Latest NewsKeralaIndiaNewsInternationalGulf

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

1.നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം തയ്യാറാക്കുന്ന കുറ്റപത്രത്തില്‍ ദിലീപ് രണ്ടാം പ്രതിയായേക്കുമെന്നു സൂചന. പള്‍സര്‍ സുനി ഒന്നാം പ്രതിയായി തുടരും.

ജിഷാ വധക്കേസില്‍ കുറ്റപത്രം തയ്യാറാക്കിയ സംഘമാണ് നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം തയ്യാറാക്കുന്നതിന് പിന്നിലും. കേസുമായി ബന്ധപ്പെട്ട് രണ്ട് അറസ്റ്റുകള്‍ കൂടി ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ സുനില്‍ കുമാറിന്റെ മൊഴിയില്‍ പറയുന്ന മാഡത്തെ തിരഞ്ഞ് പോകേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന നിര്‍ദേശം. കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് 90 ദിവസത്തെ സമയമാണുള്ളത്. എന്നാല്‍ ദിലീപ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനാല്‍ എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിച്ച് ദിലീപിന് ജാമ്യം ലഭിക്കുന്നത് തടയാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

2.അഖിലയുടെ മതം‌മാറ്റം; അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്

അഖിലയെ മതംമാറ്റി ഹാദിയയാക്കിയ കേസ് എന്‍‌ഐ‌ഐ അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. കേരള പോലീസിന്റെ പക്കലാണ് കേസിന്റെ വിശദാംശങ്ങള്‍ ഉള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സംഭവുമായി ഭീകര സംഘടനകള്‍ക്കുള്ള ബന്ധം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അഖിലയുമായുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രശ്നം രൂക്ഷമായതിന് ശേഷം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫിന്‍ ജഹാന്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.

3.ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീട്ടില്‍ നിന്ന് പുറത്താക്കുന്ന ചൗപദി എന്ന അനാചാരത്തെ തുടച്ച് നീക്കി നേപ്പാള്‍ സര്‍ക്കാര്‍

സ്ത്രീസുരക്ഷയും സ്ത്രീ സംവരണവും വാക്കുകളില്‍ ഒതുക്കുന്നവര്‍ക്ക് മാതൃകയായിരിക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍. ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീട്ടില്‍ നിന്ന് പുറത്താക്കുന്നത് ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുത്തിയാണ് സ്ത്രീ സുരക്ഷയില്‍ നേപ്പാള്‍ സര്‍ക്കാര്‍ പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി നേപ്പാളിലെ ഹൈന്ദവ സമൂഹം പിന്തുടര്‍ന്ന് വന്ന അനാചാരങ്ങളെയാണ് ഇതിലൂടെ സര്‍ക്കാര്‍ പിടിച്ച്‌ കെട്ടിയിരിക്കുന്നത്. പ്രസിഡന്റിന്റെ അനുമതി കൂടി ലഭിച്ചാല്‍ ഈ മാസം 17 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. നിയമം ലംഘിക്കുന്നവരെ ക്രിമിനല്‍ കുറ്റവാളികളായി കണക്കാക്കുമെന്നും പാര്‍ലമെന്റ് അറിയിച്ചു. കൂടാതെ, ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കുന്നവര്‍ക്ക് മൂന്ന് മാസംവരെ തടവ്‌ ശിക്ഷയും 3000 രൂപ പിഴയും ലഭിക്കും.

4.മരണ ഗെയിം, ബ്ലൂവെയിലിന് ശേഷം അപകട സാധ്യതയുമായി മറ്റൊരു ഓണ്‍ലൈന്‍ ഗെയിം. 

ബ്ലൂവെയില്‍ പോലെത്തന്നെ ഒരു ഇന്ററാക്ടീവ് ഗെയിമാണ് മറിയം. ഒന്നിന് പിറകെ ഒന്നായി വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി വേണം ഗെയിമിലെ ഓരോ ഘട്ടത്തിലും മുന്നോട്ട് പോവാന്‍. മറിയം സല്‍മാന്‍ അല്‍ ഹര്‍ബി വികസിപ്പിച്ച ഈ ഗെയിം ഗള്‍ഫ് രാജ്യങ്ങളിലാണ് കൂടുതല്‍ വ്യാപകമാകുന്നത്. ആഗസ്റ്റ് 7 വരെയുള്ള കണക്കുകള്‍ അനുസരിച്ച് നാല് ലക്ഷം പേര്‍ ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്തു.യഥാര്‍ത്ഥ ലോകത്തില്‍ നിന്നും കുട്ടികളെ ഈ ഗെയിം ഒറ്റപ്പെടുത്തുമെന്ന് യു.എ.ഇയിലെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന യാഖൂബ് അല്‍ ഹമ്മാദി പറയുന്നു. അപകട സാധ്യത മുന്നില്‍ കണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപക മുന്നറിയിപ്പ് ഇതിനോടകം വന്ന് കഴിഞ്ഞു.

