Latest NewsKeralaNews

മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ സംവരണം

തിരുവനന്തപുരം•മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ സംവരണം നല്‍കാനുള്ള സുപ്രധാനമായ തീരുമാനം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. സിപിഐ (എം) ന്റെയും ഇടതുമുന്നണിയുടെയും പ്രഖ്യാപിത നയമാണ് ഇതുവഴി നടപ്പിലാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

നിലവിലെ സംവരണം അട്ടിമറിക്കാതെ തന്നെ മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം നല്‍കുന്നതിന് ഭരണഘടനാ ഭേദഗതി വേണമെന്ന ആവശ്യം സിപിഐ(എം) നേരത്തെ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ബിജെപിയും കോണ്‍ഗ്രസുമടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ അതിനെ അനുകൂലിക്കാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം എന്ന ഐതിഹാസികമായ തീരുമാനം ഈ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് മുന്നോക്കക്കാരിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സംവരണം അനുവദിക്കുന്നതെന്നാണ് മനസിലാക്കുന്നത്.

നിലവില്‍ യാതൊരു സംവരണവും ഇല്ലാത്ത മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിനൊപ്പം, നിലവില്‍ സംവരണം ലഭിക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. നിലവില്‍ 14 ശതമാനം സംവരണം ഉണ്ടായിരുന്ന ഈഴവ സമുദായത്തിന് ഇനി മുതല്‍ 17 ശതമാനം സംവരണം ലഭിക്കും. പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗത്തിന് നിലവിലുണ്ടായിരുന്ന 10 ശതമാനം സംവരണം 12 ശതമാനമാക്കി. ഈഴവരൊഴിച്ചുള്ള ഹിന്ദു ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നിലവില്‍ ഉണ്ടായിരുന്ന 3 ശതമാനം സംവരണം ഇരട്ടിയാക്കി 6 ശതമാനമായി വര്‍ധിപ്പിച്ചു. ഇപ്രകാരം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താനാണ് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയത്. 50 ശതമാനം തസ്തികകളില്‍ പൊതുവിഭാഗത്തില്‍ മെറിറ്റടിസ്ഥാനത്തിലാകും നിയമനം.

ദളിതരെ ശാന്തിമാരായി നിയമിച്ച വിപ്ലവാത്മകമായ തീരുമാനം പോലെ ഈ കാലഘട്ടത്തില്‍ അനിവാര്യമായി തീര്‍ന്ന നിര്‍ണായകമായ തീരുമാനമാണ് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം. സാമ്പത്തികമായി ഒരു മാര്‍ഗവും ഇല്ലാതിരിക്കുമ്പോഴും സവര്‍ണ സമുദായങ്ങളില്‍ ജനിച്ചതിന്റെ പേരില്‍ പ്രയാസപ്പെടുന്നവര്‍ക്ക് നീതി നല്‍കാന്‍ സഹായകമായ ഈ തീരുമാനത്തിനെ പൊതുസമൂഹം പിന്തുണയ്ക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 5 ദേവസ്വം ബോര്‍ഡുകളില്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി നടത്തുന്ന നിയമനങ്ങളിലാണ് പുതുക്കിയ സംവരണ രീതി പ്രാബല്യത്തില്‍ വരിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button