Writers' Corner

ഉടയുന്ന ബിബങ്ങള്‍: ആദര്‍ശവും ധൈര്യവും ഇല്ലാത്ത ആദര്‍ശധീരന്‍; തിന്നുകയും തീറ്റിക്കുകയുമില്ലാത്ത നിഷ്ക്രിയത്വത്തിന്റെ നേതൃവര്യന്‍

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ പറ്റി രഞ്ജിത്ത് ഏബ്രഹാം തോമസ് എഴുതുന്നു

അങ്ങനെ ഒരു ബിംബം കൂടി വീണുടയുന്നു. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, മനസില്‍ പ്രതിഷ്ഠിച്ചിരുന്ന വി.എം സുധീരന്‍ എന്ന ‘ധീരനായ’ നേതാവ് വെറുമൊരു കടലാസ് പുലിയും അധീരനും മാത്രമാണെന്ന് അണികള്‍ മനസിലാക്കിയിരിക്കുന്നു. നേരത്തെ എ, ഐ ഗ്രൂപ്പുകള്‍ക്ക് മാത്രം വെറുക്കപ്പട്ടവന്‍ ആയിരുന്ന വിഎം സുധീരന്‍ ഇപ്പോള്‍ അണികള്‍ക്കും വേണ്ടാത്തവനായി എന്നാണ് പൊതു സംസാരം

കെപിസിസി പ്രസിഡന്റ് ആയിരുന്ന രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതോടെയാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയൊരു പ്രസിഡന്റിനെ ആവശ്യമായി വന്നത്. അന്നത്തെ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയനെ തല്‍സ്ഥാനത്തേക്ക് കൊണ്ടുവരണം എന്നായിരുന്നു ഇരുഗ്രൂപ്പുകളുടെയും ആഗ്രഹം. അതിനായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കരുക്കള്‍ നീക്കുകയും ചെയ്തു. പക്ഷേ, ഹൈക്കമാന്റ് തീരുമാനം മറ്റൊന്നായിരുന്നു. ആദര്‍ശത്തിന്റെ മൂടുപടം അണിഞ്ഞ വി എം സുധീരനെ, കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏല്‍പ്പിക്കുകയാണ് എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ചെയ്തത്. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതാകട്ടേ, ടി എന്‍ പ്രതാപന്‍ എന്ന കൂട്ടത്തില്‍ കൂടാത്ത നേതാവും ! അതോടെ കോണ്‍ഗ്രസിന്റെ പ്രതാപകാലം തന്നെ അസ്തമിച്ചു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി ഉന്തിയും തള്ളിയും കൊണ്ടുപോയിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ കൃത്യമായി കുഴിയില്‍ തന്നെ ചാടിച്ച് വി.എം സുധീരന്‍ കൃതാര്‍ത്ഥനായി. മറ്റൊരര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി അടിക്കുകയായിരുന്നു വിഎം സുധീരന്‍. കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റതു മുതല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാടുകളാണ് സുധീരന്‍ സ്വീകരിച്ചത്. കോണ്‍ഗ്രസിലെ ‘വിഎസ് ‘ ആകാന്‍ ശ്രമിച്ച ‘വി എം സുധീരന്‍’ അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശയിലാഴ്ത്തി‍.

