കൊട്ടിയം: ഭാര്യയുടെ പ്രസവത്തിനായി ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് കുത്തേറ്റു മരിച്ചു. കുരീപ്പള്ളി തൈക്കാവുമുക്ക് കുളത്തിന്‍കര ഷാഫി മന്‍സിലില്‍ സലാഹുദീന്റെയും ജുമൈലത്തിന്റെയും മകന് മുഹമ്മദ് ഷാഫി(28)യാണ് മരിച്ചത്. മരിച്ച മുഹമ്മദ് ഷാഫിയ്ക്കൊപ്പമുണ്ടായിരുന്ന മുസുമ്മുലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. കെഎസ്ആര്‍ടിസി അടൂര്‍ ഡിപ്പോയിലെ ഡ്രൈവറും സിപിഎം ആലുംമൂട് ബ്രാഞ്ച് സെക്രട്ടറിയുമായ ലാല്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ പേരിലാണ് കേസ്.
തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ആലുംമൂട് ജങ്ഷനിലായിരുന്നു സംഭവം. ആലുംമൂട് ചന്തയ്ക്ക് പുറകുവശത്ത് വിജനമായ പുരയിടത്തില്‍ ചിലര്‍ നടത്തുന്ന ചീട്ടുകളി മുഹമ്മദ് ഷാഫി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന്റെ കാരണം. സ്ഥലത്തുനിന്നു പോയ മുഹമ്മദ് ഷാഫിയെ പിന്നാലെ ബൈക്കിലെത്തിയ പ്രതികള്‍ തിരികെ വിളിച്ചുകൊണ്ടുവന്നു സംഘം ചേര്‍ന്ന് ആക്രമിച്ചു. സുഹൃത്ത് മുസുമ്മലിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഓടി രക്ഷപ്പെട്ടു. ഹര്‍ത്താല്‍ ആയതിനാല്‍ പ്രദേശത്ത് മറ്റ് കടകളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല.
സംഭവമറിഞ്ഞ അനീഷ് എന്ന യുവാവ് എത്തിയാണ് കുത്തേറ്റു കിടന്ന മുഹമ്മദ് ഷാഫിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കൊട്ടിയം ഹോളിക്രോസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. മുഹമ്മദ് ഷാഫിയുടെ ഭാര്യ സുമയ്യ ഒരാഴ്ച മുന്‍പാണ് രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിനായാണ് മുഹമ്മദ് ഷാഫി ചുരുങ്ങിയ അവധിക്ക് നാട്ടിൽ എത്തിയത്.
Post Your Comments