ട്രാഫിക് തടഞ്ഞ് ഒരു ജീവന്‍ രക്ഷിച്ച് അബുദാബി പോലീസ്, പക്ഷെ ആ ജീവന്‍ ആരുടേതെന്ന് അറിയുമ്പോള്‍ …

24716
cat-in-Abudabi-traffic

അബുദാബി: രാജാവ് എങ്ങനെയോ അങ്ങനെ തന്നെ പ്രജകള്‍ എന്നാണല്ലോ ചൊല്ല്. ഈ ചൊല്ല് അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് അബുദാബിയിലെ പോലീസ് വിഭാഗം. വന്‍തിരക്കുള്ള റോഡില്‍പെട്ടുപോയ ഒരു പൂച്ചയെ രക്ഷിക്കാന്‍ ട്രാഫിക് തടഞ്ഞ് അബുദാബി പോലീസ് നടത്തിയ രക്ഷാപ്രവര്‍ത്തനം ഏറെ കൈയടി നേടി.

ഏതാനും ദിവസം മുന്‍പ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യുഎഇ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാനും മുട്ടയിട്ട് അടയിരിക്കുന്ന ഒരു പക്ഷിയെയും മുട്ടയെയും രക്ഷിക്കാനായി ഒരു നിര്‍മാണ പ്രൊജക്ട് മറ്റ് സ്ഥലത്തേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ദുബായി പ്രാന്തപ്രദേശത്തുകൂടി സഞ്ചരിക്കുകയായിരുന്ന ഇരു ഭരണാധികാരികളും കാടിനോടുചേര്‍ന്നുള്ള നിര്‍മാണ പദ്ധതിക്ക് സമീപം പക്ഷിയെ കാണുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഭരണാധികാരികള്‍ നിര്‍മാണ പദ്ധതി മറ്റിടത്തേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്.

ഈ മാതൃക പിന്‍ചെന്നാണ് അബുദാബി പോലീസ് സംഘം തിരിക്കുള്ള റോഡിലെ ഡിവൈഡറിനോട് ചേര്‍ന്ന് അനങ്ങാനാകാതെ സ്തംഭിച്ചിരുന്നു പോയ പൂച്ചയെ രക്ഷിക്കാന്‍ എത്തിയത്. പൂച്ചയെ പിടികൂടാനായി സംഘാംഗങ്ങള്‍ നടത്തുന്ന ശ്രമവും പരിഭ്രമിച്ച പൂച്ച ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതും ഒടുവില്‍ പൂച്ചയെ രക്ഷിച്ച് വാഹനത്തില്‍ കൊണ്ടുപോകുന്ന പോലീസിന്റെ ദൃശ്യങ്ങളും ഏറെ കൈയടി നേടി വൈറലായിക്കൊണ്ടിരിക്കുന്നു.