CinemaMovie SongsEast Coast SpecialEntertainment

വിനയനെ ഭയക്കുന്നതാര്?

മലയാള സിനിമയിലെ ‘വിനയന്‍’ പേടി ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. അതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന വിനയന്റെ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന പുതിയ ചിത്രത്തിന്റെ പൂജാവേളയില്‍ പ്രകടമായത്. കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന ചിത്രം കൂടിയാണിത്. കഷ്ടപ്പാടുകളോട് പടവെട്ടി സിനിമയിലെത്തിയ കലാഭവന്‍ മണിയെ നല്ല സിനിമകള്‍ നല്‍കി കൈപിടിച്ചുയര്‍ത്തി അംഗീകാരങ്ങള്‍ നേടിക്കൊടുത്തത് വിനയനായിരുന്നു. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’,’കരുമാടിക്കുട്ടന്‍’ എന്നീ രണ്ട് ചിത്രങ്ങള്‍ മതി വിനയന്‍ എന്ന സംവിധായകനെ അടയാളപ്പെടുത്താന്‍. പിന്നെയും നിരവധി നല്ല ചിത്രങ്ങള്‍ വിനയന്റെ ഭാവനയില്‍ പിറന്നു. ആരും പറയാത്ത കഥകളും,ആരും പ്രതീക്ഷിക്കാത്ത നായകന്മാരും വിനയനിലൂടെ പിറവിയെടുത്തു.

ഉണ്ടപ്പക്ക്രു ഗിന്നസ് പക്രു ആയി മാറിയതും വിനയനിലൂടെയാണ്. താരങ്ങള്‍ക്ക് ചുറ്റും സിനിമ ചുറ്റിക്കറങ്ങിയ സമയത്ത് കഥയാണ്‌ നായകന്മാരെ തെരഞ്ഞെടുക്കുന്നത് എന്ന പുതിയ വഴക്കങ്ങള്‍ക്ക് തുടമിട്ടതും വിനയന്‍ എന്ന് തന്നെ പറയാം.സൂപ്പര്‍താര ചിത്രങ്ങള്‍ മാത്രം വിജയം കണ്ടിരുന്ന കാലത്താണ് റിയാസ് എന്ന പുതുമുഖത്തെ നായകനാക്കി ‘ആകാശഗംഗ എന്ന സൂപ്പര്‍ഹിറ്റ് ഒരുക്കിയത്.നിരവധി പുതുമുഖങ്ങള്‍ക്കും മുന്‍നിര താരങ്ങള്‍ക്കും മടങ്ങിവരവുകള്‍ സമ്മാനിച്ചതും വിനയനായിരുന്നു. പിന്നീട് വിനയന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം സിനിമാക്കഥയെ വെല്ലുന്ന കാര്യങ്ങളാണ് . ഒതുക്കാനുള്ള സിനിമാക്കാരുടെ ശ്രമങ്ങള്‍. പിന്നെ സംഘടനയിലെ പ്രശ്നങ്ങള്‍.. ഒറ്റപ്പെടലുകള്‍.. പോരാട്ടങ്ങള്‍.. ഇപ്പോള്‍ വിനയന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒമ്പത് വര്‍ഷത്തെ കാരാഗ്രഹ വാസത്തിന് ശേഷമുള്ള മടങ്ങി വരവ്. എങ്കിലും വളരെ ശക്തമായ രീതിയില്‍ ചങ്കൂറ്റത്തോടെയാണ് വിനയന്‍ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കുന്നത്. അതിന് വിനയന് ശക്തമായ ഒരു ഭാഷയുണ്ട്. തനിക്കെതിരെയുള്ള വിലക്ക് നീക്കിയെന്നു വെച്ച് തന്‍റെ നിലപാടുകളില്‍ മാറ്റമുണ്ടാകുമെന്ന് കരുതേണ്ട എന്ന് വിനയന്‍ മുന്‍പ് പറഞ്ഞിരുന്നു. കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്നും വിനയന്‍ നേടിയെടുത്ത ഉത്തരവ് പ്രകാരമാണ് താര സംഘടനയായ അമ്മ വിലക്ക് നീക്കിയത്. സിനിമാ ജിവിതത്തിലെ വിലപ്പെട്ട ഒമ്പത് വര്ഷം നശിപ്പിച്ചവര്‍ പകരമായി എന്ത് നല്‍കിയാലും മതിയാവില്ലെന്നും അദ്ദേഹം പറയുന്നു. സംഘടനകളല്ല സിനിമയാണ് വലുത്. സിനിമയെ ഇഷ്ടപ്പെടുന്ന ആര്‍ക്കും നാളെ സിനിമ പിടിക്കാന്‍ കഴിയണം.സംഘടനയുടെ പേരില്‍ ഒരു കലാകാരനെയും മാറ്റി നിര്‍ത്തരുത് എന്ന് പറയാനും ഇന്നും വിനയനെ കഴിയൂ. ഒമ്പത് വര്‍ഷത്തെ വിലക്കും ഉപരോധങ്ങളും വിനയനെ തളര്‍ത്തിയിട്ടില്ല. ഒരു ശക്തനായ പോരാളിയാക്കി മാറ്റിയതേ ഉള്ളൂ. സാമ്പത്തിക വിജയം നേടിയ കൊച്ചു കൊച്ചു ചിത്രങ്ങളിലൂടെ തന്‍റെ സാന്നിധ്യം സിനിമയില്‍ നില നിര്‍ത്താന്‍ വിലക്ക് കാലത്തും അദ്ദേഹത്തിന് കഴിഞ്ഞു. ഗതകാലം മറന്ന് സിനിമയില്‍ കൂടുതല്‍ കരുത്തോടെ ശക്തമായി മടങ്ങി വരാനൊരുങ്ങുകയാണ് വിനയന്‍.അകറ്റി നിര്‍ത്തിയവര്‍ പലരും ഇന്ന് അടുത്തു കൂടിയിരിക്കുന്നു. പക്ഷെ അത് ഉള്‍ക്കൊള്ളാന്‍ ചില സിനിമാക്കാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് വാസ്തവം. പുതിയ സിനിമയുടെ പൂജയില്‍ നിന്നും പലരുടെയും അവസാന സമയത്തെ പിന്മാറ്റം അതാണ്‌ സൂചിപ്പിക്കുന്നതും. . വിനയന്റെ പടത്തില്‍ അഭിനയിക്കുന്നതിന് താരങ്ങള്ക്കോ സാങ്കേതിക പ്രവര്‍ത്തകര്‍ക്കോ ഇനി വിലക്കില്ല എന്ന ‘അമ്മ’യും ‘ഫെഫ്ക’യും ഉള്‍പ്പെടുന്ന സംഘടനകളുടെ തീരുമാനം എന്താണ് പൂര്‍ണ്ണമായും പ്രാബല്യത്തില്‍ ആവാത്തത്. അവിടെയാണ് വിനയന്‍ എന്ന സംവിധായകനേക്കാള്‍ മാക്ടയിലെ ധീരനായ സംഘാടകനെ ആരൊക്കെയോ ഭയക്കുന്നു എന്ന കാര്യം വ്യക്തമാകുന്നത്.

