Latest NewsNewsIndia

ഷോക്കിംഗ് റിപ്പോര്‍ട്ട് : പാവപ്പെട്ടവന്റെ നികുതിപ്പണം കൊള്ളയടിക്കുന്നതില്‍ മുന്‍ നിരയിലുള്ള പത്ത് എം.പിമാരില്‍ അഞ്ചുപേര്‍ കേരളത്തില്‍ നിന്ന്

രാജ്യത്തെ എം.പിമാരുടെ യാത്രാ ചെലവ് സംബന്ധിച്ചു, വിവരാവകാശ പ്രകാരം ലഭിച്ച കണക്കുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നത് തന്നെ. 2016 ഏപ്രില്‍ 16 മുതല്‍ കഴിഞ്ഞ മാര്‍ച്ച്‌ 17 വരെ ലോക്സഭാ എം.പിമാര്‍ക്കു ക്ഷാമബത്തയായി ലഭിച്ചത് 95,70,01,830 രൂപയാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതില്‍ തന്നെ ഏറ്റവും രസകരമെന്നും അല്ലെങ്കില്‍ ഭയാനകമെന്നും നമുക്ക് തോന്നിപ്പോവുന്നത് കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ ചെലവുകള്‍ കാണുമ്പോഴാണ്.
ലോക്സഭയില്‍ ഏറ്റവുമധികം ടി.എ./ഡി.എ. കൈപ്പറ്റിയ ആദ്യ പത്തു പേരില്‍ കേരളത്തില്‍നിന്നുള്ള അഞ്ച് പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

ആറ്റിങ്ങലില്‍നിന്നുള്ള സി.പി.എം. എം.പി. എ. സമ്ബത്ത് കൈപ്പറ്റിയിരിക്കുന്നത് 38,19,300 രൂപയാണ്. കണ്ണൂരില്‍നിന്നുള്ള സി.പി.എം. എം.പി. പി.കെ. ശ്രീമതി നേടിയെടുത്തിരിക്കുന്നത് 32,58,739 രൂപയാണ്. പാലക്കാടുനിന്നുള്ള സി.പി.എം. എം.പി. എം.ബി. രാജേഷ് 30,27,268 രൂപ നേടിയെടുത്തു. കണക്കുകള്‍ ഇവിടെ തീരുന്നില്ല, ആലപ്പുഴയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിയും മുന്‍മന്ത്രിയുമായ കെ.സി. വേണുഗോപാല്‍ നേടിയെടുത്തത് 32,12,771 രൂപയാണ്. ഇതിനൊക്കെ പുറമേ, മുന്‍ കേന്ദ്ര മന്ത്രി കെ.വി. തോമസ് നേടിയത് 31,34,607 രൂപയാണ്. രാജ്യസഭാ എം.പിമാരില്‍ കൂടുതല്‍ ആളുകളും ടി.എ./ഡി.എ. ഇനത്തില്‍ 10 ലക്ഷം രൂപയെങ്കിലും നേടിയിട്ടുണ്ട്. കേരളത്തില്‍നിന്നുമുള്ള സി.പി.എം. എം.പി. സി.പി. നാരായണന്‍ 58,24,502 രൂപയാണു വാങ്ങിയെടുത്തത്. കേരളാ കോണ്‍ഗ്രസ് (എം.) എം.പി. ജോയ് ഏബ്രഹാം 47,03,278 രൂപയാണു നേടിയെടുത്തത്.

ഇനി കേരളത്തില്‍ നിന്ന് മാത്രമാണ് ഇങ്ങനെയെന്നു കരുതണ്ട. മറ്റു സംസ്ഥാനങ്ങളിലെയും അവസ്ഥ മറിച്ചല്ല. പശ്ചിമ ബംഗാളില്‍നിന്നുള്ള സി.പി.എമ്മിന്റെ രാജ്യസഭാംഗം റിതബ്രത ബാനര്‍ജി വാങ്ങിയെടുത്തിരിക്കുന്നത് 69,24,335 രൂപയാണ്. എന്നാല്‍ ഇതിന്റെ മറവില്‍ ഒളിഞ്ഞിരിക്കുന്ന രസമെന്തെന്നാല്‍, ആഡംബരത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരിക്കുന്ന വ്യക്തിയാണ് ഈ പറഞ്ഞ റിതബ്രത ബാനര്‍ജി.
കഴിഞ്ഞ ജൂണില്‍ റിതബ്രതയുടെ മോണ്ട് ബ്ലാങ്ക്, ആപ്പിള്‍ സ്മാര്‍ട്ട് വാച്ചുകളെ കുറിച്ചു സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണു അന്ന് പാര്‍ട്ടി നടപടിയെടുത്തത്.

65,04,880 രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സി.പി.ഐ. നേതാവ് ഡി. രാജ ക്ഷാമബത്തയായി സ്വീകരിച്ചത്. ഔദ്യോഗിക വിമാന യാത്രകളില്‍ കൂടുതല്‍ എം.പിമാരും ബിസിനസ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസില്‍ സഞ്ചരിക്കാനാണ് ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്. ഇതില്‍ തന്നെ ഏറ്റവും കൂടുതില്‍ ടി.എയും ഡി.എയും വാങ്ങുന്നത് ഇടതുപക്ഷ എം.പിമാരാണ്.

സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണങ്ങള്‍ അഴിമതിയും ധൂര്‍ത്തുമാണ്. നേതാക്കള്‍ ലളിതജീവിതം നയിക്കണമെന്നുദ്‌ഘോഷിച്ച ഗാന്ധിജിയുടെ അനുചരന്മാരെന്നഭിമാനിക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥ വൃന്ദവും ആഢംബര ജീവതത്തില്‍ ഇപ്പോള്‍ മത്സരിക്കുകയാണ്. വിദേശ യാത്രകള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ സുഖവാസത്തിനും ഔദ്യോഗിക വിരുന്നിനും മറ്റുമായി ശതകോടികളാണ ഇവര്‍ തുലച്ചു കളയുന്നത്. മുന്‍ രാഷ്ട്രപതി പ്രതിഭാപാട്ടീലിന്റെ വിദേശ യാത്രാ ചിലവ് വിവാദമായതാണ.് 23 രാജ്യങ്ങളിലായി അവര്‍ നടത്തിയ 13 വിദേശയാത്രകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവിട്ടത് അന്ന് 233 കോടി രൂപയാണ്. 2011 ഡിസമ്പര്‍ 11ന് പ്രതിഭാപാട്ടീല്‍ പങ്കെടുത്ത സൈനിക അവലോകന ചടങ്ങിന് പൊടി പൊടിച്ചത് 23.24 കോടിയായിരുന്നു. 2004 മുതല്‍ കഴിഞ്ഞ ഏപ്രില്‍ വരെയായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ വിദേശ യാത്രകളുടെ ചെലവ് 642 കോടി വരും. ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറിന്റെ വിദേശയത്രാ ചെലവ് 10 കോടിയാണ്.

യാത്രാ ചെലവ് ഇനത്തില്‍ പണം തട്ടിയ കേസില്‍ മൂന്ന് രാജ്യസഭാ എം.പിമാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ സിബിഐ കേസെടുത്തിട്ട് അധികം നാളുകള്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ തന്നെ മൂന്ന് പേര്‍ മുന്‍ രാജ്യസഭാ എം.പിമാരായിരുന്നു. എം.പിമാരായ ഡി. ബന്ധപോദ്ധ്യായ്(തൃണമുല്‍ കോണ്‍ഗ്രസ്), ബ്രിജേഷ് പഠക്(ബി.എസ്.പി), ലാല്‍ മിംഗ് ലിയാന(എം.പി.എഫ്)എന്നിവര്‍ക്കെതിരെയും മുന്‍ എം.പിമാരായ ജെ.പി.എന്‍ സിങ് (ബിജെപി), രേണു ബാല (ബിജെഡി), മെഹ്മൂദ് എ മഅദനി(ആര്‍എല്‍ഡി)എന്നിവര്‍ക്കെതിരെയുമാണ് അന്ന് കേസെടുത്തത്. യാത്രചെയ്തതായി കാണിച്ച് വ്യാജ വിമാന ടിക്കറ്റുകള്‍ നല്‍കി പലതവണ പണംവാങ്ങിയെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള പരാതി.

സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയേതര ചെലവ് ചുരുക്കല്‍ നിലവിലുണ്ട്. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ വകുപ്പുകള്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ധന മന്ത്രാലയം ഉത്തരവും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. സാധാരണ ഉദ്യോഗസ്ഥര്‍ എക്‌സിക്യൂട്ടീവ് ക്ലാസില്‍ വിമാന യാത്ര നടത്തരുതെന്നും വിദേശയാത്ര നടത്തുന്ന പ്രതിനിധി സംഘാംഗങ്ങളുടെ എണ്ണം പരമാവധി കുറയ്‌ക്കണമെന്നും നിര്‍ദേശമുള്ളതാണ്.
പാര്‍ലിമെന്ററി സമിതികളുടെ ആഭിമുഖ്യത്തില്‍ എം പിമാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഔദ്യോഗിക പര്യടനമെന്ന പേരില്‍ ടൂറുകള്‍ നടത്താറുണ്ട്. ഇത്തരം യാത്രകളില്‍ അവര്‍ക്ക് താമസിക്കാന്‍ രാജ്യത്തെമ്പാടും ഗസ്റ്റ് ഹൗസുകളും മറ്റു ഔദ്യോഗിക മന്ദിരങ്ങളുമുണ്ടെങ്കിലും സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തന്നെ വേണം അവര്‍ക്ക് അന്തിയുറങ്ങാന്‍. ഇതുവഴി കോടി കളുടെ ബാധ്യതയാണ് സര്‍ക്കാറിന് വന്നുചേരുന്നത്. 120 കോടി ജനസംഖ്യയില്‍ 20 ശതമാനത്തിലേറെ പട്ടിണിപ്പാവങ്ങളും അവശേഷിക്കുന്നവരില്‍ 60 ശതമാനം 22.50 രുപ പ്രതിദിന വരുമാനക്കാരുമായ ഒരു രാജ്യത്തെ ജനസേവകരെന്നവകാശപ്പെടുന്ന മന്ത്രിമാരുടെയും എം പിമാരുടെയും ഈ ധൂര്‍ത്തിന് എന്ത് ന്യായീകരണമുണ്ട്? അടുത്ത കാലത്തൊന്നും അനുഭവിച്ചിട്ടില്ലാത്ത വിധം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഭരണ രംഗത്തെ ഇത്തരം ധൂര്‍ത്തുകള്‍ക്ക് കടിഞ്ഞാണിട്ടേ തീരൂ. എന്നാല്‍ ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചതു കൊണ്ടായില്ല, അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാ റിനുണ്ടാകണം.

മാറ്റങ്ങള്‍ ഉണ്ടായേ പറ്റൂ. പാവപ്പെട്ടവന്റെ നികുതിപ്പണം കൊള്ളയടിക്കാന്‍ സമ്മതിക്കരുത്. പുതിയ സാമ്പത്തിക നിയന്ത്രണങ്ങള്‍ വന്നാല്‍ മാത്രം പോരാ, നല്ല രീതിയില്‍ നടപ്പിലാകുകയും വേണം. പുതിയ നാളയേയും, മാറ്റങ്ങളേയും കാത്തിരുന്ന് കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button