Latest NewsKeralaNews

ബി.ജെ.പി നടപടി പ്രാകൃതം-കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം•തിരുവനന്തപുരം മേയര്‍ അഡ്വ.വി.കെ.പ്രശാന്തിനെ കോര്‍പ്പറേഷന്‍ മന്ദിരത്തില്‍ ക്രൂരമായി അക്രമിച്ച്‌ പരുക്കേല്‍പ്പിച്ച ബി.ജെ.പി നടപടി പ്രാകൃതമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

കോര്‍പ്പറേഷന്‍ മേയര്‍ക്ക്‌ കക്ഷിപരിഗണകള്‍ക്ക്‌ അതീതമായ ആദരവാണ്‌ സമൂഹം നല്‍കുന്നത്‌. അതെല്ലാം ലംഘിച്ച്‌ മേയറെ കാലിന്‌ പിടിച്ച്‌ നിലത്തിടുകയും മര്‍ദ്ദിക്കുകയും ചെയ്‌തത്‌ കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്‌. ഇത്‌ ജനാധിപത്യത്തേയും പൗരബോധത്തേയും കാറ്റില്‍ പറത്തുന്നതാണ്‌. ഒരുവശത്ത്‌ കമ്മ്യൂണിസ്റ്റ്‌ ആക്രമണമെന്ന്‌ വ്യാജമുറവിളി കൂട്ടി ദേശവ്യാപകമായി പ്രചരണ കോലാഹലം നടത്തുന്നതിനിടയിലാണ്‌ മറുവശത്ത്‌ സി.പി.ഐ (എം) ന്റേയും എല്‍.ഡി.എഫിന്റേയും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ ബി.ജെ.പിയും ആര്‍.എസ്‌.എസ്സും നടത്തുന്നത്‌. ഇത്തരം ഇരട്ടത്താപ്പിന്റേയും അക്രമരാഷ്ട്രീയത്തിന്റേയും നേര്‍മുഖമാണ്‌ തിരുവനന്തപുരം നഗരസഭയില്‍ മറനീക്കിയത്‌.

കോര്‍പ്പറേഷന്‍ ഭരണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ ചേര്‍ന്ന നഗരസഭാ യോഗം അലങ്കോലപ്പെടുത്താന്‍ മുന്‍കൂട്ടി ആലോചിച്ചെത്തിയ ബി.ജെ.പി സംഘം മനപ്പൂര്‍വ്വമായി മേയറെ ആക്രമിക്കുകയായിരുന്നു. യോഗം പൂര്‍ത്തിയാക്കി തന്റെ ഓഫീസിലേക്ക്‌ പോകാന്‍ പടികള്‍ കയറിയ മേയറെ കാലിന്‌ പിടിച്ച്‌ നിലത്തിട്ടതും മര്‍ദ്ദിച്ചതും ന്യായീകരിക്കാനാകാത്ത ഹീനനടപടിയാണ്‌. തിരുവനന്തപുരത്ത്‌ സി.പി.ഐ (എം) ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ ആര്‍.എസ്‌.എസ്‌ – ബി.ജെ.പി സംഘം കഴിഞ്ഞ ദിവസം അക്രമം നടത്തിയിരുന്നു. ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി ഐ.സാജുവിന്റെ വീടിന്‌ നേരെ ആക്രമണമുണ്ടായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌, വാര്‍ഡ്‌ അംഗം തുടങ്ങിയവരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്‌തു. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢപരിശ്രമമാണ്‌ സംഘ പരിവാര്‍ നടത്തുന്നത്‌. ഈ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ്‌ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടന്ന ബി.ജെ.പി ആക്രമണം.

ഇത്തരം ആക്രമണങ്ങളെ സമചിത്തതയോടെ നേരിടാനും ജനാധിപത്യപരമായി പ്രതിഷേധിക്കാനും എല്ലാ ജനങ്ങളോടും കോടിയേരി ബാലകൃഷ്‌ണന്‍ അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button