ലോകരാഷ്ട്രങ്ങള്‍ മുഴുവനും ഉത്തര കൊറിയക്കെതിരെ :ഉത്തര കൊറിയ പണം കണ്ടെത്തുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ബാങ്കുകള്‍ കൊള്ളയടിച്ച് : ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

19502

ലോകം മുഴുവനും ഉത്തര കൊറിയക്കെതിരെ തിരിയുന്നു. ഇതിനുള്ള പ്രധാന കാരണം ഉത്തര കൊറിയയുടെ ആണവ പദ്ധതികള്‍ക്കുള്ള പണം കണ്ടെത്തുന്നത് വിവിധ ലോകരാഷ്ട്രങ്ങളുടെ ബാങ്കുകളില്‍ നിന്നും പണം മേഷ്ടിച്ചാണെന്നുള്ള ഞെട്ടിക്കുന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു.

ഉത്തരകൊറിയയുടെ ആണവപദ്ധതിക്കുള്ള പണം കണ്ടെത്തുന്നത് ഇന്ത്യ അടക്കമുള്ള 18 രാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നും സൈബര്‍ കൊള്ള നടത്തിയെന്നാണ് ഉത്തര കൊറിയക്കെതിരെ പ്രധാന ആരോപണം. റഷ്യന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്പ്രസ് സ്‌കൈയാണ് ഉത്തരകൊറിയക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഉത്തരകൊറിയന്‍ ഭരണകൂടം പിന്തുണയ്ക്കുന്ന സൈബര്‍ പടയാളികളാണ് കൊള്ളയ്ക്ക് നേതൃത്വം നല്‍കുന്നതെന്നും കാസ്പ്രസ് സ്‌കൈ പറയുന്നു.

ബംഗ്ലാദേശ്, ഇക്വഡോര്‍, ഫിലിപ്പീന്‍സ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നും പണം മോഷ്ടിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ രാജ്യങ്ങള്‍ മാത്രമല്ല ഇന്ത്യ അടക്കം 18 രാജ്യങ്ങളിലെ ബാങ്കുകള്‍ ഇവരുടെ ലക്ഷ്യമാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കോസ്റ്ററിക്ക, എത്തോപ്യ, ഗാബോണ്‍, ഇന്ത്യ, ഇന്തോനേഷ്യ, ഇറാഖ്, കെനിയ, മലേഷ്യ, നൈജീരിയ, പോളണ്ട്, തായ്ലണ്ട്, തായ്വാന്‍, യുറുഗ്വേ എന്നീ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളെയാണ് ഉത്തരകൊറിയ ലക്ഷ്യം വെക്കുന്നതെന്നും കാസ്പ്രസ് സ്‌കൈ റിപ്പോര്‍ട്ടിലുണ്ട്.
ഉത്തരകൊറിയയാണ് ഹാക്കര്‍മാരുടെ പ്രഭവസ്ഥാനമെന്ന് വ്യക്തമായതിന് ശേഷമാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതെന്നാണ് കാസ്പ്രസ് സ്‌കൈ ഗവേഷകര്‍ വ്യക്തമാക്കുന്നത്. തങ്ങളുടെ യഥാര്‍ഥ സ്ഥലം മനസിലാക്കാതിരിക്കാന്‍ സാധാരണ ഹാക്കര്‍മാര്‍ പല സൂത്രവിദ്യകളും ഉപയോഗിക്കാറുണ്ട്. ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ പൊതുവേ തങ്ങളുടെ സ്ഥലമായി ദക്ഷിണ കൊറിയയോ ഏതെങ്കിലും പാശ്ചാത്യ രാജ്യങ്ങളോ ഒക്കെയാണ് കാണിക്കാറ്. എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധപ്പെട്ട ചില സൂചനകളാണ് ഹാക്കര്‍മാര്‍ ഉത്തരകൊറിയയില്‍ നിന്നുതന്നെയെന്ന് ഉറപ്പിക്കാന്‍ സഹായിച്ചത്.
കാസ്പ്രസ്സ്‌കൈയുടെ സെക്യൂരിറ്റി അനലിസ്റ്റ് സമ്മേളനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ലോകത്തെ തന്നെ പ്രധാന ആന്റി വൈറസ് കമ്പനികളിലൊന്നാണ് റഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസ്പ്രസ് സ്‌കൈ. റഷ്യന്‍ സര്‍ക്കാരുമായി കാസ്പ്രസ് സ്‌കൈയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അമേരിക്ക പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം തള്ളിക്കളയുകയാണ് കാസ്പ്രസ് സ്‌കൈ ചെയ്തിട്ടുള്ളത്.

2013ല്‍ ദക്ഷിണകൊറിയയിലെ ബാങ്കുകളും ചാനലുകളുമെല്ലാം ഹാക്കര്‍മാര്‍ ആക്രമിച്ചിരുന്നു. ഈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് ദക്ഷിണകൊറിയ അന്നു തന്നെ ആരോപണം ഉന്നയിച്ചിരുന്നു. 2014ല്‍ സോണി പിക്ചേഴ്സിന് നേരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ലസാറുസ് എന്ന് വിളിക്കുന്ന ഹാക്കര്‍മാരുടെ സംഘത്തിന് ഉത്തരകൊറിയയുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്.

2015 മുതലാണ് ലസാറുസ് ധനകാര്യ സ്ഥാപനങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചത്. വിയറ്റ്നാമീസ് കൊമേഴ്സ്യല്‍ ബാങ്കായിരുന്നു ഇവരുടെ ആദ്യകാല ഇരകളിലൊന്ന്. ആഫ്രിക്കയിലെ ഗാബോണിലേയും നൈജീരിയയിലേയും ബാങ്കുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് കാസ്പ്രസ് സ്‌കൈ വ്യക്തമാക്കുന്നുണ്ട്.