ഇന്ത്യക്കാർക്കായി പുതിയ വിസ സംവിധാനം ഒരുക്കി യുഎഇ

അബുദാബി ; ഇന്ത്യക്കാർക്കായി പുതിയ വിസ സംവിധാനം ഒരുക്കി യുഎഇ. യുക്കെ യൂറോപ്യന്‍ റെസിഡൻസി വിസയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കാനുള്ള തീരുമാനത്തിന് യു.എ.ഇ കാബിനറ്റ് അംഗീകാരം നൽകി. നിലവിൽ ഒരു അമേരിക്കൻ വിസയും ഗ്രീൻ കാർഡും ഉള്ള ഇന്ത്യൻ പാസ്പോര്ട്ട് ഉടമയ്ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കുന്നത് 2017 മെയ് 1 മുതൽ ആരംഭിച്ചിരുന്നു. അതിന് പിന്നാലെയാണ് യു.എ.ഇ പുതിയ വിസ സംവിധാനവുമായി രംഗത്തെത്തിയത്.

“സാമ്പത്തിക, രാഷ്ട്രീയ, വ്യാപാര മേഖലകളിൽ യു.എ.ഇ-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ലളിതമായ വിസ പ്രക്രിയ നടപ്പാക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും ആഗോള ടൂറിസത്തെ ആകർഷിക്കുന്നതിൽ മുൻനിര രാജ്യമായി യു.എ.ഇ മാറ്റാൻ ഇത് സഹായിക്കുമെന്നും” മന്ത്രാലയം അറിയിച്ചു.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്  ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച നടന്ന കാബിനറ്റ് യോഗത്തിൽ ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള ഒപ്പിട്ട സാമ്പത്തിക കരാറിന് അനുസൃതമായി മൂല്യവർധിത നികുതി, എക്സൈസ് ടാക്സ് എക്സിക്യൂട്ടീവ് റെഗുലേഷൻസ് തുടങ്ങിയവയ്ക്കും  സാമൂഹ്യ സേവന സംവിധാനത്തിനും ക്യാബിനറ്റ് അംഗീകാരം നൽകി.

യുഎഇയിൽ പുതിയ അധ്യയന വർഷം ആരംഭിച്ച വേളയിൽ പത്തുലക്ഷത്തിലധികം വിദ്യാർത്ഥികളെ അഭിനന്ദിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. “വിജയം സ്വന്തമാക്കുക എന്നതാണ് നിങ്ങളുടെ ദേശീയ ചുമതല. രാജ്യത്തിന്റെ വികസനം ഓരോ വർഷത്തെയും നിങ്ങളുടെ വിജയത്തെ ആശ്രയിച്ചാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

SHARE