NattuvarthaLatest NewsNews

ഉഴവൂര്‍ വിജയന്റെ ചിരിയോര്‍മ്മകളില്‍ പാലാ കണ്ണീരണിഞ്ഞു

പാലാ: ഉഴവൂര്‍ വിജയന്റെ ചിരിയോര്‍മ്മകള്‍ പങ്കുവയ്ക്കാനാണ് ഒത്തു ചേര്‍ന്നതെങ്കിലും സത്യത്തില്‍ കണ്ണീരണിയുകയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല രാഷ്ട്രീയ തട്ടകമായ പാലാ. വിജയന്റെ നര്‍മ്മ പ്രഭാഷണങ്ങള്‍ പരസ്പരം പങ്കിട്ടപ്പോള്‍ അത് മിക്കവരുടെയും മനസില്‍ നൊമ്പരമായി. ആ നൊമ്പരം സദസ്സിനും വേദനയായി മാറി. ‘വിജയേട്ടന്റെ ചിരിയോര്‍മ്മകള്‍’ എന്ന ചടങ്ങായിരുന്നു രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ക്കടക്കം നൊമ്പരമായി മാറിയത്.

കെ.എം.മാണി എം.എല്‍.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. മരങ്ങാട്ടുപള്ളി പഞ്ചായത്തുകാരായ താനും വിജയനും വ്യത്യസ്ത പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു പരസ്പരം പോരാടി പ്രവര്‍ത്തിച്ചവരാണെന്ന് അദ്ദേഹം അനുസ്മരിച്ചു. വിജയന്റെ ഹാസ്യ രസത്തില്‍ ചാലിച്ച പ്രസംഗ ശൈലി കേരള ജനത നെഞ്ചിലേറ്റി. ഫലിതത്തിലൂടെ കടന്നാക്രമിക്കുന്ന ഈ ശൈലിയില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് താനായിരുന്നുവെന്ന് മാണി ചൂണ്ടിക്കാട്ടി. ദുരുദ്ദേശപരമോ വിരോധത്തിലോ ഉള്ള പ്രസംഗമായിരുന്നില്ല വിജയന്റെ പ്രസംഗങ്ങള്‍.

വിമര്‍ശനാന്മകമായ ഈ പ്രസംഗങ്ങള്‍ പലപ്പോഴും തന്നെ ചിരിപ്പിച്ചിട്ടുണ്ട്. ആത്മാര്‍ത്ഥതയും സാമൂഹ്യ പ്രതിബന്ധതയും വിജയന്റെ മുഖമുദ്രയായിരുന്നുവെന്ന് കെ.എം.മാണി ചൂണ്ടിക്കാട്ടി. തനിക്കെതിരെയും വിജയന്‍ എരുവും പുളിയും ചേര്‍ത്ത രാഷ്ടീയ നര്‍മ്മ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നു ചടങ്ങില്‍ പങ്കെടുത്ത ജോസ് കെ.മാണി എം.പി. പറഞ്ഞു. ചിരി സമ്മാനിക്കാന്‍ നല്ല മനസുള്ളവര്‍ക്കേ സാധിക്കുകയുള്ളൂവെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. ചെറുപ്പകാലത്ത് കെ.എസ്.യു. പ്രവര്‍ത്തകരായിരുന്ന കാലത്തെ ഓര്‍മ്മകളാണ് ആന്റോ ആന്റണി എം.പി. പങ്കുവച്ചത്. 64 മണിക്കൂര്‍ പച്ചവെള്ളംപോലും കുടിക്കാതെ വിജയനൊപ്പം നിരാഹാര സമരം ചെയ്ത കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഉഴവൂര്‍ വിജയന് പാലായില്‍ സ്മാരകം നിര്‍മ്മിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കെ.എം. മാണിയോട് തെരഞ്ഞെടുപ്പില്‍ പാരാജയപ്പെട്ടപ്പോള്‍ തോറ്റതിനെക്കുറിച്ചു ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചത് ബെന്‍സിടിച്ചാണ് മരിച്ചതെന്ന വാചകത്തെ ആസ്പദമാക്കി പ്രസന്നന്‍ ആനിക്കാട് വരച്ച കാര്‍ട്ടൂണിന്റെ പകര്‍പ്പ് സംഘാടക സമിതി സെക്രട്ടറി എബി ജെ.ജോസ് കെ.എം.മാണിക്ക് സമ്മാനിച്ചു. ചടങ്ങില്‍ പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലീനാ സണ്ണി അധ്യക്ഷത വഹിച്ചു. ജോയി എബ്രാഹം എം.പി., കെ.ഫ്രാന്‍സീസ് ജോര്‍ജ്, ടോമി കല്ലാനി, ഫാ. ജോസഫ് ആലഞ്ചേരി, കെ.ആര്‍. അരവിന്ദാക്ഷന്‍, ബെന്നി മൈലാടൂര്‍, എന്‍.ഹരി, വക്കച്ചന്‍ മറ്റത്തില്‍, വി.ജി.വിജയകുമാര്‍, സണ്ണി തോമസ്, സി.പി.ചന്ദ്രന്‍ നായര്‍, കുര്യാക്കോസ് പടവന്‍, എം.ടി.കുര്യന്‍, ടോമി കുറ്റിയാങ്കല്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, ജോസ് ആന്റണി, അഡ്വ. ആര്‍. മനോജ്, അഡ്വ. സണ്ണി ഡേവിഡ്, സണ്ണി തോമസ്, എ.കെ.ചന്ദ്രമോഹന്‍, ടോണി തോട്ടം, ബിജി മണ്ഡപം, റാണി സാംജി എന്നിവര്‍ പ്രസംഗിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button