉണ്ടാകുന്നതെന്നും കമ്പ്യൂട്ടറുകളും സി.സി ടിവിയും വാങ്ങിയതില്‍ കോടികളുടെ വെട്ടിപ്പ് നടന്നെന്നും കാട്ടി ആര്‍.സി.സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി. മാസത്തില്‍ ലക്ഷങ്ങള്‍ സംഭാവനയായി ലഭിക്കുന്ന ആര്‍.സി.സിയില്‍ ഓഡിറ്റിങ്ങോ കണക്കെടുപ്പോ നടക്കുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനിടെയാണ് ആര്‍.സി.സിയിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അവശ്യമരുന്നുകള്‍ പോലും കിട്ടാത്ത സാഹചര്യത്തില്‍ അനധികൃതമായി കോടിക്കണക്കിന് രൂപയുടെ കമ്പ്യൂട്ടറും നിരീക്ഷണകാമറാ സംവിധാനങ്ങളും വാങ്ങിയതെന്നും രണ്ടു കോടിയോളം രൂപ മുടക്കി 120 സി.സി ടിവികള്‍ വാങ്ങിയെന്നും പരാതി ഉയര്‍ന്നിരുന്നു.
ആര്‍.സി.സി ഫിനാന്‍സ് കണ്‍ട്രോളര്‍ക്കെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സ്വന്തംപേരില്‍ വായ്പയ്ക്കായി ഐ.സി.ഐ.സി.ഐ. സ്റ്റാച്യൂ ബ്രാഞ്ചിനെ ഫിനാന്‍സ് കണ്‍ട്രോളര്‍ സമീപിച്ചപ്പോള്‍ തിരിച്ചടവില്‍ വീഴ്ചവരുത്തിയയാള്‍ എന്ന നിലയില്‍ നിഷേധിക്കപ്പെട്ടു. എന്നാല്‍ ആര്‍.സി.സിയില്‍ ഇതേ ബ്രാഞ്ചിന്റെ സൈ്വപ്പിങ് മെഷീന്‍ സ്ഥാപിച്ചതിനെ തുടര്‍ന്നു ഇദ്ദേഹത്തിന് 50 ലക്ഷം രൂപയുടെ വായ്പ ബാങ്ക് അനുവദിച്ചിരുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 28ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് ആരോഗ്യമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്‍.സി.സിയിലെ ക്രമക്കേടുകളെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിര്‍ദേശം നല്‍കിയത്.
Post Your Comments