KeralaLatest NewsNews

അമ്പലം വിഴുങ്ങാൻ സർക്കാരില്ല, അമ്പലം വിഴുങ്ങികളെ നേരിടുന്നതിൽ വിട്ടുവീഴ്ചയുമില്ല- ക്ഷേത്രം ഏറ്റെടുക്കല്‍ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം•ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കല്‍ വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ഗുരുവായൂരിലെ പാർത്ഥസാരഥി ക്ഷേത്രം കേരള സർക്കാർ ഏറ്റെടുത്തു എന്ന മുറവിളിക്കു പിന്നിലുള്ള പ്രധാന താൽപര്യങ്ങൾ രണ്ടാണ്.

ഒന്ന്: ക്ഷേത്രങ്ങൾക്ക് രക്ഷയില്ല എന്ന നിലയിൽ പ്രചാരണം നടത്തി സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുക.

രണ്ട്: ക്ഷേത്രത്തെ ഉപകരണമാക്കി തുടർന്നും അഴിമതിയിലൂടെ സമ്പത്ത് കുന്നുകൂട്ടാൻ സ്ഥാപിത താൽപര്യക്കാർക്ക് അവസരമുണ്ടാക്കിക്കൊടുക്കുക.

ഇതാണ് പ്രചാരണത്തിന്റെ ലക്ഷ്യം എന്നതു മനസ്സിലാക്കുന്ന വിശ്വാസികൾ അടക്കമുള്ള കേരളീയ പൊതുസമൂഹം ദുഷ്പ്രചാരണങ്ങളാൽ തെറ്റിദ്ധരിക്കപ്പെടുകയില്ല എന്ന് സർക്കാരിന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

ക്ഷേത്രം ഏതോ ദുരുദ്ദേശത്തോടെ, സ്വമേധയാ, തന്ത്രപരമായി സർക്കാർ ഏറ്റെടുത്തു എന്ന നിലയ്ക്കാണ് ചിലർ പ്രചാരണം നടത്തുന്നത്. സത്യവുമായി ഇതിന് ഒരു ബന്ധവുമില്ല. ഏറ്റെടുത്തത് സർക്കാരല്ല. ക്ഷേത്രപരിപാലന ചുമതലയുള്ള മലബാർ ദേവസ്വംബോർഡാണ്. ആ ബോർഡ് ക്ഷേത്രം ഏറ്റെടുത്തതാകട്ടെ ക്ഷേത്രത്തെ അഴിമതി ചൂഴ്ന്ന സാഹചര്യത്തിലും കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലുമാണ്. കോടതിത്തീർപ്പ് നടപ്പിലാക്കുക എന്നതുമാത്രമേ ബോർഡ് ചെയ്തിട്ടുള്ളു എന്നർത്ഥം. കോടതി പറഞ്ഞാൽ അനുസരിക്കുകയേ നിർവാഹമുള്ളു. സദുദ്ദേശത്തോടെ കോടതി നിർദേശിച്ചത് നടപ്പാക്കിയതിന് ബോർഡിനെയും സർക്കാരിനെയും ആക്രമിച്ചിട്ടു കാര്യമില്ല.

