പട്‌ന: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി’ല്‍ അഭിനയിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ അനുപം ഖേറിനെതിരെ കേസ്.ചിത്രം പ്രമുഖ വ്യക്തികളുടെ പ്രതിച്ഛായ തകര്‍ക്കുന്നെന്ന് ആരോപിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയും സുധീര്‍ പരാതി നല്‍കിയിട്ടുണ്ട്.
ബീഹാറിലെ മുസാഫര്‍പൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയ്ക്ക് മുമ്പാകെയാണ് സുധീര്‍ പരാതി നല്‍കിയത്. ജനുവരി എട്ടിന് സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസില്‍ വാദം കേള്‍ക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേശകനായ സഞ്ജയ് ബാരുവിന്റെ ഇതേ പേരിലുള്ള പുസ്തകത്തിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ചിത്രം മന്‍മോഹന്‍ സിംഗിന്റേയും സഞ്ജയ് ബാരുവിന്റെയും പ്രതിച്ഛായ തകര്‍ക്കുന്നുണ്ടെന്ന് സുധീര്‍ പരാതിയില്‍ ആരോപിക്കുന്നു.കൂടാതെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവരെയും സിനിമ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് സുധീറിന്റെ വാദം.
ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിങ് എന്നാണ് ബാരുവിന്റെ പുസ്തകത്തിന്റെ മുഴുവന്‍പേര്. അക്ഷയ് ഖന്നയാണ് ചിത്രത്തില്‍ സഞ്ജയ് ബാരുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് രത്‌നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങിന് പുറമെ മറ്റൊരു പ്രധാന കഥാപാത്രമായ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മന്‍ നടി സുസന്‍ ബെര്‍നെര്‍ട് ആണ്.
Post Your Comments