ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് ആക്രമണത്തിന് ഇരയായ നടി. നടി സുപ്രീംകോടതിയില്‍ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടു. പ്രതികളെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന് തടസമില്ല. എന്നാല്‍, പകര്‍പ്പ് കൈമാറരുതെന്നാണ് നടിയുടെ ആവശ്യം. തന്റെ സ്വകാര്യത മാനിക്കണമെന്ന് നടി കോടതിയില്‍ ആവശ്യപ്പെട്ടു.മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം നേരത്തെ പൂര്‍ത്തിയായതാണ്. ഇതില്‍ വിധി പറയുന്നതിന് മുമ്പ് കേസിലെ ഇരു കക്ഷികളും കേസിലെ വാദങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
കര്‍ശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം.ദൃശ്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും വാദങ്ങള്‍ എഴുതി നല്‍കിയിട്ടുണ്ട്.കേസിന്റെ തുടര്‍നടപടികള്‍ക്ക് അതിന്റെ പകര്‍പ്പ് വേണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം. ദൃശ്യങ്ങള്‍ ലഭിക്കാന്‍ ഏത് ഉപാധിയ്ക്കും തയാറാണെന്ന ദിലീപിന്റെ വാദത്തെ തള്ളിയ നടി ദൃശ്യങ്ങള്‍ പുറത്തുപോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കോടതിയെ രേഖാമൂലം അറിയിച്ചു.
ദൃശ്യങ്ങളില്‍ പ്രത്യേകതരം വാട്ടര്‍ മാര്‍ക്കിട്ട് എങ്കിലും നല്‍കണമെന്ന് ദിലീപ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിയെന്ന നിലയില്‍ നടന് ദൃശ്യങ്ങള്‍ കാണുന്നതിന് തടസമില്ല എന്നു നടി സുപ്രീംകോടതിയെ അറിയിച്ചു. അതുകൊണ്ടു തന്നെ വിചാരണക്കോടതിയുടെ അനുമതിയോടെ ഇത് കാണാവുന്നതേയുള്ളുവെന്നും നടി വ്യക്തമാക്കി.ദൃശ്യങ്ങള്‍ നല്‍കരുത് എന്ന മുന്‍ നിലപാട് സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിച്ചു. എല്ലാവരുടെയും വാദമുഖങ്ങളും രേഖാമൂലം കൈമാറിയ സാഹചര്യത്തില്‍ ദിലീപിന്റെ ആവശ്യത്തില്‍ ഉടന്‍ സുപ്രീംകോടതി ഒരു തീരുമാനം എടുത്തേക്കും.
Post Your Comments