ഈ ക്ഷേത്രം സർവ്വതന്ത്ര സ്വതന്ത്രമായ ഒരു സംവിധാനത്തിൻ കീഴിലായിരുന്നു എന്നു പ്രചരിപ്പിക്കുന്നതിന് അടിസ്ഥാനമില്ല. 1951ലെ മദ്രാസ് ഹിന്ദു ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ടിന്റെ കീഴിലായിരുന്നു ഇതിന്റെ നടത്തിപ്പ്. നിയമത്തിനു കീഴിലായിരുന്നുവെങ്കിലും നടത്തിപ്പ് ചുമതല ഒരു പ്രത്യേക സമിതിക്കായിരുന്നു. ആ സമിതി നേരാംവിധമല്ല ക്ഷേത്രം നടത്തുന്നതെന്നും അഴിമതിയാണ് അവിടെ നടമാടുന്നതെന്നും പരാതിയുയർന്നു. അങ്ങനെ പരാതി വന്നാൽ എംഎച്ച്ആർസിഇ നിയമത്തിലെ വകുപ്പ്, ക്ഷേത്രത്തെ പൊതുസ്ഥാപനമാക്കി പ്രഖ്യാപിക്കാൻ അധികാരം നൽകുന്നുണ്ട്. അതാകട്ടെ തെളിവെടിപ്പിനും വിസ്താരത്തിനും പറയാനുള്ളതൊക്കെ പറയാനുള്ള അവസരം നൽകലിനും ഒക്കെ ശേഷമാണ്.

2010ലാണ് പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട പരാതി കേരള ഹൈക്കോടതിയിൽ ഹർജിയായി എത്തുന്നത്. ഹർജി കൊടുത്തതാകട്ടെ നാട്ടുകാരായ ഭക്തജനങ്ങളെയും ക്ഷേത്ര ജീവനക്കാരെയും പ്രതിനിധീകരിച്ച് ഉണ്ണി വാറനാട്ട്, പി ശ്രീകുമാർ, സി എ സുമേഷ് എന്നിവരാണ്. ക്ഷേത്രനടത്തിപ്പിലെ അഴിമതികളും അപാകതകളും ചൂണ്ടിക്കാട്ടിയ ഹർജി ക്ഷേത്രം ഏറ്റെടുക്കാൻ മലബാർ ദേവസ്വംബോർഡിന് ഉത്തരവ് നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ശ്രീ. തോട്ടത്തിൽ രാധാകൃഷ്ണൻ പുറപ്പെടുവിച്ച വിധിന്യായത്തിൽ ക്ഷേത്രം ഏറ്റെടുക്കുന്നതിന് മലബാർ ദേവസ്വം ആക്ടിലെ 57(എ) പ്രകാരം അപേക്ഷ നൽകാൻ ഭക്തരോട് നിർദേശിച്ചു. ഇതേത്തുടർന്ന് 30ഓളം ഭക്തജന പ്രതിനിധികൾ നൽകിയ അപേക്ഷയ്ക്കുമേലാണ് മലബാർ ദേവസ്വം കമ്മീഷണർ 2016 മെയ് 23ന് പാർത്ഥസാരഥി ക്ഷേത്രം പൊതുക്ഷേത്രമായി പ്രഖ്യാപിച്ചത്. ക്ഷേത്രഭരണത്തിനായി ഏകാംഗ ട്രസ്റ്റിയെ നിയമിക്കുകയും ചെയ്തു. എല്ലാ നടപടിക്രമങ്ങളും പൂർണമായി പരിപാലിച്ചുകൊണ്ടാണ് കമ്മീഷണർ പൊതുക്ഷേത്രമായി ഈ ക്ഷേത്രത്തെ പ്രഖ്യാപിച്ചത്. ബന്ധപ്പെട്ട എല്ലാവരെയും കേട്ടിട്ടും എല്ലാവരിൽനിന്നും തെളിവെടുത്തിട്ടും ആണ് ക്വാസി ജുഡീഷ്യൽ അതോറിറ്റി കൂടിയായ കമ്മീഷണർ കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രഖ്യാപനം നടത്തിയത്.

