Latest NewsIndia

തകര്‍ന്നു വീണ വ്യോമസേനാ വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്; ഇന്നും തെരച്ചില്‍ തുടരും

അസം: അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെചുകയിലേക്ക് പോകവേ കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ AN 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഇന്നും തെരച്ചില്‍ തുടരും. വിമാനത്തില്‍ മൂന്ന് മലയാളികളുള്‍പ്പടെ 13 പേരാണുണ്ടായിരുന്നത്. സിയാങ് ജില്ലയിലെ പായും സര്‍ക്കിളിന് തൊട്ടടുത്താണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തുകയായിരുന്ന Mi-17 ഹെലികോപ്റ്ററാണ് ഇന്നലെ രാത്രിയോടെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വിമാനം തകര്‍ന്നു വീണ ഇടത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തു വന്നു. നിബിഡവനപ്രദേശത്തേക്കാണ് വിമാനം തകര്‍ന്നു വീണിരിക്കുന്നത്. പ്രദേശത്തെ മരങ്ങളെല്ലാം കത്തി നശിച്ച നിലയിലാണ്. വിമാനം തകര്‍ന്നു വീണപ്പോള്‍ വലിയ തീപിടിത്തമുണ്ടായെന്നാണ് ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്. കുത്തനെയുള്ള നിബിഡവനത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. അതുകൊണ്ടുതന്നെ ഹെലികോപ്റ്ററുകള്‍ക്ക് വിമാനം തകര്‍ന്നു വീണതിന്റെ തൊട്ടടുത്തെങ്ങും ഇറങ്ങാനാകില്ല. എന്നാല്‍ തൊട്ടടുത്ത് ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാനാകുന്ന സ്ഥലം കണ്ടെത്തിയെന്നും, രാവിലെ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്നും വ്യോമസേന അറിയിച്ചു. ഇന്നലെ രാത്രി മുതല്‍ത്തന്നെ പ്രദേശത്ത് കരസേനയെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ജൂണ്‍ 3-ന് അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെചുകയിലെ സൈനിക ലാന്‍ഡിംഗ് സ്ട്രിപ്പിലേക്ക് പോവുകയായിരുന്നു വിമാനം. പന്ത്രണ്ടരയോടെ പറന്നുയര്‍ന്ന് അരമണിക്കൂറിനകമാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിന് വേണ്ടി C-130J, സുഖോയ് SU-30 പോര്‍ വിമാനങ്ങള്‍, നാവികസേനയുടെ P8-I തെരച്ചില്‍ വിമാനങ്ങള്‍, കര, വ്യോമസേനകളുടെ ഒരു സംഘം ഹെലികോപ്റ്ററുകള്‍ എന്നിവ ജൂണ്‍ 3 മുതല്‍ പ്രദേശത്ത് തെരച്ചില്‍ നടത്തി വരികയായിരുന്നു. ISROയുടെ ഉപഗ്രഹങ്ങളും, സൈന്യത്തിന്റെ ഡ്രോണുകളും തെരച്ചിലിന് സഹായിക്കാനായി ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button