ഖത്തർ :‘കോർട്ടിക്കൽ ബ്രെയിൻ മാപ്പിങ് ടെക്നോളജി’ ഉപയോഗിച്ച് വിജയകരമായി മസ്തിഷ്ക ശസ്ത്രക്രിയ നടത്തി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ(എച്ച്എംസി) വിദഗ്ധ ഡോക്ടര്‍മാര്‍ . ബ്രെയിന്‍ ടൂമറുള്ള അന്‍പത്തിയഞ്ചുകാരിക്കായിരുന്നു ‘അവെയ്ക്ക് ക്രെയ്നിയോട്ടമി’ എന്നറിയപ്പെടുന്ന ശസ്ത്രക്രിയ നടത്തിയതെന്ന് എച്ച്എംസി ന്യൂറോസർജറി വിഭാഗം മേധാവി ഡോ. സിറാജുദ്ദീൻ ബെൽഖൈർ പറഞ്ഞു.
തല തുറന്ന് ഒരു ലഘുഇലക്ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെ മസ്തിഷ്കത്തിന്റെ ബാഹ്യഭാഗത്തു കൃത്രിമ സംവേദനം നല്‍കിയാണ് ശസ്ത്രക്രിയ നടത്തുന്നത്. മസ്തിഷ്ക മുഴ നീക്കം ചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗം നിശ്ചയിക്കാന്‍ ശസ്ത്രക്രിയാ വേളയില്‍ പൂര്‍ണബോധമുള്ള രോഗിയോട് ഡോക്ടര്‍മാര്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ പറയിക്കുകയും പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കുകയും ശരീരം ചലിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നതും ഈ ശസ്ത്രക്രിയയുടെ പ്രത്യേകതയാണെന്നു ഡോ. സിറാജുദ്ദീൻ വിശദീകരിച്ചു.
ശസ്ത്രക്രിയ തുടങ്ങുന്നതിന് മുമ്പ് നേരിയ മയക്കത്തിനുള്ള മരുന്ന് അനസ്തേഷ്യ വിഭാഗം രോഗിക്ക് നൽകും. തലയോട്ടി പിളർത്തി ശസ്ത്രക്രിയയ്ക്ക് വഴിയൊരുക്കാനാണിത്. ഇതിനു ശേഷമാണ് രോഗിയെ ഉണർത്തി മസ്തിഷ്ക ശസ്ത്രക്രിയ ആരംഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. രോഗിയുടെ ചലനങ്ങൾ ശരിയായ വിധമെന്ന് ഉറപ്പാക്കി തലച്ചോറിൽ ട്യൂമർ സ്ഥിതിചെയ്യുന്ന കൃത്യമായ ഭാഗം കണ്ടെത്തി മൂന്നുമണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ പൂർത്തിയാക്കി. പിറ്റേന്ന് രോഗിയെ എംആർഐ സ്കാനിങ്ങിനു വിധേയമാക്കിയതില്‍ നിന്ന് ശസ്ത്രക്രിയ പൂര്‍ണ വിജയമാണെന്നും ട്യൂമർ പൂർണമായും നീക്കാനായെന്നും ബോധ്യമായെന്നും ഡോ. സിറാജുദ്ദീന്‍ വ്യക്തമാക്കി.
Post Your Comments