NewsIndia

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയ്ക്കായി ഒരുക്കങ്ങള്‍ തുടങ്ങി ബിജെപി

ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയ്ക്കായി തയാറെടുപ്പുകള്‍ നടത്തി പൂര്‍ണ സജ്ജമാകാന്‍ ബിജെപി. പ്രധാനമന്ത്രിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് അടുത്തപൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. ഉത്തര്‍പ്രദേശിലടക്കം തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലായിരുന്നു പാര്‍ട്ടിയുടെ യോഗം.

യുപിയില്‍ പാര്‍ട്ടിയെ പിന്തുണച്ച ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും മോദി പറഞ്ഞു. ഇതിന്റെ ഭാഗമായി ഭരണഘടനാ ശില്‍പി ബി.ആര്‍.അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14 ന് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് പാര്‍ട്ടി തീരുമാനിച്ചു. ഓരോ പഞ്ചായത്തിലും വാര്‍ഡുകള്‍ തിരിച്ചാകും പരിപാാടികള്‍. ബിജെപിയുടെ സ്ഥാപകദിനമായ ഏപ്രില്‍ ആറിന് നേതാക്കളും പ്രവര്‍ത്തകരും സ്വച്ഛ് ഭാരത് കാമ്പെയ്‌നിലും പങ്കെടുക്കും.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാര്‍ട്ടിയദ്ധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടാനായെങ്കിലും ലോക്‌സഭാതെരഞ്ഞെടുപ്പ് കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുന്നതാണ്. അതിനാല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടിയദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു.

കേന്ദ്രം അടുത്തിടെ പുറത്തിറക്കിയ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള ‘ഭീം’ ആപ്പിന് കൂടുതല്‍ പ്രചാരം നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ആപ്പ് സംബന്ധിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ ബോധവല്‍ക്കരണം നടത്താനും അത് ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കാനും മോദി നിര്‍ദേശിച്ചു. യുവാക്കളാണ് രാജ്യത്തിന്റെ ശക്തിയെന്ന് പറഞ്ഞ മോദി, കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിന് പാര്‍ട്ടി ഊന്നല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. വാര്‍ത്തകള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും യുവാക്കള്‍ മൊബൈലിനെ ആശ്രയിക്കുന്നതിനാല്‍ അവരുമായി സംവദിക്കുന്നതിനും ബന്ധമുണ്ടാക്കുന്നതിനും മൊബൈലിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി നേടിയ വിജയം കുടുംബാധിപത്യത്തിനും ജാതീയതയ്ക്കുമെതിരായ വിജയമാണെന്ന് യോഗം വിലയിരുത്തി. കേന്ദ്രസര്‍ക്കാരിന്റെ സദ്ഭരണത്തിനുള്ള അംഗീകാരം കൂടിയാണ് നിയമസഭാതെരഞ്ഞെടുപ്പ് വിജയമെന്ന് അമിത് ഷാ പറഞ്ഞു.

shortlink

Post Your Comments


Back to top button