Prathikarana Vedhi

മഹാരാഷ്ട്ര മുനിസിപ്പാലിറ്റികളിൽ ബിജെപിയുടെ അശ്വമേധം തുടരുമ്പോൾ മനസിലാകുന്നത് വിവേകമുള്ള ജനങ്ങള്‍ വികാരത്തിന് അടിപ്പെടാതെ വിചാരത്തോടെ വിധി നിര്‍ണ്ണയിച്ചപ്പോള്‍ അച്ഛാ ദിൻ വന്നു രഞ്ജിത്ത് എബ്രഹാം തോമസ് എഴുതുന്നു

ഛത്രപതി ശിവജിയുടെ മണ്ണില്‍ അശ്വമേധം തുടരുകയാണ് ബിജെപി. എതിരാളികളെ നിലംപരിശാക്കി പാര്‍ട്ടി നടത്തിയ തേരോട്ടത്തെ ‘ഐതിഹാസികം’ എന്നു വിശേഷിപ്പിച്ചാലും അതിശയോക്തിയാവില്ല. വാക്കുകള്‍ക്ക് അവര്‍ണ്ണനീയമാണ് ഇപ്പോള്‍ നേടിയ ഈ വിജയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ കൂറ്റന്‍ വിജയം പോലും ഈ വിജയത്തിന് പിന്നില്‍ വഴിമാറുമ്പോള്‍ മത്സരിക്കേണ്ടത് പൂര്‍വ്വ ചരിത്രത്തോടാണെന്ന നിരാശ മാത്രമാകും പാര്‍ട്ടി നേതാക്കള്‍ക്കുള്ളത്. എന്തുകൊണ്ടാണ് ഈ വിജയത്തിന് ഇത്രമാത്രം തിളക്കം ? എന്തുകൊണ്ടാണ് ഒരു തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ രാജ്യം ഉറ്റു നോക്കിയത് ? ഈ രണ്ടു ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് ‘നരേന്ദ്ര ദാമോദര്‍ ദാസ് മോദി’. യഥാര്‍ത്ഥത്തില്‍ മോദിയും മോദി വിരുദ്ധരും തമ്മിലുള്ള യുദ്ധമാണ് ഇവിടെ നടന്നത്. കുരുക്ഷേത്ര ഭൂമിയില്‍ ധര്‍മ്മം കാത്തുസൂക്ഷിക്കാന്‍ പോരാടിയ പഞ്ചപാണ്ഡവര്‍ പോലും ഇത്രയും പരീക്ഷണങ്ങള്‍ നേരിട്ടുണ്ടാവില്ല. എവിടെയും സത്യം ജയിക്കും എന്ന മഹത് വചനം ഒരിക്കല്‍ കൂടി അന്വര്‍ത്ഥമാവുകയാണ്.

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ പ്രധാന മന്ത്രി മോദിയെ സംബന്ധിച്ചടത്തോളം അഗ്നി പരീക്ഷയുടെ നാളുകള്‍ തന്നെയായിരുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച സ്വന്തം രാജ്യത്ത് ഒരു ശുദ്ധികലശം അനിവാര്യമെന്ന് തോന്നിയപ്പോള്‍ അദ്ദേഹം അത് ചെയ്തു. ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍ വലിക്കുമ്പോള്‍ താന്‍ ഇത്രമാത്രം ക്രൂശിക്കപ്പെടുമെന്ന് അദ്ദേഹം സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല. പിന്നീട് നേരിട്ടത് വിചാരണകളുടെ വേലിയേറ്റമാണ്. ലോകസഭയില്‍ രണ്ടക്കം പോലും തികക്കാനില്ലാത്ത രാഷ്ട്രീയ രാഷ്ട്രീയ പാര്‍ട്ടികളുടെ വരെ വിചാരണ, കേരളം മുതല്‍ കാശ്മീര്‍ വരെയുള്ള മാധ്യമങ്ങളുടെ വിചാരണ, ജനങ്ങളെ തെരുവിലിറക്കിയും അലമുറയിടീപ്പിച്ചും ചില തല്‍പ്പര കക്ഷികള്‍ കാട്ടിക്കൂട്ടിയ മനസാക്ഷി വിചാരണ. പ്രതിക്കൂട്ടില്‍ ഒറ്റക്ക് നിന്നിട്ടും പോരാട്ട വീഥിയില്‍ ആത്യന്തിക വിജയം മോദി നേടി. കുപ്രചരണങ്ങള്‍ക്ക് തകര്‍ക്കാന്‍ പറ്റാത്ത വിശ്വ നായകനായി സ്വന്തം സിംഹാസനത്തില്‍ അദ്ദേഹം അമര്‍ന്നിരിക്കുമ്പോള്‍ അത് ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ അടയാളമായി സാക്ഷ്യപ്പെടുത്താം. കാരണം, നോട്ട് നിരോധനത്തിന്റെ ആദ്യ നാളുകളില്‍ രാജ്യത്തെ പാവപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള കോടിക്കണക്കിന് ആളുകള്‍ നിരവധി ക്ളേശങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കയ്യില്‍ കാശുണ്ടായിട്ടും പട്ടിണി കിടക്കേണ്ട നിസഹായത… ഉറപ്പിച്ച് വച്ച വിവാഹങ്ങള്‍ നീട്ടി വയ്ക്കേണ്ട ഗതികേട്… നടക്കേണ്ടിയിരുന്ന കച്ചവടങ്ങളും കൈമാറ്റങ്ങളും മുടങ്ങിപ്പോകുന്ന ദുരവസ്ഥ! പലതും ഇന്നാട്ടിലെ ജനങ്ങള്‍ അനുഭവിച്ചു. എന്നിട്ടും ആരുമെന്തേ മോദിയോട് പ്രതികാരം ചെയ്തില്ലേ?

