Latest NewsIndia

‘ഹിമാലയന്‍ വയാഗ്ര’ തേടിപ്പോയ 8 പേര്‍ മരിച്ചു

കാത്ത്മണ്ഡു•നേപ്പാളിലെ ദോല്പ ജില്ലയില്‍ ‘ഹിമാലയന്‍ വയാഗ്ര’ എന്നറിയപ്പെടുന്ന ഔഷധ ഗുണങ്ങളുള്ള അപൂര്‍വയിനം ഫംഗസായ യര്‍സഗുംബ ശേഖരിക്കാന്‍ പോയ എട്ടുപേര്‍ മരിച്ചു.

സംയോഗാസക്തിയുണ്ടാക്കുന്ന ഔഷധമെന്ന് പേരുകേട്ട യര്‍സഗുംബ 10,000 അടി ഉയരത്തിലുള്ള ഹിമാലയന്‍ മലനിരകളില്‍ മാത്രമാണ് കാണപ്പെടുന്നത്.

ഒരാഴ്ചയ്ക്കിടെയാണ് എടുപേര്‍ ഇംഗ്ലീഷില്‍ കാറ്റര്‍പില്ലര്‍ ഫംഗസ് എന്നറിയപ്പെടുന്ന ഇത് ശേഖരിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. 5 പേര്‍ ഉയരത്തിലുണ്ടാകുന്ന അസുഖം മൂലമാണ് മരിച്ചത്. മറ്റു രണ്ട്പേര്‍ ഫംഗസ് ശേഖരിക്കുന്നതിനിടെ കുന്നില്‍ നിന്നും കാല് വഴുതി വീണും മരിക്കുകയായിരുന്നു. ഫംഗസ് ശേഖരിക്കാനെത്തിയ മാതാവിനൊപ്പം എത്തിയ ഒരു കുട്ടിയും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എല്ലാ വേനല്‍കാലത്തും അമൂല്യമായ വസ്തു തേടി ആളുകള്‍ ഹിമാലയം കയറാറുണ്ട്. ഏഷ്യന്‍, അമേരിക്കന്‍ വിപണികളില്‍ ഗ്രാമിന് 100 ഡോളര്‍ വരെയാണ് ഇതിന്റെ വില.

നാഷണൽ ജിയോഗ്രഫിക്കിന്റെ 2012-ൽ പുറത്തുവന്ന ഒരു റിപ്പോർട്ടിൽ പറയുന്നതു പ്രകാരം ഏറ്റവും ഗുണനിലവാരമുള്ള ഹിമാലയൻ വയാഗ്രയ്ക്ക് ഒരു പൌണ്ടിനു 50000 ഡോളറാണു അമേരിക്കൻ വിപണിയിലെ വില. അതായത് ഒരു കിലോഗ്രാമിനു ഏകദേശം 70 ലക്ഷം ഇന്ത്യൻ രൂപ.

യർസഗുംബു എന്നവാക്കിനു തിബറ്റൻ ഭാഷയിൽ ‘വേനൽപ്പുല്ല്’, ‘ശൈത്യപ്പുഴു‘ എന്നൊക്കെയാണു അർത്ഥം. ഗോസ്റ്റ് മോത്ത് (പ്രേതശലഭം) എന്നുവിളിക്കപ്പെടുന്ന ഒരു ശലഭത്തിന്റെ ലാർവ്വയിലാണു ഈ ഫംഗസ് വളരുന്നത്. ജീവനുള്ള ലാർവ്വയിൽ വളരുന്ന ഈ ഫംഗസ് ലാർവ്വയെ കൊന്നശേഷം അതിനെ ഒരുതരം ‘മമ്മി’യാക്കി മാറ്റുന്നു. മമ്മിയാക്കപ്പെട്ട ലാർവ്വയുടെ തലഭാഗത്തുനിന്നും കഷ്ടിച്ച് ഒരു സെന്റീമീറ്റർ നീളമുള്ള സ്ട്രോമ എന്നുവിളിക്കുന്ന ശരീരഭാഗമായി ഒരു കൊമ്പുപോലെ ഈ ഫംഗസ് പുറത്തേയ്ക്ക് വളർന്നുവരുകയും ചെയ്യും. കാലക്രമേണ ഈ പുഴുവിന്റെ മമ്മി മണ്ണിനടിയിൽ ആകുകയും ഫംഗസിന്റെ സ്ട്രോമ മാത്രം മണ്ണിനുമുകളിൽ കാണപ്പെടുകയും ചെയ്യും. ഇത്തരത്തിൽ ഫംഗസ് വളർന്നു നിൽക്കുന്ന പുഴുക്കളുടെ മമ്മി ശേഖരിച്ചാണു വിപണിയിലെത്തിക്കുന്നത്. ഇംഗ്ലീഷിൽ ഇതിനെ കാറ്റർപില്ലർ ഫംഗസ് എന്നാണു വിളിക്കുന്നത്.

പതിനഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘ലൈംഗികോത്തേജക ഗുണങ്ങളുടെ മഹാസമുദ്രം‘എന്നഗ്രന്ഥത്തിലാണു യർസ ഗുംബുവിനെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക പരാമർശമുള്ളത്. ഈ ‘അന്യൂനമായ നിധി’ കഴിക്കുന്നവർക്ക് അസാധ്യമായ നേട്ടങ്ങൾ ലഭിക്കുമെന്നാണു ഈ ഗ്രന്ഥം യർസ ഗംബുവിനെക്കുറിച്ചു പറയുന്നത്. ‘ഇതൊരൽപ്പം ഒരു കപ്പ് ചായയിലോ സൂപ്പിലോ ഇട്ടു തിളപ്പിച്ചുകുടിച്ചാൽ നിങ്ങളുടെ എല്ലാ രോഗങ്ങളും പമ്പകടക്കും’ എന്നും ഗ്രന്ഥം പറയുന്നു. ന്യാംന്യി ദോർജെ (1439-1475) എന്നയാളാണു ഈ ഗ്രന്ഥം എഴുതിയത്.

നിരവധി ചൈനീസ് പാരമ്പര്യ വൈദ്യ ഗ്രന്ഥങ്ങലിലും ഇതിനെക്കുറിച്ചു പരാമർശമുണ്ട്. ചൈനീസ്-തിബറ്റൻ പാരമ്പര്യ വൈദ്യശാസ്ത്രങ്ങൾ യർസ ഗുംബുവിനെ ഒരു ടോണിക്കായും ലൈംഗികോത്തേജക ഔഷധമായുമായാണു കണക്കാക്കിപ്പോരുന്നത്. ഉദ്ദാരണക്കുറവ്, സ്ത്രീകളിലെ ലൈംഗികതാൽപ്പര്യക്കുറവ്, പലതരം ട്യൂമറുകളും ക്യാൻസറുകളും, ആസ്ത്മ, പ്രമേഹം, മഞ്ഞപ്പിത്തം, കരൾ-കിഡ്നി രോഗങ്ങൾ എന്നിവയ്ക്ക് മരുന്നായി യർസ ഗുംബുവിനെ ഉപയോഗിക്കാമെന്നു പാരമ്പര്യവൈദ്യന്മാർ അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button