ഇതിനെതിരെ കേസുമായി ചിലർ പോയി. അതാകട്ടെ പാർത്ഥസാരഥി ക്ഷേത്രം ഭരണസംഘം എന്ന മുൻ ക്ഷേത്ര ഭരണസമിതി പോലുമായിരുന്നില്ല. പാർത്ഥസാരഥി ക്ഷേത്രരക്ഷാസമിതിയെന്ന സംഘടനയുടെ നേതാവായ ഹരിനാരായണ സ്വാമി, ഹിന്ദു ഐക്യവേദിയുടെ ജില്ലാ പ്രസിഡന്റായ പ്രസാദ് കാക്കശ്ശേരി എന്നിവരായിരുന്നു. കേരള ഹൈക്കോടതി ഇവരുടെ പരാതിക്കുമേൽ ആദ്യം സ്‌റ്റേ അനുവദിച്ചെങ്കിലും തുടർന്ന് പാർത്ഥസാരഥി ക്ഷേത്രത്തെ പൊതുക്ഷേത്രമായി അംഗീകരിച്ച നടപടിയെ ശരിവെയ്ക്കുകയായിരുന്നു. ഏകാംഗ ട്രസ്റ്റിയെ നിയമിച്ച നടപടിയെ മാത്രം ഹൈക്കോടതി നിരാകരിച്ചു. ദേവസ്വം ആക്ടിലെ സെക്ഷൻ 58 പ്രകാരം ഓരോ അമ്പലത്തിനും ഓരോ ഭരണപദ്ധതി രൂപീകരിക്കാൻ വ്യവസ്ഥയുണ്ട്. ഇതുപയോഗിച്ചുകൊണ്ട് പാർത്ഥസാരഥി ക്ഷേത്രത്തിനായി ആവശ്യമായ സ്‌കീം രൂപീകരിക്കാനും ഹൈക്കോടി നിർദേശിച്ചിരുന്നു.

എന്നാൽ, ഇതേ സമയത്ത് ശ്രീപാർത്ഥസാരഥി ക്ഷേത്ര ഭരണസംഘം ചാവക്കാട് സബ്‌കോടതിയിൽ മറ്റൊരു ഹർജി ഫയൽ ചെയ്തിരുന്നു. പാർത്ഥസാരഥി ക്ഷേത്രത്തെ പൊതുക്ഷേത്രമായി അംഗീകരിച്ച ഹൈക്കോടതി ഉത്തരവിനെ സുപ്രീംകോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ വഴി ചോദ്യം ചെയ്യാൻ ശ്രമിക്കുകയും ഉണ്ടായി. എന്നാൽ, ഹൈക്കോടതി മുമ്പാകെ ഉണ്ടായിരുന്ന കേസിൽ ഇവർ കക്ഷിയേ ആയിരുന്നില്ല എന്നു കണ്ട് സുപ്രീംകോടതി ഇവരുടെ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ അപേക്ഷ തള്ളി. 2017 ഫെബ്രുവരി 20നായിരുന്നു അത്.

ഹിന്ദു ഐക്യവേദി, പാർത്ഥസാരഥി ക്ഷേത്രരക്ഷാസമിതി ഭാരവാഹികൾ എന്നിവർ ഇതിനിടെ ഹൈക്കോടതിയിൽ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. ഇതിനൊപ്പം പാർത്ഥസാരഥി ക്ഷേത്രഭരണസംഘം മറ്റൊരു കേസ് കൂടി കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്തു. എന്നാൽ, സുപ്രീംകോടതി സ്‌റ്റേ നീക്കിയതോടെ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് 58-ാം വകുപ്പ് പ്രകാരമുള്ള സ്‌കീം തയ്യാറാക്കി ഗസറ്റിൽ പ്രസിദ്ധീകരിച്ച് നിയമമാക്കി. 2017 ഏപ്രിൽ 26ൽ സ്‌കീം വ്യവസ്ഥ പ്രകാരം ക്ഷേത്രത്തിൽ എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് അക്രമികളുടെ സഹായത്തോടെ ക്ഷേത്രം രക്ഷാസമിതിക്കാർ എന്ന മറവിൽ ചിലർ കൈയ്യേറിയതും ക്ഷേത്രം അക്രമികളെ കൊണ്ട് നിറച്ചതും. ഹർജിക്കാരായ ക്ഷേത്രസമിതിക്കാരുടെ വാദങ്ങൾ കോടതി ഇതിനിടെ നിരാകരിച്ചു. സ്‌കീം വ്യവസ്ഥകൾക്കെതിരെ വേണമെങ്കിൽ മലബാർ ദേവസ്വം ആക്ടിലെ സെക്ഷൻ 61 പ്രകാരം കീഴ്‌കോടതിയെ സമീപിക്കാവുന്നതാണെന്ന നിർദേശത്തോടെയാണ് ഹൈക്കോടതി ഇവരുടെ ഹർജികൾ തീർപ്പാക്കിയത്.

