Latest NewsKeralaNews

ഒരു വർഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളം- മോഹന്‍ഭാഗവതിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം•ഒരു വർഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സർക്കാർ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആർഎസ്എസ് തലവൻ മോഹൻ ഭഗവത്തിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആർ എസ് എസിന്റെ വർഗീയ അജണ്ട നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും പാരായപ്പെട്ടപ്പോഴാണ്, കേരളത്തെ ദേശദ്രോഹത്തോടു ചേർത്തു വെക്കാൻ ശ്രമിക്കുന്നത്. “ഗുരുതര സ്വഭാവമുള്ള ദേശീയപ്രശ്നങ്ങളോടു തികച്ചും ഉദാസീനമായ സമീപനമാണു സ്വീകരിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി അവർ ദേശവിരുദ്ധരെ സഹായിക്കുകയാണ്’ എന്ന് പറഞ്ഞതിലൂടെ എന്താണുദ്ദേശിക്കുന്നത് എന്ന് ആർഎസ്എസ് മേധാവി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.
മതനിരപേക്ഷ രാഷ്ട്രീയമാണ് കേരളത്തിന്റേത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷ മനസ്സാണ് ഈ നാടിന്റെ ശക്തി. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ അത്യുജ്ജ്വല സംഭാവന ചെയ്ത അനേകം മഹാന്മാരുടെ നാടാണിത്. സ്വാതന്ത്ര്യ സമരത്തിൽ കേരളത്തിന്റെയും കേരളീയന്റേയും അവിസ്മരണീയ പങ്കാളിത്തമുണ്ട്. സ്വാതന്ത്ര്യ പോരാട്ടത്തോട് പുറം തിരിഞ്ഞു നിൽക്കുകയും സാമ്രാജ്യ സേവ നടത്തുകയും ചെയ്ത പാരമ്പര്യമുള്ള ആർ എസ് എസിന്റെ തലവൻ, കേരളീയനെ രാജ്യസ്നേഹം പഠിപ്പിക്കാൻ വരേണ്ടതില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ “ഗോസംരക്ഷണ” കൊലപാതകങ്ങളും വർഗീയ ധ്രുവീകരണ ശ്രമങ്ങളും ന്യായീകരിക്കാനാണ് കേരളത്തിനു നേരെ തിരിയുന്നതെങ്കിൽ, അത് തെറ്റായ ദിശയിലുള്ള സഞ്ചാരമാണ് എന്ന് ആർ എസ് എസിനെ ഓർമ്മിപ്പിക്കുന്നു. വർഗീയതയുടെയും അക്രമത്തിന്റെയും നിറം നോക്കിയല്ല കേരളം അവയെ നേരിടുക. എത്ര വലിയ വർഗീയ ശക്തിയായാലും ജനങ്ങളുടെ ജീവിതം അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ദാക്ഷിണ്യമില്ലാതെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപടിയെടുക്കും. ഭരണഘടനയ്ക്കും അതിന്റെ മൂല്യങ്ങൾക്കും നേരെ ആര് വന്നാലും വിട്ടുവീഴ്ചയില്ലാതെ നേരിടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button