യുവതികളെ രാഷ്ട്രീയം പഠിപ്പിക്കാൻ യൂത്ത് ലീഗ്

കണ്ണൂർ: യുവതികളെ രാഷ്ട്രീയം പഠിപ്പിക്കാൻ യൂത്ത് ലീഗ്. യുവതികളുടെ കൂട്ടായ്മകൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു കൊണ്ടാണു യൂത്ത് ലീഗിന്റെ തുടക്കം. കഴിഞ്ഞ മാസം ആദ്യ യുവതീസംഗമം കാസർകോട് നടന്നു. യുവതീ സംഗമം ഈ മാസം തന്നെ എല്ലാ ജില്ലകളിലും പൂർ‌ത്തിയാവും. കണ്ണൂർ ജില്ലാ സംഗമം 28നു തലശേരിയിലാണ്. അന്നു തന്നെ കോഴിക്കോട് നടക്കുന്ന ജില്ലാ യുവതീസംഗമത്തിൽ കോൺഗ്രസ് നേതാവു ശശി തരൂർ എംപി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ട്.

യൂത്ത് ലീഗ് യുവതീ സംഗമങ്ങളുടെ പ്രമേയം സംഘാടനത്തിലൂടെ ശാക്തീകരണം എന്നതാണ്. ആദ്യകൂട്ടായ്മ വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജനാണു കാസർകോട്ട് ഉദ്ഘാടനം ചെയ്തത്. വനിതാ ലീഗ് ഒഴികെ മുസ്‌ലിം ലീഗിനോ പോഷക സംഘടനകൾക്കോ നിലവിൽ സജീവമായ വനിതാ വിഭാഗമില്ല. വിദ്യാർ‌ഥി വിഭാഗമായ എംഎസ്എഫിന് ഏതാനും വർഷം മുൻപു ഹരിത എന്ന വനിതാ വിങ് ആരംഭിച്ചെങ്കിലും പ്രവർത്തനം കാര്യമായി ഉണ്ടായിരുന്നില്ല. യൂത്ത് ലീഗ് യുവതീസംഗമങ്ങൾക്കു പിന്നാലെ ഹരിതയും ജില്ലകൾ തോറും സ്ത്രീശാക്തീകരണ ക്യാംപെയ്ൻ തുടങ്ങുന്നുണ്ട്.