Latest NewsKerala

മരുന്നുകള്‍ക്ക് വില്‍പ്പന നികുതി പാടില്ല; ഹൈക്കോടതി

കൊച്ചി: ആശുപത്രികളില്‍ ചികിത്സയുടെ ഭാഗമായി രോഗികള്‍ക്ക് നല്‍കുന്ന മരുന്നും ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കുന്ന വസ്തുക്കളും മറ്റ് ചികിത്സാ സാമഗ്രികളും വില്‍പ്പന സാമഗ്രികളായി കണ്ട് നികുതി ഈടാക്കാനാവില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് അശോക് മേനോന്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഫുള്‍ബെഞ്ചിന്റേതാണ് ഉത്തരവ്. ജീവകാരുണ്യ സ്ഥാപനങ്ങളല്ലെങ്കിലും മരുന്നും അനുബന്ധ സാമഗ്രികളും വില്‍ക്കുന്ന ബിസിനസ് സ്ഥാപനമായി ആശുപത്രികളെ കാണാനാവില്ല. ചികിത്സയുടെ ഭാഗമായി മരുന്നും മറ്റും ഉപയോഗിക്കുന്നതു രോഗിയുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നു കോടതി പറഞ്ഞു.

ആശുപത്രി സേവനങ്ങളുടെ ഉദ്ദേശ്യം രോഗം ഭേദമാക്കാനുള്ള ആരോഗ്യപരിചരണവും ചികിത്സയുമാണ്; മരുന്നിന്റെയും അനുബന്ധ സാധനങ്ങളുടെയും വില്‍പനയല്ല. മരുന്നുകള്‍ നല്‍കുന്നതും ശസ്ത്രക്രിയയിലൂടെ സാധനങ്ങള്‍ ഘടിപ്പിക്കുന്നതും മറ്റും ചികിത്സയുടെ ഭാഗമാണ്. മെഡിക്കല്‍ ഉപദേശത്തിന്റെ പുറത്ത് ഇവ നല്‍കുന്നതു രോഗിയെ ചികിത്സിച്ചു ഭേദമാക്കാനാണ്, ലാഭമുണ്ടാക്കാനല്ല. ആശുപത്രി ബില്ലിനൊപ്പമുള്ള മരുന്ന്/ അനുബന്ധ സാധനങ്ങളുടെ ചെലവ് വില്‍പന നികുതി ഏര്‍പ്പെടുത്താനായി വേര്‍തിരിക്കാനാവില്ലെന്നു കോടതി പറഞ്ഞു.

എന്തെല്ലാം വസ്തുക്കള്‍ ഉപയോഗിക്കാം എന്നതു രോഗിക്കു നിശ്ചയിക്കാനോ ആവശ്യപ്പെടാനോ കഴിയില്ലെന്നു കോടതി പറഞ്ഞു. ചികിത്സ തേടി ആശുപത്രിയിലെത്തുന്ന രോഗി ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഡോക്ടര്‍ക്കോ സര്‍ജനോ വിട്ടുനല്‍കുകയാണു ചെയ്യുന്നത്. ആശുപത്രികള്‍ മരുന്നും മറ്റും നല്‍കുന്നതു ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ്. ചികിത്സാ ആവശ്യത്തിന് മരുന്ന്/ അനുബന്ധ സാധനങ്ങള്‍ വില്‍ക്കുന്നതു സേവനമെന്നു കരുതാവുന്ന മെഡിക്കല്‍ പരിചരണത്തിന്റെയും ചികിത്സയുടെയും ഭാഗമാണ്.അതിനാല്‍ ‘സാധന വില്‍പന’യുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടില്ലെന്നു കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button