ലക്നൗ•ദളിതര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും എതിരായ ആക്രമണങ്ങള്‍ ആര്‍.എസ്.എസും ബി.ജെ.പിയും അവസാനിപ്പിച്ചില്ലെങ്കില്‍ താനും തന്റെ അനുയായികളും ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി.
1935ല്‍ അംബേദ്കര്‍ നടത്തിയ പ്രഖ്യാപനം താന്‍ ഒരു ഹിന്ദുവായാണ് ജനിച്ചതെങ്കിലും മരിക്കുന്നത് അങ്ങനെയാവില്ല എന്നായിരുന്നു. ഹിന്ദു നേതാക്കള്‍ക്ക് മാറ്റം വരുന്നതിന് അദ്ദേഹം 21 വര്‍ഷം നല്‍കി. എന്നിട്ടും ദളിതര്‍ക്കെതിരായ സമീപനത്തില്‍ മാറ്റം വരുത്താന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് 1956ല്‍ അദ്ദേഹം ബുദ്ധമതം സ്വീകരിച്ചു. അതിന് ശേഷമെങ്കിലും ദളിതര്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ക്ക് അവസാനമുണ്ടാകുമെന്ന് നമ്മള്‍ പ്രതീക്ഷിച്ചു, പക്ഷേ മാറ്റമുണ്ടായില്ല.
ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കന്മാര്‍ക്ക് മാറി ചിന്തിക്കാന്‍ ഒരവസരം നല്‍കുകയാണ്. അവരുടെ നിലപാടുകളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ താനും കോടിക്കണക്കിന് അനുയായികളും ബുദ്ധമതം സ്വീകരിക്കുമെന്നും മായാവതി പറഞ്ഞു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി അനുയായികള്‍ നേരത്തെ തയ്യാറെടുക്കണം. ബി.ജെ.പി സര്‍ക്കാര്‍ വന്‍ പരാജയമാണ്. എന്നാല്‍ അവര്‍ അത് ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുന്നത് ദേശസ്നേഹത്തിന്റെ പേര് പറഞ്ഞാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണം ബി.ജെ.പി ആരംഭിച്ചേക്കും. അത് അവരുടെ തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും മായാവതി പറഞ്ഞു.
Post Your Comments