KeralaLatest NewsNews

പൊതുബജറ്റിനെതിരെ കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം•കേന്ദ്ര ബജറ്റ്‌ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

സംസ്ഥാനം മുന്നോട്ടുവച്ച ഒരു ആവശ്യവും പരിഗണിച്ചിട്ടില്ല. കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതം മുന്‍ വര്‍ഷത്തെക്കാള്‍ അയ്യായിരം കോടി കുറച്ചത്‌ കടുത്ത അനീതിയാണ്‌. തൊഴിലുറപ്പ്‌ ഉള്‍പ്പെടെയുള്ള സാമൂഹ്യക്ഷേമ പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ചു. ജി.എസ്‌.ടി നഷ്ടപരിഹാര തുക, കടത്തിന്റെ പരിധി ഉയര്‍ത്തല്‍, കേരളത്തിന്‌ എയിംസ്‌ തുടങ്ങിയ ആവശ്യങ്ങളോടെല്ലാം കേന്ദ്രം മുഖം തിരിച്ചിരിക്കുകയാണ്‌. ദേശീയപാത വികസനം വേഗത്തിലാക്കുന്നതിനും, നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍ പദ്ധതി എന്നിവയ്‌ക്കും ഒരു പരിഗണനയും നല്‍കിയിട്ടില്ല.

എല്‍.ഐ.സിയിലെ സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കാനുള്ള നീക്കം ബി.എസ്‌.എന്‍.എല്ലിന്‌ പിന്നാലെ ഈ സ്ഥാപനത്തെയും തകര്‍ക്കാനാണ്‌. സഹകരണ സംഘങ്ങള്‍ക്ക്‌ മേല്‍ 22 ശതമാനം നികുതിയും സര്‍ച്ചാര്‍ജും ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം കേരളത്തിന്‌ വന്‍തിരിച്ചടിയാണ്‌. സഹകരണ മേഖലയെ തകര്‍ക്കാനാണ്‌ കേന്ദ്രം ലക്ഷ്യമിടുന്നതെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കും വന്‍ നികുതിയിളവുകള്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച്‌ പണം കണ്ടെത്താനാണ്‌ ശ്രമിയ്‌ക്കുന്നത്‌.

കേരളത്തോട്‌ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത അവഗണന കാണിച്ച കേന്ദ്ര ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button