കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പവിലിയന്‍ പാടേ ഇല്ലാതായെന്ന് കെസിഎ. 2013 നവംബറിലാണ് സ്റ്റേഡിയത്തില്‍ സച്ചിന്റെ ബഹുമാനാര്‍ഥം കെസിഎ പവിലിയന്‍ തുറന്നത്. ഇതാണ് പൊളിച്ചുമാറ്റി വിഐപി ഗാലറിയാക്കി മാറ്റിയത്. ഇതിനെതിരെ ശക്തമായി തന്നെ രംഗത്തെത്തിയിരിക്കുകയാണ് കെസിഎ.
അതേസമയം പവലിയന്‍ ബ്ലാസ്റ്റേഴ്‌സ് പൊളിച്ചുമാറ്റിയത് ശരിയായില്ലെന്നും സച്ചിന് ആദര സൂചകമായുള്ള പവലിയന്‍ നിലനില്‍ക്കേണ്ടതാണെന്നും സച്ചിന്‍ പവലിയന്‍ പുന:സ്ഥാപിക്കുമെന്നും ജിസിഡിഎ ചെയര്‍മാന്‍ വി. സലീം പറഞ്ഞു. സച്ചിന്‍ പവലിയന്‍ പൊളിച്ചുമാറ്റിയ വിഷയത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ പരാതിയുമായി കെസിഎ രംഗത്തെത്തിയതിനു പിന്നാലെയാണ് സലീമിന്റെ മറുപടി.
കഴിഞ്ഞ ഐഎസ്എല്‍ സീസണിന് മുന്നോടിയായി സച്ചിന്‍ പവലിയന്‍ ബ്ലാസ്റ്റേഴ്‌സ് പൊളിച്ചു മാറ്റി. അവിടെ വിഐപി മുറിയാക്കുകയായിരുന്നു. സച്ചിന്റെ ജഴ്‌സിയും ബാറ്റുമൊക്കെ മറ്റേതോ മുറിയിലേക്ക് മാറ്റിയെന്നാണ് സൂചന. ഇവ എവിടേക്കു മാറ്റി എന്നതിനെക്കുറിച്ചു ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ നിയമനടപടിക്കൊരുങ്ങുമെന്നു കെസിഎ മുന്നറിയിപ്പു നല്‍കി.
2013ല്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ടെസ്റ്റോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് സച്ചിന്‍ വിരമിച്ചതിന് പിന്നാലെയാണ് സച്ചിന് ആദരമെന്നവണ്ണം കൊച്ചി സ്റ്റേഡിയത്തില്‍ സച്ചിന്‍ പവലിയന്‍ നിര്‍മ്മിച്ചത്. എം.എസ്.ധോണിയായിരുന്നു ഉദ്ഘാടകന്‍. സച്ചിന്‍, മഹേന്ദ്രസിങ് ധോണി, ഓസ്‌ട്രേലിയന്‍ ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ഒപ്പിട്ട ബാറ്റുകള്‍, സച്ചിന്‍ അവസാന ടെസ്റ്റില്‍ അണിഞ്ഞ ജഴ്‌സി, ക്രിക്കറ്റിലെ അപൂര്‍വ ചിത്രങ്ങള്‍, മറ്റു കായികോപകരണങ്ങള്‍, സച്ചിന്റെ സെഞ്ചുറികളെ അനുസ്മരിച്ച് 100 പന്തുകളില്‍ അവ രേഖപ്പെടുത്തിയ സ്മരണിക തുടങ്ങിയവയാണു കാണാതായത്.
Post Your Comments