ഒരു സിനിമാ സംഘടനയിലും അംഗമില്ലാത്തവര്‍ക്കും സിനിമയെടുക്കാമെന്നും സെന്‍സര്‍ ചെയ്ത് തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാം എന്നും ഹൈക്കോടതിയില്‍ നിന്നും വിനയന്‍ അനുകൂല വിധി നേടിയെടുത്തിരുന്നു. സിനിമയിലെ അനീതിക്കും മനുഷ്യത്വമില്ലാത്ത പ്രവൃത്തികള്‍ക്കുമെതിരെ മരണം വരെ താന്‍ പ്രതികരിക്കുമെന്നും വിനയന്‍ വ്യക്തമാക്കിയിരുന്നു.

സിനിമ പ്രവര്‍ത്തകര്‍ക്ക് നന്മ ലക്ഷ്യമാക്കി തുടങ്ങിയ സംഘടനകള്‍ പില്‍ക്കാലത്ത് അംഗങ്ങള്‍ക്കെതിരെ തിരിഞ്ഞ് തൊഴില്‍ തന്നെ നഷ്ടമാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നതായാണ് കാണുന്നത്. വിനയന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ‘മാക്ട’ മറ്റ് ചിലരുടെ ഉദ്ധേശ ലക്ഷ്യങ്ങള്‍ക്ക് വഴങ്ങില്ല എന്ന സാഹചര്യം ഉണ്ടായപ്പോഴാണ് ഒരു പിളര്‍പ്പിലേക്ക് പോകുന്നതും ‘ഫെഫ്ക’ എന്ന സാങ്കേതിക പ്രവര്‍ത്തകരുടെ മറ്റൊരു സംഘാടന രൂപം കൊള്ളൂന്നതും. എന്നിട്ടും ‘മാക്ട’യില്‍ തന്നെ ഉറച്ചു നിന്ന വിനയന്‍ തനിക്കെതിരെ വന്ന എല്ലാ പ്രശ്നങ്ങളെയും വളരെ ശക്തമായി തന്നെയാണ് എതിരിട്ടത്. തനിക്കൊപ്പം നില്‍ക്കുന്നവരെ എന്ത് വില കൊടുത്തും വിനയന്‍ താങ്ങി നിര്‍ത്തി. തനിക്ക് വേണ്ടിയല്ല തന്‍റെ സംഘടനയ്ക്കും,സിനിമയ്ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് വിനയന്‍ കൂടുതല്‍ സംസാരിച്ചതും പ്രവര്‍ത്തിച്ചതും. വ്യക്തിപരമായും സംഘടനാപരമായും അങ്ങനെയാണ് ശത്രുക്കളുണ്ടാകുന്നത്.

