Prathikarana Vedhi

കേരളം ഉണങ്ങി വരളുന്നു ഒന്നും കാണാനാകാതെ അന്ധത ബാധിച്ചു ഒരു സര്‍ക്കാര്‍ ക്രിമിനലുകളെ തീറ്റിപ്പോറ്റാനുള്ള തത്രപ്പാടില്‍ ഒന്നിനും ആര്‍ക്കും സമയമില്ല – നിരജ്ഞന്‍ ദാസിന്റെ ശ്രദ്ധേയമായ ലേഖനം

ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത അതിരൂക്ഷമായ വരള്‍ച്ചയിലേക്കാണ് കേരളം എത്തിയിരിക്കുന്നത്. ജലക്ഷാമം മിക്ക പ്രദേശങ്ങളിലും രൂക്ഷമായി. ഭൂരിഭാഗം നദികളും വറ്റിവരണ്ടുതുടങ്ങി. കാര്‍ഷികവിളകളെല്ലാം വാടിക്കരിഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ജനം പൊറുതിമുട്ടി തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടാകും. ഇത്രയേറെ സ്ഥിതി ദുസ്സഹമായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉദാസീനമായിരിക്കു എന്നതാണ് ഏറ്റവും ശ്രദ്ധേയം. അധികാരമേറ്റതിനു പിന്നാലെ നടന്ന നിയമസഭാ സമ്മേളത്തില്‍ കേരളത്തെ വരള്‍ച്ച ബാധിത പ്രദേശമായി സര്‍ക്കാരാണ് ഇപ്പോള്‍ ഇത്ര നിസംഗരായിരിക്കുന്നതെന്നു സംസ്ഥാനത്തെ പ്രതിപക്ഷവും കുറ്റപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പൊതുവേ മെല്ലെപ്പോക്കാണെന്ന വിമര്‍ശനം ശക്തമാണ്. ഇടതുമുന്നണിയിലെ ചില ഘടകകക്ഷികള്‍ തന്നെ ഇക്കാര്യം പരസ്യമായി ഉന്നയിച്ചിട്ടുമുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചാവിഷയമാകുകയും വിവിധ വകുപ്പുമന്ത്രിമാരില്‍നിന്നു വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയതായി മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. അതേസമയം വരള്‍ച്ച മുന്നില്‍ കണ്ടുള്ള ഒരുക്കങ്ങള്‍പോലും സാധ്യമാക്കാതിരുന്നത് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ജനങ്ങളുടെ പൊതുവായ ആവശ്യങ്ങള്‍ക്കു പരിഹാരം കാണുന്നതില്‍പോലും സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയിരിക്കുകയാണെന്നാണ് ആക്ഷേപം.

വേനല്‍ ഏറ്റവും തീക്ഷ്ണമായ അവസ്ഥയിലെത്തിയിട്ടില്ലെങ്കിലും 200 കോടിയിലേറെ രൂപയുടെ കൃഷിനാശം ഇപ്പോള്‍ തന്നെ സംഭവിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. 25707 ഹെക്ടറിലെ കൃഷിയാണു വേനലില്‍ നശിച്ചിട്ടുള്ളത്. പാലക്കാട്ടാണ് നെല്‍കൃഷി ഏറ്റവും കൂടുതല്‍ നശിച്ചത്-11,524 ഹെക്ടര്‍. വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കുരുമുളക്, കാപ്പി, ഏലം തുടങ്ങിയ നാണ്യവിളകള്‍ക്കും നാശമുണ്ടായി. അതേസമയം വരള്‍ച്ച കൃഷിയെയും ഉല്‍പ്പാദനത്തെയും സാരമായി ബാധിച്ചതായി കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും സാക്ഷ്യപ്പെടുത്തുന്നു. അസാധാരണമായ വിളനഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടലെന്നും മന്ത്രി പറയുന്നു. എന്നാല്‍ സര്‍ക്കാരിന്റെ കണക്കുകൂട്ടലിനും അപ്പുറമാണ് കാര്യങ്ങള്‍. ജലസംഭരണികളെല്ലാം വറ്റിവരളുകയാണ്. സംസ്ഥാനത്തിന്റെ പലഭാഗത്തും നാലു മീറ്ററോളം ഭൂഗര്‍ഭ ജലവിതാനം താഴ്ന്നു എന്നാണു കേന്ദ്ര ഭൂജലവകുപ്പു കണ്ടെത്തിയിരിക്കുന്നത്. 82% കിണറുകളിലും രണ്ടു മുതല്‍ നാലു മീറ്റര്‍ വരെ ജലനിരപ്പു താണിട്ടുണ്ട്. പാലക്കാട്ട് കുഴല്‍കിണറുകള്‍ പോലും വറ്റിവരണ്ടിരിക്കുന്നു. കടുത്ത ശുദ്ധജല ക്ഷാമമാണു മുന്നിലെന്നതിന്റെ വ്യക്തമായ അപകട സൂചനയാണിത്. ഇടവപ്പാതി ചതിച്ചപ്പോള്‍തന്നെ വരാന്‍ പോകുന്ന വിപത്തിനെപ്പറ്റി വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി എടുത്തിരുന്നില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയമായി പ്രശ്‌നം സഭയുടെ മുന്നില്‍ കൊണ്ടുവന്നിരുന്നു. അന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ കേരളത്തെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. വരള്‍ച്ച നേരിടാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് 26 ഇന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണു റവന്യു മന്ത്രി സഭയില്‍ പറഞ്ഞത്. എന്തൊക്കെയാണു നിര്‍ദേശങ്ങളെന്ന് ആര്‍ക്കും അറിയില്ല. ജില്ലാ കലക്ടര്‍മാര്‍ അതതു ജില്ലകളിലെ എംഎല്‍എമാരെക്കൂടി പങ്കെടുപ്പിച്ച് ഈ 26 നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ആവശ്യപ്പെട്ടെങ്കിലും തുടര്‍ നടപടി ഉണ്ടായിട്ടില്ല.
വരള്‍ച്ചയുടെ കാഠിന്യവും ശുദ്ധജലക്ഷാമത്തിന്റെ രൂക്ഷതയും വര്‍ഷം കഴിയുന്തോറും വര്‍ധിച്ചു വരുന്നു. ഇതു നേരിടുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളും തല്‍ക്കാലമുള്ള വേനല്‍ പ്രതിരോധ നടപടികള്‍ക്കൊപ്പം ആവശ്യമാണ് എന്നിരിക്കേ സംസ്ഥാന സര്‍ക്കാര്‍ മറ്റേതൊക്കെയോ പ്രതിസന്ധികളിലും നടപടികളിലും കുഴങ്ങി സമയം കളയുകയാണെന്ന ആക്ഷേപം ശക്തമാണ്. എല്ലാം ശരിയാകുമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടതുമുന്നണി ഭരണം തുടങ്ങി എട്ടുമാസം പിന്നിട്ടിട്ടും ഒന്നും ശരിയാകാത്ത അവസ്ഥയാണ്. ക്രിമിനലുകളെ തീറ്റിപ്പോറ്റാനുള്ള തത്രപ്പാടില്‍ ഒന്നിനും ആര്‍ക്കും സമയമില്ല എന്നതാണ് യാഥാര്‍ഥ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button