ആലപ്പുഴ: ടിക്കറ്റ് പരിശോധനയ്‌ക്കെത്തിയ ടി ടി ഇ യെ സംശയം തോന്നിയ യാത്രക്കാർ പിടികൂടി. സംഭവം നടന്നത് എറണാകുളം ആലപ്പുഴ പാസഞ്ചർ ട്രെയിനിൽ ആണ്.ചേർത്തലയിൽ നിന്ന് കയറിയ ദീപക് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുന്നതിനിടയിൽ ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെ ചീഫ് കൊമേഴ്സ്യൽ ക്ലർക്ക് രാജേന്ദ്രനെയും പരിശോധിച്ചു . ഇതാണ് ഇയാൾക്ക് വിനയായത്.
പരിശോധനയിൽ സംശയം തോന്നിയ രാജേന്ദ്രൻ ദീപക്കിന്റെ തിരിച്ചറിയൽ രേഖ ചോദിച്ചതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു. എന്നാൽ തന്നെ മേലുദ്യോഗസ്ഥൻ നിയമിച്ചതാണെന്നും രേഖകളെല്ലാം അദ്ദേഹത്തിന്റെ കൈവശമാണെന്നും പറഞ്ഞ് ദീപക് രക്ഷപെടാൻ ശ്രമിച്ചിരുന്നു. ട്രെയിൻ ആലപ്പുഴയിലെത്താറായിട്ടും ഇയാൾ പറഞ്ഞ മേലുദ്യോഗസ്ഥൻ വന്നില്ല.
അതോടെ യാത്രക്കാർ ഇയാളെ പിടിച്ചു വെക്കുകയും ആലപ്പുഴ ആര്‍.പി. എഫിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ആലപ്പുഴയിലെത്തിയപ്പോൾ ആർ പി എഫ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തമാശയ്ക്കാണ് താൻ ഇത് ചെയ്തതെന്നും ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് താനെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു.പോലീസ് ആൾമാറാട്ടത്തിന് ഇയാളെ അറസ്റ്റ് ചെയ്തു.
Post Your Comments