എന്നാല്‍ മുന്‍കാലങ്ങളില്‍ തന്നോട് ചെയ്ത ദ്രോഹങ്ങളോട് സിനിമയിലുള്ള ഒരാളോട് പോലും പകയോ,വൈരാഗ്യമോ ഇല്ലെന്നും വിനയന്‍ പറയുന്നു.
ഇന്നലെ നടന്ന പൂജാ ചടങ്ങില്‍ സംവിധായകന്‍ ജോസ് തോമസിന്റെ വാക്കുകള്‍ ഇങ്ങനെയാണ് ; ”വിനയനെതിരെ കരുക്കള്‍ നീക്കിയതില്‍ ഞാനും പ്രധാനിയായിരുന്നു. എന്നാല്‍ സിനിമയില്‍ ഒരു നിര്‍ണ്ണായക ഘട്ടം തനിക്കുണ്ടായപ്പോള്‍ കൂടെ നിന്നത് വിനയന്‍ മാത്രമായിരുന്നു” എന്നാണ് ജോസ് തോമസ്‌ പറഞ്ഞത്. വാക്ക് മാത്രമല്ല പ്രവര്‍ത്തിയിലൂടെയും വിനയന്‍ അത് പ്രകടമാക്കുന്നു എന്ന് ഈ വാക്കുകളിലൂടെ വ്യക്തം. നിര്‍മ്മാതാവ് ഹസീബ് തന്‍റെ കഴിഞ്ഞ ചിത്രമായ ‘ആടുപുലിയാട്ട’ത്തിന് സംഭവിച്ച പ്രശ്നങ്ങള്‍ക്ക് വിനയന്റെ ഇടപെടലുകളും സഹായവും വളരെ വലുതായിരുന്നു എന്ന് പറയുകയുണ്ടായി. അവിടെയാണ് വിനയന്‍ വ്യത്യസ്തനാകുന്നത്. എവിടെ അടിച്ചമര്‍ത്തപ്പെടലുകള്‍ സംഭവിച്ചാലും ഇടപെടാന്‍ വിനയനുണ്ടാകും. സംഘടനയില്‍ കുഴപ്പക്കാരനായി അറിയപ്പെട്ടിരുന്ന സുകുമാരന്റെ മക്കള്‍ ഇന്ദ്രജിത്തിനും,പ്രിത്വിരാജിനും സിനിമയില്‍ വ്യക്തമായ മേല്‍വിലാസം ഉണ്ടാക്കി കൊടുത്തതും വിനയനായിരുന്നു എന്നതാണ് സത്യം. പ്രിത്വിരാജിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ അവഗണിച്ച് സിനിമയില്‍ താഴ്ച വന്ന സമയത്ത് അത്ഭുത ദ്വീപ്‌ എന്ന ചിത്രത്തിലൂടെ കൈപ്പിടിച്ചുയര്‍ത്തിയതും വിനയനായിരുന്നു. മല്ലിക സുകുമാരന്‍ അത് വ്യക്തമായി പറയുകയും ചെയ്തു.

വിനയനെതിരെയുള്ള വിലക്കുകള്‍ പിന്‍വലിച്ചു എങ്കിലും സിനിമകളില്‍ സഹകരിക്കരുത് എന്ന് ‘ഫെഫ്ക’യില്‍ ഒരു വിഭാഗം സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യുടെ കലാ സംവിധായകനായി വന്നത് സുരേഷ് കൊല്ലം ആയിരുന്നു. ചിത്രത്തില്‍ സഹകരിച്ചാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരും എന്ന് പറഞ്ഞത് പ്രകാരം ഫെഫ്കയിലെ കലാ സംവിധായകരുടെ വിഭാഗത്തില്‍ നിന്നും സുരേഷ് കൊല്ലം രാജി നല്‍കിയാണ് വിനയന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തതെന്നും കേള്‍ക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ സുരേഷ് കൊല്ലം വര്‍ഷങ്ങളായി സിനിമയില്ലാത്ത അവസ്ഥയിലായിരുന്നു. ഇത്തരം പ്രവണതകള്‍ സൂചിപ്പിക്കുന്നത് വിനയനെ ഉള്‍ക്കൊള്ളാന്‍ ഒരു വിഭാഗം സിനിമാക്കാര്‍ ഇപ്പോഴും ഭയക്കുന്നു എന്ന് തന്നെയാണ്..

വിനയന്‍ വെറുമൊരു സിനിമാക്കാരനല്ല. ഉള്ളില്‍ നന്മയും സഹപ്രവര്‍ത്തകരോട് സ്നേഹവുമുള്ള ഒരു പച്ചയായ മനുഷ്യന്‍ കൂടിയാണ്. തെറ്റുകള്‍ക്കെതിരെ അദ്ദേഹം ഇനിയും ശബ്ദമുയര്‍ത്തി കൊണ്ടേയിരിക്കും.. സിനിമയില്‍ മാറ്റങ്ങളുണ്ടാകാം..എന്നാല്‍ വിനയനിലെ പോരാളിക്ക് മാറ്റങ്ങളുണ്ടാകില്ല.. വിനയന്‍ അങ്ങിനെയാണ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button