NewsInternational

റണ്‍വേയില്‍ കയറിയ നായ താറുമാറാക്കിയത് 16 വിമാനസര്‍വീസുകള്‍; ഒടുവില്‍ നായക്ക് ദാരുണാന്ത്യം

ഓക്ലാന്‍ഡ്: വിമാനത്താവളത്തിലെ റണ്‍വേയില്‍ കയറി തലങ്ങും വിലങ്ങുമോടിയ നായ താറുമാറാക്കിയത് 16 വിമാനസര്‍വീസുകള്‍.

തെരുവുനായയല്ല റണ്‍വേയിലേക്ക് ഓടിക്കയറി പ്രശ്‌നമുണ്ടാക്കിയത്. വിമാനത്താവളത്തിലെ ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായ മികച്ച പരിശീലനം നല്‍കപ്പെട്ടിട്ടുള്ള നായയാണ് അധികൃതരെ പരിഭ്രാന്തിയിലാഴ്ത്തിയത്. ഒടുവില്‍ നായയെ വെടിവച്ചുകൊന്നാണ് പ്രശ്‌നം പരിഹരിച്ചത്. പക്ഷെ, അതോടെ പുതിയ പ്രശ്‌നവും തുടങ്ങി. മയക്കുവെടിവച്ച് പിടിക്കുന്നതിന് പകരം നായയെ വെടിവച്ചുകൊന്നതിനെതിരേ മൃഗസ്‌നേഹികള്‍ രംഗത്തുവന്നതോടെ അധികൃതര്‍ പെട്ടുപോയിരിക്കുകയാണ്. സംഭവത്തിനെതിരേ കേസ് കൊടുക്കുമെന്നാണ് മൃഗസ്‌നേഹികള്‍ പറയുന്നത്.

ന്യൂസിലാന്‍ഡിലെ പ്രധാനവിമാനത്താവളമായ ഓക്ലാന്‍ഡ് വിമാനത്താവളത്തിലാണ് സംഭവം അരങ്ങേറിയത്. ഇവിടുത്തെ സുരക്ഷാവിഭാഗത്തിലെ ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായ ഗ്രിസ് എന്നു പേരുള്ള പത്തുമാസം പ്രായമുള്ള നായയാണ് അധികൃതരെ വലച്ചതും ഒടുവില്‍ കൊല്ലപ്പെട്ടതും.

ഡോഗ് സ്‌ക്വാഡിന്റെ പ്രത്യേകം തയാറാക്കിയ കൂട്ടിലായിരുന്നു ഗ്രിസിനെ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ കൂട് അബദ്ധത്തില്‍ തുറന്ന് ഗ്രിസ് ചാടിയോടിയത് വിമാനത്താവളത്തിലെ റണ്‍വേയിലേക്കായിരുന്നു. റണ്‍വേയില്‍ നല്ല തിരക്കുള്ള സമയവുമായിരുന്നു. നിരവധി വിമാനങ്ങളാണ് പറന്നുയരാനും പറന്നിറങ്ങാനും തയാറായി റണ്‍വേയിലും ആകാശത്തും ഉണ്ടായിരുന്നത്. നായ റണ്‍വേയില്‍ ഓട്ടം തുടങ്ങിയതോടെ അധികൃതര്‍ ആകെ പരിഭ്രമിച്ചു.

ഗ്രിസിനെ പിടിക്കാന്‍ പരിശീലകരും വിമാനത്താവളത്തിലെ മറ്റ് ജീവനക്കാരും പണി പലതും നോക്കിയെങ്കിലും വിശാലമായ വിമാനത്താവളത്തില്‍ ഇവരെയെല്ലാം വെട്ടിച്ച് ഗ്രിസ് ഓടി നടന്നു. നായയെ പിടികൂടാന്‍ വൈകുംതോറും അധികൃതര്‍ക്ക് പരിഭ്രമം കൂടി. ഇതിനിടെ 16 വിമാനങ്ങളടെ സര്‍വീസ് തടസപ്പെട്ടു. ചിലത് ഉയര്‍ന്നുപൊങ്ങാന്‍ വൈകി. മറ്റ് ചില വിമാനങ്ങള്‍ റണ്‍വേയ്ക്ക് മുകളില്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങി.

ഒടുവില്‍ നിവൃത്തിയില്ലാതെ നായയെ വെടിവച്ചുവീഴ്ത്താന്‍ വിമാനത്താവള അധികൃതര്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. പോലീസിന്റെ വെടിയേറ്റ് നായ ചത്തു. തുടര്‍ന്ന് വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചശേഷമാണ് അധികൃതര്‍ക്ക് ശ്വാസം നേരെ വീണത്.

എന്നാല്‍ അടുത്ത പ്രശ്‌നം പിന്നാലെയെത്തി. വെടിവച്ചുകൊല്ലുന്നതിന് പകരം മയക്കുവെടിവച്ചു പിടികൂടാമായിരുന്നില്ലെയെന്നാണ് മൃഗസ്‌നേഹികള്‍ ചോദിക്കുന്നത്. വിമാനത്താവള അധികൃതരുടെ നടപടിക്കെതിരേ നിയമപരമായി നീങ്ങാനാണ് അവരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button