Editorial

കുടിവെള്ളത്തിനു വേണ്ടിയുള്ള പോരാട്ടം തുടങ്ങി കഴിഞ്ഞു; സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായതോടെ കുടിവെള്ളത്തിനായുള്ള നെട്ടോട്ടവും പോരാട്ടവും ശക്തമാവുകയാണ്. ജലസ്രോതസ്സുകളില്‍നിന്നും ജലസംഭരണികളില്‍നിന്നും ജലമോഷണവും ജല ചൂഷണവും തടയുന്നതിന് പ്രദേശവാസികളും ജാഗ്രത പാലിച്ചു തുടങ്ങി. അതേസമയം കുടിവെള്ള മാഫിയ സംസ്ഥാനത്തെ പാറമടകള്‍ അടക്കമുള്ള ജലസ്രോതസ്സുകളില്‍നിന്നും ജലം മോഷണം നടത്തുന്നതും പതിവായി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് കല്ലടിച്ചവിളയിലെ പാറമടയില്‍നിന്നും കഴിഞ്ഞ ആറുമാസമായി പമ്പുകള്‍ ഉപയോഗിച്ച് ടാങ്കര്‍ ലോറികളില്‍ ജലം കടത്തിയിരുന്നത് കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞതാണ് ഒടുവിലത്തെ സംഭവം. രണ്ടാഴ്ചയില്‍ ഏറെയായി ജലവിതരണം തടസ്സപ്പെട്ട നിരവധി പ്രദേശങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്തുണ്ട്.

ശരിയായ ജലസംരക്ഷണ നയം ഇല്ലാത്തതാണ് സംസ്ഥാനത്ത് കുടിവെള്ളക്ഷാമം ഇത്രയേറെ രൂക്ഷമാക്കിയതെന്നു സംസ്ഥാന ബജറ്റില്‍ മന്ത്രി തോമസ് ഐസകും വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ പുതിയതായി ആരംഭിച്ച ഹരിത കേരളം മിഷന്‍ ജലസംരക്ഷണത്തിനു മുന്‍തൂക്കം നല്‍കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. അതിനിടെ സംസ്ഥാനത്തെ ഭൂരിഭാഗം കുടിവെള്ള സ്രോതസ്സുകളും വിഷമയമാണെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ച 2016ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അശാസ്ത്രീയമായ ശുചിത്വശീലങ്ങളും വിവേചനരഹിതമായ മാലിന്യനിര്‍മാജനവുമാണ് ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. ബാക്ടീരിയകളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യംമൂലം ഭൂരിപക്ഷം കുടിവെള്ള സ്രോതസ്സുകളും മാലിന്യമയമാണ്.

സംസ്ഥാനത്തെ 118023 സ്രോതസ്സുകളില്‍ നടത്തിയ പരിശോധനയില്‍ 12641ലും ഇ-കോളി ബാക്ടീരിയ കണ്ടത്തെി. 93653 എണ്ണത്തില്‍ കോളിഫോം ബാക്ടീരിയയും 3451ല്‍ മറ്റ് മാലിന്യങ്ങളും സ്ഥിരീകരിച്ചു. 61248 എണ്ണത്തില്‍ ഏക രാസമാലിന്യ സാന്നിധ്യവും 1698 എണ്ണത്തില്‍ ഇരുമ്പിന്റെ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത ജലദൗര്‍ലഭ്യവും വരള്‍ച്ചയും നേരിടുകയാണ് പല ജില്ലകളും. ആളോഹരി ജലലഭ്യത ഏറ്റവും കുറവ് കാസര്‍ഗോട് ജില്ലയിലാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലും ആളോഹരി ജലലഭ്യത കുറവാണ്. അതിനിടെ കുടിവെള്ള പ്രശ്‌നം രൂക്ഷമായതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഉപവാസസമരവും പ്രതിഷേധ പരിപാടികളുമായും രംഗത്തെത്തിയിട്ടുണ്ട്. അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതോടെ സംസ്ഥാനം കടുത്ത പ്രതിസന്ധിയാലാകുമെന്ന് ഉറപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button