മദ്യ നയത്തില്‍ സുധീരന്‍ സ്വീകരിച്ച വ്യത്യസ്ത നിലപാടുകള്‍ മദ്യത്തില്‍ വെള്ളം ചേര്‍ക്കുന്നതുപോലെയായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഷ്ടക്കാര്‍ക്ക് സീറ്റ് നേടിക്കൊടുക്കാനുള്ള സുധീരന്റെ ‘കളികളും’ കേരളത്തിലെ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഞെട്ടലോടെയാണ് കണ്ടത്. അതിന് അദ്ദേഹം കണ്ടുപിടിച്ച ‘അടവുകള്‍’ സാക്ഷാല്‍ കരുണാകരനെ പോലും തോല്‍പ്പിക്കുന്നതായിരുന്നു. തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് സീറ്റ് കിട്ടാന്‍, ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തര്‍ക്കെതിരെ പരസ്യമായ നിലപാട് എടുത്തു. കെ. ബാബു ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റ് ഉറപ്പാക്കേണ്ട ഉമ്മന്‍ ചാണ്ടി അവസാനം സുധീരന് വഴങ്ങി. അങ്ങനെ വെള്ളം കലക്കി തന്നെ സുധീരന്‍ തനിക്കാവശ്യമായ സീറ്റുകള്‍ ഒപ്പിച്ചെടുത്തു. എന്നാല്‍ കാര്യങ്ങള്‍ അവിടംകൊണ്ടും തീര്‍ന്നില്ല. സുധീരന്റെ വിമര്‍ശന ശരങ്ങള്‍ ഏറ്റു വാങ്ങിയവരെല്ലാം തെരഞ്ഞെടുപ്പില്‍ തോറ്റു തുന്നംപാടി. ഇതിനിടക്ക് ആദര്‍ശ പദവിയില്‍ സുധീരന്റെ ജൂനിയറാകാന്‍ കുപ്പായമിട്ട് നടക്കുന്ന പ്രതാപന്റെ കപടമുഖവും മലയാളികള്‍ കണ്ടു. ഇതിന് പിന്നിലും സുധീരന്‍ ആണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നത്. അവസാനം തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് അതിവേഗം ബഹുദൂരം പിന്നിലായി. ഇതോടെ സുധീരന് പണി കൊടുക്കണം എന്ന് മനസില്‍ ഉറപ്പിച്ച ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കാതെ നൈസായി ഒഴിഞ്ഞു. സുധീരനെ തളക്കാന്‍ തന്റെ പ്രഖ്യാപിത ശത്രുവായ രമേശ് ചെന്നിത്തലയെ അദ്ദേഹം പോലും അറിയാതെ ഗോദയില്‍ ഇറക്കി. പൊതുവെ മിതവാദിയായ ഉമ്മന്‍ ചാണ്ടിയേക്കാള്‍ തീവ്രവാദിയായ ചെന്നിത്തലയെ സുധീരന്‍ ഭയന്നു. ചെന്നിത്തലയെ നേരിടാന്‍ സാക്ഷാല്‍ കരുണാകരപുത്രനെ തന്നെ കളത്തിലിറക്കാന്‍ സുധീരനും‍ തീരുമാനിച്ചു. എന്നാല്‍, സുധീരന് ഒപ്പം നിന്നാല്‍ തനിക്കിപ്പോഴുള്ള സ്വീകാര്യത നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ മുരളീധരന്‍ പന്ത് മടക്കി. ഇതോടെ ഗോള്‍പോസ്റ്റ് വിട്ട് ഗോളി തന്നെ കളിക്കാന്‍ ഇറങ്ങി. എണ്ണിനോക്കിയാല്‍ ആയിരം ഫാന്‍സ് പോലും തികച്ചില്ലാത്ത വിഎം സുധീരന്‍ പക്ഷേ ഡിസിസി തെരഞ്ഞെടുപ്പിലും കരുത്ത് കാട്ടി. തലസ്ഥാന ജില്ലയില്‍ തന്റെ നോമിനിയെ ഡിസിസി പ്രസിഡന്റ് ആക്കിയ സുധീരന്‍ ഇരു ഗ്രൂപ്പുകളെയും പരസ്യമായി വെല്ലുവിളിക്കുക കൂടിയാണ് ചെയ്തത്.

നാണംകെട്ട ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ വക്താവായി വി എം സുധീരന്‍ എന്ന ആദര്‍ശവാന്‍ അധപതിച്ചപ്പോള്‍ നഷ്ടം വന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെയായിരുന്നു. ഒറ്റയംഗം മാത്രമുള്ള ബിജെപി പ്രതിപക്ഷ പാര്‍ട്ടിയെന്ന സ്ഥാനം തന്നെ തട്ടിയെടുത്തു. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സമരം പോലും നേരെചൊവ്വേ നടത്താന്‍ കഴിയാത്ത അവസ്ഥ വന്നു. പത്രത്താളുകളില്‍ പോലും സുധീരന്‍ അപ്രസക്തനായി. ഒരു പൊതുശത്രുവിനെ നേരിടാന്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മുരളീധരനും എന്നുവേണ്ട കോണ്‍ഗ്രസിലെ സകല ഗ്രൂപ്പുകളും ഒന്നായി. മുമ്പ് വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ എങ്കിലും സുധീരന് ജയ് വിളിച്ചിരുന്നെങ്കിലും ഇന്ന് അതും കേള്‍ക്കാതെയായി. അതിന്റെ തെളിവാണ് കൊല്ലത്ത് നിന്നുള്ള ഒരു പ്രവര്‍ത്തകന്റെ ഈ വാക്കുകള്‍, ”ഞാന്‍ ഇരുപത്തി ഒന്ന് ദിവസമായി ഒരാവശ്യത്തിന് അദ്ദേഹത്തെ വിളിക്കുന്നു. ഒന്ന് ഫോണ്‍ എടുക്കാനുള്ള മനസ് പോലും അദ്ദേഹത്തിന് ഇല്ല.” ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് വിശ്വസിക്കാന്‍ വയ്യ. പ്രവര്‍ത്തകരുടെ ആവേശമായ ഉമ്മന്‍ ചാണ്ടിയേയും അണികളെ ഒപ്പം നിര്‍ത്തുന്ന ചെന്നിത്തലയേയും അദ്ദേഹം കണ്ടുപഠിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ സുതാര്യം സുധീരനെ പടിയടച്ച് പിണ്ടം വയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button