ക്ഷേത്ര ഭരണച്ചുമതലയുള്ള എക്‌സിക്യുട്ടീവ് ഓഫീസർ കോടതിവിധി നടപ്പാക്കിക്കിട്ടുന്നതിനും ക്ഷേത്രഭരണത്തിലെ ബാഹ്യ ഇടപെടൽ അവസാനിച്ചുകിട്ടുന്നതിനും വേണ്ടി പൊലീസിനെ സമീപിച്ചിരുന്നു. 2017 ഒക്‌ടോബർ 21ന് പൊലീസ് സഹായത്തോടെ ദേവസ്വം ജീവനക്കാർ കോടതിവിധി നടപ്പാക്കിയെടുക്കാനായി ചെന്നെങ്കിലും നിയമവിരുദ്ധമായി ക്ഷേത്രവാതിൽ അടച്ചുപൂട്ടി ആർഎസ്എസ് പ്രവർത്തകർ നിയമനടത്തിപ്പിന് തടസ്സം സൃഷ്ടിക്കുകയാണ് ഉണ്ടായത്. ഇതിനിടെ ഇഞ്ചക്ഷൻ ഉത്തരവ് തേടി ക്ഷേത്രഭരണസംഘം ചാവക്കാട് കോടതിയെ സമീപിച്ചെങ്കിലും ആ കോടതി ആ ആവശ്യം നിരാകരിക്കുകയാണുണ്ടായത്.

ഈ സാഹചര്യത്തിലാണ് ദേവസ്വംബോർഡ് ക്ഷേത്രസമാധാനലംഘനം ചൂണ്ടിക്കാണിച്ചുകൊണ്ട് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ആ ഹർജി അനുവദിച്ചുകൊണ്ട് നവംബർ ഒന്നാം തീയതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് വളരെ സമാധാനപൂർണമായ രീതിയിൽ പൊലീസ് സാന്നിധ്യത്തിൽ നടപ്പിലാക്കി. ഇതിനെയാണ് ക്ഷേത്രം പിടിച്ചെടുക്കലായി വ്യാഖ്യാനിക്കുന്നത്. കോടതി ഉത്തരവ് നടപ്പാക്കുന്നത് എങ്ങനെ ക്ഷേത്രം പിടിച്ചെടുക്കലാവും? ഹൈക്കോടതി വിധിപ്രകാരമുള്ള നിയമനടപടികൾ മാത്രമേ മലബാർ ദേവസ്വംബോർഡ് സ്വീകരിച്ചിട്ടുള്ളു. അതിനെ വർഗീയമായി വക്രീകരിക്കുന്നത് ദുരുദ്ദേശത്തോടെയാണ്.

അമ്പലം വിഴുങ്ങാൻ സർക്കാരില്ല. അമ്പലം വിഴുങ്ങികളെ നേരിടുന്നതിൽ സർക്കാരിന് വിട്ടുവീഴ്ചയുമില്ല. ദരിദ്രമായ ക്ഷേത്രങ്ങളും കേരളത്തിലുണ്ട്. അവയെ സംരക്ഷിക്കേണ്ടതുണ്ട്; സഹായിക്കേണ്ടതുണ്ട്. അതിന് എന്തു ചെയ്യാനാവുമെന്നതു സർക്കാർ ആലോചിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്  പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button