IndiaNews

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി ഉടന്‍ അധ്യക്ഷനാകണമെന്ന് ആവശ്യം !

ന്യൂഡല്‍ഹി: അടുത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയിട്ടും രാഹുല്‍ ഗാന്ധിക്കു പിന്നില്‍ ഉറച്ചുനിന്ന് ഒരുപറ്റം കോണ്‍ഗ്രസ് നേതാക്കള്‍. തോല്‍വിയൊന്നും പ്രശ്‌നമാക്കേണ്ട പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനം രാഹുല്‍ ഉടന്‍ ഏറ്റെടുക്കണമെന്നും പാര്‍ട്ടിയെ നയിക്കണമെന്നും രാഹുലിനെ വിമര്‍ശിക്കുന്നത് ഫാഷനാക്കിയവരാണ് തോല്‍വിക്ക് രാഹുലിനെ കുറ്റം പറയുന്നതെന്നുമൊക്കെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ കനത്ത തോല്‍വിയില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോളാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ച് പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനായുദ്ധങ്ങള്‍.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ പാര്‍ട്ടി ദേശീയ നേതൃത്വം മാറേണ്ടതില്ലെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍ പറയുന്നു. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലക്ക് തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കാന്‍ താന്‍ തയ്യാറാണെന്ന് ചലചിത്രതാരം കൂടിയായ രാജ്ബബ്ബാര്‍ അറിയിച്ചു. പാര്‍ട്ടിയുടെ ദേശീയ നേതൃത്വം വിജയത്തിനായി കഠിനമായി പ്രയത്‌നിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയെ അടിമുടി മാറ്റാന്‍ ഘടനാപരമായ മാറ്റം വേണമെന്ന രാഹുലിന്റെ അഭിപ്രായത്തോടെ യോജിക്കുന്നതായും ബബ്ബാര്‍ കൂട്ടിചേര്‍ത്തു.

രാഹുലിനെ വിമര്‍ശിക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയെന്നാണ് കോണ്‍ഗ്രസിലെ വനിതാ നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ രേണുകാ ചൗധരിയുടെ പ്രതികരണം. എല്ലാവരേയും ഇണക്കിചേര്‍ക്കുന്ന മുഖമാണ് രാഹുലെന്നാണ് രേണുകയുടെ പക്ഷം. അദ്ദേഹമില്ലാതെ പാര്‍ട്ടിയ്ക്ക് മുന്നോട്ടു പോകാനാവില്ല. രാഹുലിന് ഞങ്ങളെയല്ല വേണ്ടത്. രാഹുലിനെ ഞങ്ങള്‍ക്കാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

അതേസമയം, മറ്റുനേതാക്കളുടെ പ്രസ്താവനകളെ കടത്തിവെട്ടിയാണ് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ദ്വിഗ് വിജയ് സിംഗിന്റെ രംഗത്തെത്തിയത്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ഉപാധ്യക്ഷ സ്ഥാനം രാഹുല്‍ ഒഴിയുന്ന പ്രശ്‌നമില്ലെന്നുവ്യക്തമാക്കിയ സിംഗ്, ഉടന്‍തന്നെ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്നും ആവശ്യപ്പെട്ടു. പാര്‍ട്ടിയെ പുനര്‍ജീവിപ്പിക്കാന്‍ രാഹുലിനെ അധ്യക്ഷനാക്കുന്നതിലൂടെ കഴിയുമെന്നാണ് ദിഗ്‌വിജയ് സിംഗിന്റെ വാദം.

ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സംസ്ഥാനത്ത് കോണ്‍ഗ്രസിന് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയാതിരുന്നതില്‍ ദിഗ്‌വിജയ് സിംഗ് വിമര്‍ശനമേറ്റുവാങ്ങിക്കൊണ്ടിരിക്കെയാണ് രാഹുലിനു പിന്തുണയുമായി അദ്ദേഹമെത്തിയിരിക്കുന്നത്. ഗോവയുടെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ സിംഗ് ഗോവയില്‍ എത്തി മറ്റു കക്ഷികളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമംനടത്തിയെങ്കിലും മറ്റ് പാര്‍ട്ടികളെ കൂടെക്കൂട്ടാന്‍ കഴിഞ്ഞില്ല. ദിഗ്‌വിജയ് സിഗിനെയും കെ.സി.വേണുഗോപാലിനേയുമാണ് ഗോവയിലേക്ക് പാര്‍ട്ടി കേന്ദ്രനേതൃത്വം നിയോഗിച്ചിരുന്നത്. ഗോവയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനുപിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നിന്ന് സിംഗിനും വേണുഗോപാലിനും നേര്‍ക്ക് വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഒരു സംഘം എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നതിനെക്കുറിച്ചും ആലോചിച്ചുകൊണ്ടിരിക്കുകയാണ്. സ്വയം വന്‍വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ദിഗ്‌വിജയ് സിംഗ് എത്തിയിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഉത്തര്‍പ്രദേശ് അടക്കം അഞ്ചുസംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഇതില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരാണ് നിലവില്‍ വന്നത്. പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണം പിടിക്കാന്‍ കഴിഞ്ഞത്.

shortlink

Post Your Comments


Back to top button