മോദിക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കും എന്ന് പറഞ്ഞവരൊക്കെ എവിടെ ഓടി ഒളിച്ചു? ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യത്താണ് ഈ നോട്ടു നിരോധനവും അതേ തുടര്‍ന്ന് ഒരു തെരഞ്ഞെടുപ്പും നടന്നതെന്ന് ഓര്‍ക്കണം. ജനങ്ങള്‍ക്ക് വിധി പറയാനുള്ള സുവര്‍ണ്ണാവസരം. ! പ്രത്യേകിച്ചും രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മഹാരാഷ്ട്രയിലാണ് ഈ പോരാട്ടം നടന്നതെന്നത് ഇതിന്റെ പ്രാധാന്യം എടുത്ത് കാട്ടുന്നു. കാരണം നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നെന്നും വ്യാപാരികള്‍ കടക്കെണിയിലായെന്നും അതുകൊണ്ട് തന്നെ അവരൊക്കെ മോദിക്ക് എതിരാണെന്നുമായിരുന്നു ഒരുകൂട്ടരുടെ പ്രചരണം. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ നിയന്ത്രിക്കുന്ന മുംബൈ തന്നെ ഇതിന് മറുപടി നല്‍കിയപ്പോള്‍, ഇതിന്റെ മുകളില്‍ ഇനി മറ്റൊരു വാക്കില്ല എന്നായിരിക്കുന്നു. ഈ അവസരത്തില്‍ മഹാരാഷ്ട്രയിലെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും ഈ ഫലവും ഒന്ന് താരതമ്യം ചെയ്യുന്നത് ഉചിതമാകും. കഴിഞ്ഞ പ്രാവശ്യം പ്രബലമായ സഖ്യത്തിന്റെ പിന്തുണയുണ്ടായിട്ടും ബിജെപി നേടിയത് 31 സീറ്റ്. ഇക്കുറി ഒറ്റക്ക് നിന്ന് 82 സീറ്റ്. അതും ശക്തരായ മൂന്ന് കക്ഷികളോട് മത്സരിച്ച് ! പത്ത് കോര്‍പ്പറേഷനുകളില്‍ എട്ടിലും വിജയം. വിജയിച്ച സ്വതന്ത്രന്‍മാര്‍ പോലും പിന്തുണ അറിയിച്ച് പിറകെ നടക്കുന്നു. ഇത് ബിജെപിയുടെ ദിനങ്ങളാണ്. ഈ കൊടുങ്കാറ്റില്‍ പിഴുതെറിയപ്പെട്ടത് അറുപത് വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണ്. മഹാരാഷ്ട്രയില്‍ മാത്രം വേരോട്ടമുണ്ടായിരുന്ന എന്‍സിപിയും ഇതോടെ ചരിത്രത്തിന്റെ ഭാഗമാവുകയാണ്.
വിവേകമുള്ള ജനങ്ങള്‍ വികാരത്തിന് അടിപ്പെടാതെ വിചാരത്തോടെ വിധി നിര്‍ണ്ണയിച്ചപ്പോള്‍ നല്ല നാളെകള്‍ ആണ് സമാഗതമാകുന്നത്. അതിന്റെ കൊടിയേറ്റമാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നടന്നതും.

shortlink

Post Your Comments


Back to top button