Prathikarana Vedhi

1998-ല്‍ യു.പിയില്‍ സംഭവിച്ചത് തന്നെ തമിഴ്നാട്ടിലും സംഭവിച്ചേക്കാം : ശശികല-പനീര്‍ശെല്‍വം പോരില്‍ ആര്‍ക്കനുകൂലമാകാം തീരുമാനങ്ങള്‍ എന്ന് വിലയിരുത്തുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസിന്റെ ലേഖനം

തമിഴ്‌നാട്ടിൽ നിയമസഭാ സമ്മേളനം വിളിക്കാനും സഭയിൽ ഭൂരിപക്ഷം പരിശോധിക്കാനും ഗവർണർ തയ്യാറായേക്കും. അതിനനുസൃതമായ നിയമോപദേശമാണ് ഗവർണർക്ക് അറ്റോർണി ജനറൽ നൽകിയത് എന്ന് മനസിലാക്കുന്നു. 1998 -ൽ ഉത്തരപ്രദേശിൽ ഉയർന്നുവന്ന നേതൃത്വ തർക്കം പരിഹരിക്കാൻ കോടതി നിർദ്ദേശിച്ച മാതൃകയാണ് ഇന്നിപ്പോൾ മുന്നിലുള്ളത്. അത് പിന്നീട് ഉത്തരാഖണ്ഡിലും അടുത്തിടെ പരിഗണിക്കപ്പെട്ടിരുന്നു. യുപിയിൽ പ്രതിസന്ധിയുണ്ടായപ്പോൾ എ ബി വാജ്‌പേയി അനിശ്‌ചിതകാല നിരാഹാര സമരം തുടങ്ങിയതും മറ്റും ഓർക്കുക.

കാര്യങ്ങൾ ശശികലക്ക് വിഷമകരമാവുന്നു എന്നാണ് ഓരോ ദിവസം ചെല്ലുന്തോറും വ്യക്തമാവുന്നത്. എംഎൽഎ മാരെ തടങ്കലിൽ പാർപ്പിച്ചതുസംബന്ധിച്ച ഹേബിയസ് കോർപ്പസ് കേസിൽ ഇന്നിപ്പോൾ ഡിജിപി ചെന്നൈ ഹൈക്കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് അവരെ മോചിപ്പിക്കാത്തതെന്നും മറ്റും കോടതി ചോദിക്കുകയുമുണ്ടായി. ഇക്കാര്യത്തിൽ കോടതിയുടെ നിർദ്ദേശം നാളെ ഉണ്ടാവുമെന്ന് ഏറെക്കുറെ തീർച്ചയാണ്. അതോടെ എംഎൽഎ മാരെ തടങ്കലിൽ നിന്ന് ശശികലക്ക് മോചിപ്പിക്കേണ്ടതായി വന്നേക്കാം. അല്ലെങ്കിൽ അതിനു നടപടി സ്വീകരിക്കാൻ സർക്കാരിന് കഴിയുന്ന അവസ്ഥവന്നു ചേരും. മറ്റൊന്ന്, നിയമസഭാ സമ്മേളിക്കുന്നതിനു മുൻപായി ശശികല പ്രതിയായ അഴിമതിക്കേസിലെ സുപ്രീം കോടതിവിധിയും പുറത്തുവരും എന്ന് കേൾക്കുന്നു. നാളെത്തന്നെ ഈ സുപ്രധാന സുപ്രീം കോടതി വിധി ഉണ്ടാവാനുള്ള സാധ്യതയും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത്തിട്ടുണ്ട്.

കല്യാൺ സിങ് സർക്കാരിന്റെ പുറംതള്ളി മുഖ്യമന്ത്രിയായ ജഗദംബിക പാൽ സർക്കാറിന്റെ കാലത്ത് ഉണ്ടായതാണ് യുപിയിലെ പ്രതിസന്ധി. അന്ന് രാഷ്ട്രീയം കളിച്ചത് കോൺഗ്രസിന്റെ ദല്ലാളായി അറിയപ്പെട്ടിരുന്ന റൊമേഷ്‌ ഭണ്ഡാരി എന്ന ഗവർണറാണ്. കല്യാൺ സിങ്ങിന് ഭൂരിപക്ഷം നഷ്ടമായോ എന്ന് പരിശോധിക്കാതെ കോൺഗ്രസുകാരനായിരുന്ന ജഗദംബിക പാലിനെ മുഖ്യമന്ത്രിയാക്കുകയാണ് ഗവർണർ ചെയ്തത്. കോംപോസിറ്റ് വോട്ട് എന്നാണ് അതിനെ അന്ന് വിശേഷിപ്പിച്ചത്. രണ്ട്‌ നേതാക്കളിൽ ആർക്കാണ് ഭൂരിപക്ഷം എന്ന് നോക്കാനാണ് കോടതി ഉത്തരവിട്ടത്. പിന്നീട് ഉത്തരാഖണ്ഡിലും സമാനമായ ചിത്രം കണ്ടു. കോടതി നിർദ്ദേശിച്ച നിരീക്ഷകന്റെ സാന്നിധ്യത്തിൽ സഭയിൽ വോട്ടെടുപ്പ് നടത്താനും , ഫലം, ബാലറ്റ് അടക്കം, സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കാനുമാണ് അന്ന് നിർദ്ദേശിച്ചത്.