5.1962 ലെ ഇന്ത്യാ- ചൈന യുദ്ധത്തില്‍ ജയിച്ചതാര്? മഹാരാഷ്ട്രയിലെ സി.ബി.എസ്.ഇ സ്‌കൂളിലെ എട്ടാംതരം പുസ്തകം പറയുന്നത് ഇന്ത്യയെന്ന്.

ഡോക്‌ലാമില്‍ ഇന്ത്യയും ചൈനയും അന്യോനം മത്സരിക്കുമ്പോള്‍ മഹാരാഷ്ട്രയിലെ സി.ബി.എസ്.ഇ സ്‌കൂളിലെ എട്ടാംതരം പുസ്തകം പറയുന്നത് 1962 ലെ ഇന്ത്യാ- ചൈന യുദ്ധത്തില്‍ ജയിച്ചത് ഇന്ത്യയെന്നാണ്. സുകൃതിക എന്ന ടെക്സ്റ്റ് ബുക്കിന്റെ മൂന്നാമത്തെ ഭാഗത്തിലാണ് ഇത്തരത്തിലൊരു വിചിത്രമായ സംഭവം വിവരിച്ചിക്കുന്നത്. രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവിന്റെ നേട്ടങ്ങളാണ് ഇതില്‍ വിവരിച്ചിക്കുന്നത്. യുദ്ധകാലത്ത് ഇന്ത്യന്‍ സൈന്യത്തെ ചൈനക്കെതിരെ അണിനിരത്തിയത് എങ്ങനെയെന്ന് വിവരിച്ച ശേഷം നെഹറുവിന്റെ പ്രയത്‌നത്തിന്റെ ഫലമായി യുദ്ധത്തില്‍ ഇന്ത്യ ജയിച്ചുവെന്നാണ് അവസാനം പറഞ്ഞിരിക്കുന്നത്. ഇപ്പോഴുള്ള ഡോക്‌ലാം വിഷയത്തില്‍ ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശി ലെ പാഠപുസ്തകത്തിലെ ഇത്രയും വലിയ മണ്ടത്തരം ശ്രദ്ധേയമാകുന്നത്.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1.മട്ടന്നൂർ ന​ഗരസഭ എൽഡിഎഫിന്. 35ൽ 28 സീറ്റുകൾ നേടിയാണ് എൽഡിഎഫ് ന​ഗരസഭയുടെ ഭരണം നേടിയത്.

2.ചികിത്സ കിട്ടാതെ മരിച്ച മുരുകന്‍റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് ചോദിച്ചു

3.അതിരപ്പളളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് വൈദ്യുതി ബോര്‍ഡ്. പദ്ധതി പ്രദേശത്ത് വൈദ്യുതി ലൈന്‍ വലിക്കുകയും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുകയും ചെയ്തതായി കെ.എസ്.ഇ.ബി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു.

4.സംവിധായകൻ ജീൻപോളിന് എതിരായ കേസ് ഒത്തു തീര്‍പ്പിലേക്ക്. തനിക്ക് യാതൊരുവിധ പരാതിയും ഇല്ലെന്നു നടി കോടതിയെ അറിയിച്ചു.

5.വിവാഹശേഷം ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ.

6.സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് നിര്‍ണയസമിതി തീരുമാനിച്ച അഞ്ചുലക്ഷം രൂപ ഫീസ് ഈടാക്കി പ്രവേശനവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

7.പിറന്നാള്‍ ആഘോഷത്തിന് സര്‍ക്കാര്‍ സ്‌കൂള്‍ ‘ഡാന്‍സ് ബാറാക്കി’ മാറ്റി ഉത്തര്‍പ്രദേശിലെ ഗ്രാമം. ജമാല്‍പുറിലെ ടെത്രിയ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് വിചിത്ര സംഭവം അരങ്ങേറിയത്.

8.പകര്‍ച്ചപ്പനിയുടെ കാര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ സഭയെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് എം എല്‍ എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പലയിടത്തുനിന്നും പലകണക്കുകളാണ് പുറത്തെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

9.ഇനി വോട്ടേഴ്‌സ് ഐഡി കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്യണം. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button