തൃശൂര്‍: ബിഎസ്എന്‍എല്ലില്‍ ശമ്പളപ്രതിസന്ധി രൂക്ഷമാകുന്നു. മൂന്ന് മാസമായി അരിഷ്ടിച്ച് നല്‍കിയിരുന്ന ശമ്പളമാണ് ഇതോടെ മുടങ്ങിയത്. ഇന്‍ഷുറന്‍സ് പ്രീമിയം, വായ്പാ അടവുകള്‍ തുടങ്ങിയവ പിടിക്കാതെയുള്ള ശമ്പളമാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ രാജ്യമെങ്ങും നല്‍കിക്കൊണ്ടിരിക്കുന്നത്. ഭവന വായ്പ അടക്കമുള്ളവയുടെ പ്രതിമാസ അടവില്‍ വീഴ്ച വന്നതിനെ തുടര്‍ന്ന് ജീവനക്കാരില്‍ ചിലര്‍ക്ക് ബാങ്കുകളില്‍ നിന്ന് നോട്ടീസ് വന്നു തുടങ്ങി. ശമ്പളത്തില്‍ നിന്നും പിടിച്ച ശേഷം ജീവനക്കാര്‍ നല്‍കിയിരുന്ന രീതിക്കാണ് മുടക്കം വന്നത്. അടവുകളുടെ ബാക്കി തുകയെങ്കിലും കിട്ടിക്കൊണ്ടിരുന്നത് നിലച്ചതോടെ കമ്പനി നേരിടുന്ന രൂക്ഷ പ്രതിസന്ധിയുടെ ചിത്രം പുറത്ത് വന്നത്.
ഇന്ന് വരെ ശമ്പളം മുടങ്ങിയിട്ടില്ലാത്ത കേരളം അടക്കമുള്ള സര്‍ക്കിളുകളിലും ജൂണിലെ ശമ്പളം കൊടുത്തിട്ടില്ല. എല്ലാ മാസത്തെയും അവസാനത്തെ പ്രവൃത്തി ദിനത്തിലായിരുന്നു ശമ്പളം ബാങ്ക് അക്കൗണ്ട് വഴി ലഭിച്ചിരുന്നത്. ബിഎസ്എന്‍എല്‍ നേരിടുന്ന രൂക്ഷ പ്രതിസന്ധി മറികടക്കാന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ മന്ത്രി സഭാ ഉപസമിതിയുടെ യോഗങ്ങള്‍ നടന്നതല്ലാതെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
പിടുത്തം കഴിഞ്ഞ് ബാക്കി ശമ്പളം കൊടുക്കുന്ന പ്രവണത കഴിഞ്ഞ ജനുവരി മുതലാണ് ബിഎസ്എന്‍എല്‍ തുടങ്ങിയത്. പ്രതിസന്ധിയിലായതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും വൈകാതെ പരിഹരിക്കുമെന്നും മാനേജ്‌മെന്റ് അന്ന് അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ കുടിശ്ശിക അടച്ച് മാനേജ്‌മെന്റ് ജീവനക്കാരുടെ അതൃപ്തിയെ മറികടന്നിരുന്നു.
Post Your Comments