തോട്ടുമുക്കം : ഫുട്‌ബോളിനോടും ഫുട്‌ബോള്‍ ടീമുകളോടുമുള്ള കമ്പം സ്വന്തം മണിയറയുടെ അലങ്കാരത്തില്‍ വരെ നിറയ്ക്കുകയാണ് മലയോരത്തെ ഒരു ഫുട്‌ബോള്‍ താരം. റിയാസിന്റെ മണിയറ മൊത്തം ചുവപ്പ് മയമാണിപ്പോള്‍.നാട്ടിലെ നിരവധി അഖിലേന്ത്യാ സെവന്‍സ് ടീമുകള്‍ക്കായി പന്ത് തട്ടിയ റിയാസ് ഇപ്പോള്‍ കുവൈറ്റിലെ കൊറിയര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. വിവാഹത്തിനായി നാട്ടിലെത്തിയത് 2 മാസം മുന്‍പ്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചുവപ്പ്. മണിയറ മാത്രമല്ല. ഈ വീട്ടിലേക്കെത്തുന്ന അതിഥികളെ ആദ്യം വരവേല്‍ക്കുന്നത് കോലായിലെ ചുമരില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചുവന്ന ജേഴ്‌സിയില്‍ ആലേഖനം ചെയ്ത റിയാസിന്റെ പേരും മാഞ്ചസ്റ്റര്‍ യുനെറ്റഡിന്റെ എവേ ജേഴ്‌സിയായ വെള്ള ജേഴ്‌സിയില്‍ ആലേഖനം ചെയ്ത മുഫീദയുടെ പേരുമാണ്. മണിയറയിലെ ബെഡ്ഷീറ്റും തലയിണയും അലമാരിയും എന്നു വേണ്ട റൂഫും മാഞ്ചസ്റ്റര്‍ മയം തന്നെ.
നാട്ടില്‍ ടൗണ്‍ ടീം അരീക്കോട്, കെ.ആര്‍.എസ് കോഴിക്കോട്, എഫ്.സി കൊണ്ടോട്ടി ടീമുകള്‍ക്കായാണ് കളിച്ചിരുന്നത്. കുവൈറ്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാരാണ് റിയാസ് കളിക്കുന്ന എ.കെ.എഫ്.സി. ഇഷ്ട ഫുട്‌ബോള്‍ ക്ലബ്ബിനോട് ഉള്ള ആരാധന തന്റെ പ്രിയതമയ്ക്ക് ആയി ഒരുക്കുന്ന മണിയറയില്‍ വരെ ആലേഖനം ചെയ്തിരിക്കുന്നത് ഏറെ കൗതുകം സൃഷ്ടിച്ചിരിക്കുകയാണ്. കുവൈറ്റ് കേരള പ്രീമിയര്‍ ലീഗില്‍ മലപ്പുറം ബ്രദേഴ്‌സിന്റെ കളിക്കാരനാണ് ഈ വിംഗ് ബാക്ക്. കല്യാണം കഴിഞ്ഞ് റിയാസിന്റെ വീട്ടിലെത്തിയ മുഫീദ ഈ കാഴ്ചയെല്ലാം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇനിയുള്ള എല്ലാ ജീവിത മത്സരത്തിലും പ്രിയതമയും കൂട്ടുണ്ടാകും.
Post Your Comments