Latest NewsNewsIndia

ഭാഗ്യനക്ഷത്രക്കല്ലുകള്‍ വില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കല്ലുകൾ ഫലം ചെയ്തില്ലെങ്കിൽ ശിക്ഷ ഉറപ്പ്

മുംബൈ: ഭാഗ്യനക്ഷത്രക്കല്ലുകള്‍ വില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. കല്ലുകൾ ഫലം ചെയ്തില്ലെങ്കിൽ ശിക്ഷ ലഭിക്കും. മുംബൈയിൽ കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ ഒരാളെ ഉപഭോക്തൃ കോടതി ശിക്ഷിച്ചത്. 3.2 ലക്ഷം രൂപയാണ് മുംബൈയിലെ സ്വര്‍ണസ്പര്‍ശ് എന്ന സ്ഥാപനത്തിന് വാഗ്ദാനം ചെയ്ത ഫലം ഉപഭോക്താവിന് കിട്ടാത്തതിനെ തുടര്‍ന്ന് നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നത്.

കവാഡു ഖണ്ടേല എന്ന 77 കാരന്‍ 2013 ലാണ് സ്വര്‍ണസ്പര്‍ശ് എന്ന സ്ഥാപനത്തിന്റെ പരസ്യം കാണുന്നത്. പരസ്യത്തില്‍ ഈ ഭാഗ്യനക്ഷത്രക്കല്ലുകള്‍ ആര്‍ക്കും ഭാഗ്യം കൊണ്ടുവരുമെന്നും അല്ലാത്തപക്ഷം പണം തിരികെ നല്‍കുമെന്നും പറഞ്ഞിരുന്നു. അങ്ങനെ 2013 ഫെബ്രുവരി 11ന് പരസ്യം വിശ്വസിച്ച് കവാഡു ഭാഗ്യനക്ഷത്രക്കല്ല് വാങ്ങി. ഇന്ദ്രനീലത്തിന്റെ ഭാഗ്യനക്ഷത്രക്കല്ലു കിഴക്കന്‍ ദാദറിലുള്ള കടയില്‍നിന്നാണ് വാങ്ങിയത്. എന്നാല്‍ കുറച്ചു സമയത്തിനു ശേഷം ഇന്ദ്രനീലം കാവാഡുവിന് യോജിച്ചതല്ലെന്ന സന്ദേശം കടയിലെ ജ്യോതിഷികളില്‍നിന്നെത്തി. പകരം മാണിക്യം വാങ്ങാനും ആവശ്യപ്പെട്ടു. 2.9 ലക്ഷം രൂപ ചിലവഴിച്ച് കവാഡു മാണിക്യം വാങ്ങി. മൂന്നുമാസത്തിനുള്ളില്‍ കവാഡു കോടിപതിയായില്ലെങ്കില്‍ പണം തിരികെ കൊടുക്കുമെന്നും ജ്യോത്സന്മാര്‍ വാക്കു നല്‍കി.

എന്നാല്‍ ധനസ്ഥിതിക്ക് വര്‍ഷം നാലു കഴിഞ്ഞിട്ടും മാറ്റം വന്നില്ല. അതോടെ കവാഡു കടയിലെത്തി പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ പണം തിരികെ കൊടുക്കാന്‍ അവര്‍ തയ്യാറായില്ല. തുടർന്ന് സ്വര്‍ണസ്പര്‍ശ് ശൃംഖലയുടെ ഉടമകളായ ജെംസ് ആന്‍ഡ് ജ്വല്ലറി പ്രൈവറ്റ് ലിമിറ്റഡിനെതിരെ കവാഡു ഉപഭോക്തൃ കോടതിയെ സമീപിച്ചു.

എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധത്തിനു വഴങ്ങിയല്ല കവാഡു ഭാഗ്യനക്ഷത്രക്കല്ല് വാങ്ങിയതെന്നും വാങ്ങിയ ഇന്ദ്രനീലം പിന്നീട് മാറ്റിവാങ്ങുകയും ചെയ്‌തെന്നുമായിരുന്നു സ്വര്‍ണസ്പര്‍ശിന്റെ വാദം. പക്ഷെ കോടതിവിധി സ്ഥാപനം ഉപഭോക്താവിന് കൊടുത്ത വാക്ക് പാലിക്കാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കിയേ മതിയാകൂ എന്നായിരുന്നു. 3.2 ലക്ഷം രൂപയാണ് പലിശയും നഷ്ടപരിഹാരവും കോടതിച്ചിലവും അടക്കം കവാഡുവിന് നല്‍കാന്‍ കോടതി വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button