Latest NewsIndia

രണ്ടാഴ്ച്ചക്കിടെ രണ്ടുപേർ; തങ്ങളെ നയിച്ച മുന്‍മുഖ്യമന്ത്രിമാരെ നഷ്ടപ്പെട്ടതിൽ തീരാദുഃഖത്തോടെ ഡൽഹി

ന്യൂഡൽഹി: രണ്ടാഴ്ച്ചയ്ക്കിടെ ഡൽഹിക്ക് നഷ്ടമായത് കരുത്തുറ്റ രണ്ടു വനിതാ മുഖ്യമന്ത്രിമാരെ. ഷീലാ ദീക്ഷിത്, സുഷമാ സ്വരാജ്. 15 വര്‍ഷത്തോളം ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് ജൂലൈ 21 നായിരുന്നു മരണപ്പെട്ടത്. ഷീലാ ദീക്ഷിതിന്‍റെ മരണം സൃഷ്ടിച്ച ആഘാതം മാറുന്നതിന് മുമ്പേ തങ്ങളെ നയിച്ച മറ്റൊരു വനിതാ മുഖ്യമന്ത്രിയെക്കൂടിയാണ് സുഷമാസ്വരാജിന്‍റെ വിയോഗത്തിലൂടെ ഡൽഹി ജനതക്ക് നഷ്ടമായത്.

ഷീലാ ദീക്ഷിതിന്‍റെ മരണം തികച്ചും അപ്രതീക്ഷമായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഷീലാ ദീക്ഷിത്. 98 മുതല്‍ 2013 വരെയുള്ള കാലത്താണ് മൂന്ന് ടേമുകളിലായി ഷീല ദീക്ഷിത് ദല്‍ഹി മുഖ്യമന്ത്രിയായിരുന്നത്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു. 2014 ല്‍ അഞ്ച് മാസത്തോളം കേരള ഗവര്‍ണ്ണറുമായിരുന്നു.

ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യമന്ത്രിമാരില്‍ ഒരാളെയാണ് സുഷമയുടെ വിയോഗത്തോടെ നഷ്ടമാകുന്നത്. 1998 ഒക്ടോബറിലാണ് ഡൽഹിയിലെ ആദ്യത്തെ വനിതാമുഖ്യമന്ത്രിയായി സുഷമാ സ്വരാജ് സ്ഥാനമേറ്റത്. വാജ്പേയി സര്‍ക്കാറില്‍ നിന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച്‌ മുഖ്യമന്ത്രി പദം ഏറ്റെടുത്ത അവര്‍ക്ക് രണ്ട് മാസങ്ങള്‍ക്കപ്പുറം ഡിസംബറില്‍ പദവി ഒഴിവേണ്ടി വന്നു.

നെഞ്ചുവേദനയെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെ ഡൽഹിയിലെ എയിംസ് ആശുപത്രിയില്‍ എത്തിയ സുഷമ സ്വരാജ് അര്‍ധരാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പ്രമുഖ നേതാക്കള്‍ സുഷമയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ന് മൂന്ന് മണിക്ക് ഡൽഹിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button