അതെ സമ്പ്രദായം തമിഴ്‌നാട്ടിൽ അനുവദിച്ചാൽ ഓ പനീർശെൽവത്തിന് കാര്യങ്ങൾ അനുകൂലമാവും, സംശയമില്ല. ഇതാണ് അവലംബിക്കാൻ പോകുന്ന രീതിയെങ്കിൽ രഹസ്യ വോട്ടാണ് നിയമ സഭയിൽ നടക്കുക; ബാലറ്റ് ഉണ്ടാവും എന്നുതീർച്ച. ബാലറ്റുകൾ കോടതിയിലെത്തിക്കാനാണല്ലോ ഉത്തരാഖണ്ഡ് കേസിലെ ഹൈക്കോടതി ഉത്തരവ്. രഹസ്യ വോട്ടെടുപ്പ് നടന്നാൽ ഇന്നിപ്പോൾ ശശികലക്കൊപ്പം നിൽക്കുന്ന എംഎൽഎമാരിൽ വലിയൊരു ശതമാനം പനീർശെൽവത്തിനൊപ്പം അണിനിരക്കും എന്നത് തീർച്ചയാണ്. രഹസ്യ കേന്ദ്രത്തിൽ കഴിയുന്ന എംഎൽഎമാർ പുറത്തുവന്നാൽ ജനങ്ങളുടെ മൂഡ് വ്യക്തമാവും എന്നതും പ്രധാനമാണ്. ഇന്നിപ്പോൾ തമിഴ് ജനത ഏതാണ്ട് ഒന്നടങ്കം ശശികലക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌ എന്നതാണ് വസ്തുത. എംപിമാരിൽ വലിയൊരു ശതമാനം പനീർശെൽവത്തിനൊപ്പം നിൽക്കുന്നത് അതുകൊണ്ടാണ്. ശശികല അത്രമാത്രം ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടിരിക്കുന്നു. അത് എംഎൽഎമാർ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാൽ റിസോർട്ടിൽ കഴിയുന്ന അവർക്കിന്ന് കാര്യങ്ങൾ വെട്ടിത്തുറന്ന്‌ പറയാനാവുന്നില്ല. ശശികലയെ അഴിമതികേസിൽ സുപ്രീം കോടതി ശിക്ഷിച്ചാൽ പിന്നെ സംശയമില്ല, പനീർശെൽവം ക്യാമ്പിലേക്ക് എല്ലാവരും തിരിച്ചുവരികതന്നെ ചെയ്യും.

നിയമസഭാ വിളിച്ചുകൂട്ടാനും അവിടെ ഭൂരിപക്ഷം തെളിയിക്കാനും ആവശ്യപ്പെട്ടാൽ പിന്നെ ഗവർണർക്കും തലവേദന ഇല്ലാതായി. ഇപ്പോൾ ഗവർണർ വിദ്യാസാഗർ റാവുവിനെ പ്രതിക്കൂട്ടിലാക്കാൻ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്. ഗവർണർ തന്റെ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി, കാലതാമസം വരുത്തി എന്നൊക്കെ ആക്ഷേപങ്ങൾ ഉയർത്തുന്നുണ്ട്‌. വേണ്ടുന്ന സമയമെടുത്ത് നിയമോപദേശവും മറ്റും തേടാനും വേണ്ടതായ തീരുമാനമെടുക്കാനുമാണ് ഗവർണർ ശ്രമിച്ചത്. യഥാർഥത്തിൽ വലിയൊരു വിവാദ വിഷയത്തിൽ വലിയ തലവേദന കൂടാതെ തീരുമാനമുണ്ടാക്കാൻ വിദ്യാസാഗർ റാവുവിന് കഴിയുന്നു എന്നതാണ് പ്രധാനം. ഗവർണറുടെ നിലപാടിനെ നേരത്തെതന്നെ കോൺഗ്രസ് നേതാവ് പി ചിദംബരം അടക്കമുള്ളവർ പരസ്യമായി പ്രകീർത്തിച്ചതാണ് . തീർച്ചയായും തമിഴ്‌നാട്ടിലെ പ്രശ്നങ്ങൾ പുതിയ ചില രാഷ്ട്രീയ – നിയമ – ഭരണഘടനാ കീഴ് വഴക്കങ്ങൾക്കും വഴിവെക്കുകയാണ് എന്നതിൽ സംശയമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button