ബാങ്കോക്ക് : ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീമംഗങ്ങളെയും കോച്ചിനെയും രക്ഷിക്കാനുള്ള ശ്രമം ഒമ്പതാം ദിവസവും തുടരുന്നു. ഗുഹയ്ക്കുള്ളില്‍ ഇവര്‍ ഉണ്ടെന്നു കരുതുന്ന ഭാഗത്തെത്താന്‍ രക്ഷാസംഘം ഇനി കുറച്ചു ദൂരം കൂടി മാത്രം പിന്നിട്ടാല്‍ മതിയെന്നാണു സൂചന. ഗുഹയ്ക്കുള്ളില്‍ വെള്ളം കയറാത്ത ഒരേയൊരു ഭാഗമായ ഇവിടെ കുട്ടികളും കോച്ചും ഉണ്ടാകുമെന്ന കണക്കുകൂട്ടിലിലാണ് സംഘം. ഗുഹാമുഖത്തുനിന്ന് ഏകദേശം നാലു കിലോമീറ്റര്‍ ദൂരത്തിലാണ് ഇത്.
10 കിലോമീറ്റര്‍ നീളമുള്ള ഗുഹയ്ക്കുള്ളില്‍ വെള്ളക്കെട്ടുകള്‍ക്കുള്ളിലൂടെ നീന്തല്‍വിദഗ്ധര്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കൗമാര ഫുട്‌ബോള്‍ താരങ്ങളായ 12 കുട്ടികളും അവരുടെ 25 വയസ്സുള്ള പരിശീലകനുമാണു കഴിഞ്ഞ ശനിയാഴ്ച ഉത്തര തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്. 1000 തായ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം യുഎസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരും രക്ഷാദൗത്യത്തിനു രംഗത്തുണ്ട്.
പത്തു കിലോമീറ്ററിലേറെ വരുന്ന ഗുഹയിലേക്കു മറ്റേതെങ്കിലും പ്രവേശനമാര്‍ഗമുണ്ടോ എന്നു മറ്റൊരുസംഘം തിരയുന്നു. ഇടയ്ക്കു മല തുരന്ന് ഉള്ളിലേക്ക് ഇറങ്ങാനുള്ള ശ്രമം വിജയിച്ചു. ഗുഹയുടെ ചെളിനിറഞ്ഞ അറയിലേക്കാണ് ഈ തുരങ്കം ചെന്നെത്തിയത്. ഇതിലൂടെ ഭക്ഷണം, വെള്ളം, ടോര്‍ച്ച് തുടങ്ങിയവ ഗുഹയ്ക്കുള്ളിലേക്ക് ഇട്ടുകൊടുത്തിട്ടുണ്ട്. പക്ഷേ, ഈ ഭാഗവുമായി ബന്ധപ്പെട്ട ഭാഗത്താണോ കുഞ്ഞുങ്ങളെന്നു വ്യക്തമല്ല. ഓരോ 25 മീറ്ററിലും നീന്തല്‍ വിദഗ്ധര്‍ക്ക് ഉപയോഗിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.
Read Also : ഇടിമിന്നലും അതിശക്തമായ കാറ്റും മഴയും : ദുരന്തമുണ്ടാകാം : എട്ട് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം
കുട്ടികള്‍ ഇപ്പോഴും ജീവനോടെയുണ്ടാകുമെന്നാണു രക്ഷാപ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. കൂടുതല്‍ വിശാലമായ അറകളിലേക്ക് ഇവര്‍ മാറിയിട്ടുണ്ടാകാം. മുന്‍പും ഗുഹയ്ക്കുള്ളില്‍ പോയിട്ടുള്ളവരാണു കുട്ടികള്‍.
Post Your Comments